2024, ഫെബ്രുവരി 25, ഞായറാഴ്‌ച

എന്താണ് സിബിഎസ്‌ഇ ആരംഭിക്കുന്ന 'ഓപ്പണ്‍ ബുക്ക് പരീക്ഷ', ഇന്ത്യയില്‍ എത്രത്തോളം ഫലപ്രദമാകും; എന്ത് നേട്ടമുണ്ടാക്കും? അറിയാം കൂടുതല്‍

 

സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) അടുത്ത അധ്യയനവർഷം ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ (OBE) നടത്താൻ ഒരുങ്ങുകയാണ്.ബോർഡ് ഭരണസമിതി യോഗത്തില്‍ ഇക്കാര്യം ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകള്‍. നവംബർ - ഡിസംബർ മാസങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

എന്താണ് ഓപ്പണ്‍ ബുക്ക് പരീക്ഷ?

ഓപ്പണ്‍ ബുക്ക് പരീക്ഷയെന്നാല്‍ പുസ്തകം നോക്കി ഉത്തരം പകർത്തുകയല്ല. വിദ്യാർഥികള്‍ക്ക് പുസ്തകമോ മറ്റ് പഠന സാമഗ്രികളോ നോക്കി ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാം. പാഠപുസ്തകങ്ങള്‍, നോട്ടുകള്‍, മറ്റു പഠന സാമഗ്രിക എന്നിവ റഫർ ചെയ്യാനായി പരീക്ഷാ ഹാളില്‍ അനുവദിക്കും. ഇതിലെ വിവരങ്ങള്‍ വച്ചു വിശകലനം ചെയ്ത് ഉത്തരം സ്വയം കണ്ടെത്തേണ്ടിവരും. കാണാപാഠം പഠിക്കുന്നതിന് പകരം പഠിച്ച കാര്യങ്ങള്‍ എത്രത്തോളം മനസിലാക്കി എന്നതിനാണ് ഇതിലൂടെ പ്രാധാന്യം നല്‍കുന്നത്.

ഈ പദ്ധതിയിലൂടെ കുട്ടികളുടെ ചിന്തിക്കാനും വിശകലനം ചെയ്യാനും വിമർശനാത്മകമായി നോക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള കഴിവുകള്‍ വിലയിരുത്തും. വിദ്യാഭ്യാസ സമ്ബ്രദായവുമായി ബന്ധപ്പെട്ട് എല്ലാവരില്‍ നിന്നും അഭിപ്രായം സ്വീകരിക്കുക എന്നതാണ് ഇതിൻ്റെ മറ്റൊരു ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ചില സ്കൂളുകളില്‍, ഒമ്പത്, 10 ക്ലാസുകളിലെ ഇംഗ്ലീഷ്, ഗണിതം, സയൻസ് വിഷയങ്ങളുടെയും 11, 12 ക്ലാസിലെ ഇംഗ്ലീഷ്, ഗണിതം, ബയോളജി വിഷയങ്ങളുടെയും പരീക്ഷ ഓപ്പണ്‍ ബുക്ക് പരീക്ഷയ്ക്ക് കീഴില്‍ നടത്തുമെന്ന് സിബിഎസ്‌ഇ അധികൃതർ അറിയിച്ചു.

എന്ത് നേട്ടമുണ്ടാകും?

ലോകത്തെ പല രാജ്യങ്ങളിലും ഓപ്പണ്‍ ബുക്ക് പരീക്ഷകള്‍ നടത്തുന്നുണ്ട്. വിദ്യാർഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഓപ്പണ്‍ ബുക്ക് പരീക്ഷ സഹായിക്കുമെന്നാണ് എയിംസ് ഭുവനേശ്വർ നടത്തിയ ഗവേഷണത്തിൻ്റെ നിഗമനമെന്ന് 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. കേംബ്രിഡ്ജ് സർവകലാശാലയില്‍ 2020 ല്‍ നടത്തിയ ഗവേഷണമനുസരിച്ച്‌ ഇത് സമ്മർദം കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2021-ല്‍, ധനഞ്ജയ് ആശാരിയുടെയും വിഭു പി സാഹുവിൻ്റെയും ഗവേഷണത്തില്‍, ഡല്‍ഹി സർവകലാശാലയില്‍ നടന്ന ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ പങ്കെടുത്ത വിദ്യാർത്ഥികള്‍ പരമ്ബരാഗത പരീക്ഷയെ അപേക്ഷിച്ച്‌ മികച്ച പ്രകടനം കാഴ്ചവച്ചതായി റിപ്പോർട്ട് ചെയ്തു.

കുട്ടികളില്‍ വിഷയങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് പകരം ചിട്ടയായ പഠനത്തിനാണ് നിലവിലെ പരീക്ഷാ സമ്ബ്രദായം ഊന്നല്‍ നല്‍കുന്നതെന്ന് വിദഗ്ധർ പറയുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഓപ്പണ്‍ ബുക്ക് പരീക്ഷ അവർക്ക് സമ്മർദം കുറയ്ക്കുമെന്നാണ് അഭിപ്രായം. ഓപ്പണ്‍ ബുക്ക് പരീക്ഷകള്‍ പരീക്ഷകളിലെ കോപ്പിയടിയും മറ്റ് കെടുകാര്യസ്ഥതകളും കുറയ്ക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ കാര്യക്ഷമമായി നടത്തിയാല്‍ ഫലപ്രദമാകുമെന്നാണ് വിലയിരുത്തുന്നത്.

0 comments: