2024, ഫെബ്രുവരി 26, തിങ്കളാഴ്‌ച

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും ഇന്റര്‍നെറ്റും നോട്ടുബുക്കും ലഭ്യമാക്കുന്നതില്‍ കേരളം ഒന്നാമത്: തോമസ് ഐസക്ക്

 

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പും ഇന്റര്‍നെറ്റും നോട്ടുബുക്കും ലഭ്യമാക്കുന്നതില്‍ രാജ്യത്ത് കേരളം ഒന്നാമതാണെന്ന റിപ്പോര്‍ട്ട് പങ്കുവച്ച്‌ മുന്‍ മന്ത്രി തോമസ് ഐസക്ക്.കേരളത്തിലെ 89% വിദ്യാലയങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ ലാപ് ടോപ്പോ നോട്ട്ബുക്കോ ലഭ്യമാണ്. എന്നാല്‍ കൊട്ടിയാഘോഷിക്കപ്പെടുന്ന മോഡല്‍ സംസ്ഥാനങ്ങളൊക്കെ ഈ വിഷയത്തിലും കേരളത്തെക്കാള്‍ ഒരുപാട് പിന്നിലാണ്. മാതൃകയാക്കാന്‍ ചിലരൊക്കെ നിര്‍ദേശിക്കുന്ന യുപിയില്‍ ഇത് വെറും 8.5% മാത്രമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പും ഇന്റര്‍നെറ്റും നോട്ടുബുക്കും ലഭ്യമാക്കുന്നതില്‍ രാജ്യത്ത് കേരളം ആണത്രേ ഒന്നാമത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള യൂണിഫൈഡ് ഡിസ്ട്രിക്‌ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ 2021-2022 വര്‍ഷത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ ആണ് ഈ കണക്കുകള്‍ പുറത്ത് വന്നിട്ടുള്ളത്.’

‘കേരളത്തിലെ 89% വിദ്യാലയങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ ലാപ് ടോപ്പോ നോട്ട്ബുക്കോ ലഭ്യമാണ്. കൊട്ടിയാഘോഷിക്കപ്പെടുന്ന ‘മോഡല്‍’ സംസ്ഥാനങ്ങളൊക്കെ ഈ വിഷയത്തിലും കേരളത്തെക്കാള്‍ ഒരുപാട് പിന്നിലാണ്. മാതൃകയാക്കാന്‍ ചിലരൊക്കെ നിര്‍ദേശിക്കുന്ന യു പിയില്‍ ഇത് വെറും 8.5% മാത്രമാണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ മാത്രമല്ല, നല്ല ക്ലാസ് റൂമുകളും വെള്ളവും വെളിച്ചവും കളിസ്ഥലങ്ങളും ലാബുകളും ലൈബ്രറികളും വേഗതയുള്ള ഇന്റര്‍നെറ്റും ഒക്കെയുള്ളത് കേരളത്തിലെ സ്‌കൂളുകളിലാണ്. ‘നല്ലതെല്ലാം ഉണ്ണികള്‍ക്ക്’ എന്നാണ് നമ്മുടെ സമൂഹം ചിന്തിക്കുന്നത്. നമ്മുടെ സര്‍ക്കാരിന്റെ പ്രധാന നിക്ഷേപം വിദ്യാലയങ്ങളില്‍ ആണ്, അവിടെയാണ് നമ്മുടെ ജനത ഭാവിയെ നിര്‍മ്മിക്കുന്നത്. ചിലര്‍ ‘ഖേരള’മെന്നും മറ്റു ചിലര്‍ ‘ക്യൂബള’മെന്നും പരിഹസിക്കുമ്ബോള്‍ നമുക്ക് ഇത് പ്രിയപ്പെട്ട കേരളമാവുന്നത് ഇങ്ങനെയൊക്കെയാണ്.’


0 comments: