ന്യൂഡല്‍ഹി: ഓരോ അധ്യയന വര്‍ഷത്തിന് മുൻപ് പുതിയ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് എൻ.സി.ഇ.ആര്‍.ടിയോട് ആവശ്യപ്പെട്ടു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനും പുതിയ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിനും നിലവിലെ പാഠപുസ്തകങ്ങളില്‍ ആനുകാലികമായ മാറ്റങ്ങള്‍ വരുത്തുന്നതിനും നിർദേശം നല്‍കിയിട്ടുണ്ട്. ഈ തീരുമാനം ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഉണ്ടാകുന്ന പുതിയ മാറ്റങ്ങളെ പരിഗണിച്ചാണ് കേന്ദ്രം വ്യക്തമാക്കിയത് .
എല്ലാ അധ്യയനവര്‍ഷത്തിനും മുൻപും ടെക്സ്റ്റ് ബുക്ക് റിവ്യൂ നടപ്പാക്കി പാഠപുസ്തകങ്ങള്‍ പൂര്‍ണമായും കാലാനുസൃതമാക്കണമെന്നും ഒരിക്കല്‍ അച്ചടിച്ച പുസ്തകങ്ങള്‍ അടുത്തവര്‍ഷവും അതേപടി അച്ചടിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും എല്ലാ ക്ലാസുകള്‍ക്കും എല്ലാ പാഠപുസ്തകങ്ങളും തയ്യാറാക്കാന്‍ ആവശ്യമായതിനാല്‍ പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയിട്ടുള്ള പുസ്തകങ്ങള്‍ 2026-ല്‍ ലഭ്യമാകുമെന്ന് കേന്ദ്രം അറിയിച്ചു.
ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് കോവിഡ് സാഹചര്യത്തില്‍ വെട്ടിക്കുറച്ച് പാഠപുസ്തകങ്ങളില്‍ ചില പ്രധാന മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നിരുന്നാലും ഉള്ളടക്കം അവലോകനം ചെയ്യുന്നതില്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും വരും വർഷങ്ങളില്‍ കൂടുതല്‍ ഊർജിതമായി പാഠ്യ പദ്ധതികള്‍ നടപ്പിലാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
0 comments: