2024, ഡിസംബർ 9, തിങ്കളാഴ്‌ച

കോളജ് വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്; അപേക്ഷ ഡിസംബർ 15 വരെ


ഹയർ സെക്കൻഡറി പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കോളജ്/സർവകലാശാല വിദ്യാർഥികൾക്ക് കേന്ദ്ര മാനവശേഷി മന്ത്രാലയം നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ലഭിക്കാനുള്ള അപേക്ഷകൾ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. മുൻവർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവർക്ക് ഇത് പുതുക്കാനുള്ള അവസരവുമുണ്ട്.

യോഗ്യത

  • 2024-ലെ ഹയർ സെക്കൻഡറി/വി.എച്ച്.എസ്.സി ബോർഡ് പരീക്ഷയിൽ 80% മാർക്ക് നേടിയ, ഒരു റെഗുലർ ബിരുദ പ്രോഗ്രാമിൽ ചേർന്നവർക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കാൻ അർഹത. 
  • പ്രായം 18നും 25 നും ഇടയിൽ ഉണ്ടായിരിക്കണം. 
  • കുടുംബത്തിന്റെ വാർഷിക വരുമാനം നാലര ലക്ഷത്തിലും താഴെ ആയിരിക്കണം. 
  • സ്കോളർഷിപ്പിന്റെ 50% പെൺകുട്ടികൾക്കായും, 15% SC വിഭാഗത്തിനും, 7.5% ST വിഭാഗത്തിനും, 27% ഒ.ബി.സി വിഭാഗത്തിനും സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. 
  • എല്ലാ വിഭാഗങ്ങളിലെയും 5% ഭിന്നശേഷിക്കാർക്കായും സംവരണം ഉണ്ട്.

Note: കറസ്പോണ്ടൻസ്/ഡിസ്റ്റൻസ് കോഴ്സുകൾ നടത്തുന്നവരും മറ്റേതെങ്കിലും സ്കോളർഷിപ്പ് ലഭിക്കുന്നവർക്കും ഈ സ്കോളർഷിപ്പിന് അർഹത ഇല്ല.


സ്കോളർഷിപ്പിന്റെ ആനുകൂല്യങ്ങൾ 

ബിരുദ തലത്തിൽ നിന്ന് ആരംഭിച്ച്, പരമാവധി 5 വർഷത്തേക്ക് ഈ സ്കോളർഷിപ്പ് ലഭിക്കും. പ്രൊഫഷണൽ കോഴ്സുകൾക്കും ഈ സ്കോളർഷിപ്പ് ലഭ്യമാണ്. രാജ്യത്താകെയുള്ള ഓരോ വർഷത്തിനും 82,000 വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് നൽകുന്നു. 

  • ബിരുദതലത്തിൽ, വർഷം തോറും 12,000 രൂപ.
  • ബിരുദാനന്തര ബിരുദ തലത്തിൽ 20,000 രൂപ. 

വർഷം തോറും സ്കോളർഷിപ്പ് പുതുക്കാൻ അപേക്ഷിക്കേണ്ടതാണ്. പുതുക്കലിന്, വാർഷിക പരീക്ഷയിൽ 50% മാർക്ക് നേടുകയും 75% ഹാജർ ഉണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കൽ

അപേക്ഷ scholarships.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഡിസംബർ 15-നകം സമർപ്പിക്കണം. സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകളുടെ പകർപ്പുകൾ എന്നിവ സ്ഥാപനത്തിന്റെ മേൽനോട്ടക്കാരന് മുമ്പാകെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്, വെബ്സൈറ്റ് സന്ദർശിക്കുക.

0 comments: