പട്ന: രാജ്യവ്യാപകമായി നീറ്റ് - യുജി, യുജിസി -നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധം തുടരവേ, പരീക്ഷയ്ക്ക് മുമ്പ് തന്നെ ചോദ്യക്കടലാസ് ചോർത്തിയെന്ന് ആരോപിക്കപ്പെട്ട നാലു ബിഹാർ വിദ്യാർഥികളുടെ സ്കോർകാർഡുകൾ ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടു. ഇതിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തുവിട്ട സ്കോർ കാർഡനുസരിച്ച് 720ൽ 185 മാർക്കാണ് അനുരാഗ് യാദവ് നേടിയിട്ടുള്ളത്. അതായത് 54.84 പെർസെന്റൈൽ മാത്രം. എന്നാൽ വ്യക്തിഗത വിഷയങ്ങളിലെ മാർക്ക് പരിശോധിക്കുമ്പോൾ ഫിസിക്സിൽ 85.8 പെർസെന്റലും ബയോളജിയിൽ 51 പെർസെന്റലും നേടിയ അനുരാഗിന് കെമിസ്ട്രിയിൽ 5 പെർസെന്റൈലുമാണ് മാർക്ക് കിട്ടിയിട്ടുള്ളത്.
ചോദ്യക്കടലാസ് പരീക്ഷയുടെ തലേദിവസം രാത്രി ലഭിച്ചതായി അറസ്റ്റിലായ അനുരാഗ് യാദവ് കുറ്റസമ്മതം നടത്തിയിരുന്നു. ചോദ്യപേപ്പർ തലേദിവസം കിട്ടിയിട്ടും കെമിസ്ട്രി പരീക്ഷയുടെ ഉത്തരങ്ങൾ മനഃപാഠമാക്കാൻ അനുരാഗിനു കഴിഞ്ഞില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ അനുരാഗിന്റെ ഓൾ ഇന്ത്യ റാങ്ക് 10,51,525 ആണ്. ഒബിസി വിഭാഗത്തിന്റെ സംവരണത്തിൽ 4,67,824 ആണ് റാങ്ക്.
ചോദ്യക്കടലാസ് ലഭിച്ചത് ബന്ധുവായ സിക്കന്ദർ യാദവേന്ദു വഴിയാണ് അനുരാഗ് യാദവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സിക്കന്ദറിൽനിന്ന് കസ്റ്റഡിയിൽ എടുത്ത അമിത് ആനന്ദ്, നിതീഷ് കുമാർ എന്നിവർ 30- 32 ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നാണ് വിവരം. ഇതിൽ സിക്കന്ദർ സഹായിച്ച മൂന്നുപേരും ഒബിസി വിഭാഗത്തിൽപ്പെടുന്നവരാണ്. ഇതിൽ നിന്ന് ഒരാൾക്ക് 720ൽ 300 മാർക്ക് നേടാനായിട്ടുണ്ട്. അതായത് 73.37 പെർസെന്റൈൽ. എന്നിരുന്നാലും ഇവരുടെ വ്യക്തിഗത വിഷയങ്ങളിലെ മാർക്ക് വളരെ കുറവാണ്. അതായത് ഒരാൾക്ക് ബയോളജിയിൽ 87.8 പെർസെന്റൈൽ നേടാനായപ്പോൾ ഫിസിക്സിന് 15.5 പെർസെന്റൈലും കെമിസ്ട്രിക്ക് 15.3 പെർസെന്റൈലും മാത്രമാണ് നേടാനായത്.