2021, ജനുവരി 5, ചൊവ്വാഴ്ച

ഉന്നതവിദ്യാഭ്യാസരംഗത്തെ തിയറി,പ്രാക്ടിക്കൽ ക്ലാസ്സുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കണം: മന്ത്രി കെ.ടി ജലീൽ


തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് അനിവാര്യമായി നൽകേണ്ട  തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പ്രാധാന്യം നൽകേണ്ടതെന്ന് മന്ത്രി കെ ടി ജലീൽ.കഴിഞ്ഞദിവസം സർക്കാർ,എയ്ഡഡ് സ്വാശ്രയ കോളേജിലെ പ്രിൻസിപ്പൽമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ഷിഫ്റ്റ് അടിസ്ഥാനത്തിലോ ഇടവിട്ട ദിവസങ്ങളിലോ കോളേജുകളിലെ സൗകര്യം കണക്കിലെടുത്ത് ക്ലാസുകൾ ക്രമീകരിക്കണം. ഒരുമിച്ച് ഒരേ സമയം കൂടുതൽ വിദ്യാർത്ഥികളെ ഇരുത്തുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വരുന്നത്.പരാതികളോ തടസ്സങ്ങളോ ഇല്ലാതെ കൂടുതൽ സമയം വിദ്യാർഥികൾക്കുവേണ്ടി അധ്യാപകർ ചിലവഴിക്കുന്നത് പൊതുസമൂഹം കാണുന്നുണ്ട്.എങ്കിലും ഇതിന് വിരുദ്ധമായ ചില നിലപാടുകൾ ചിലരുടെ പക്കൽ നിന്ന് വരുന്നത് അംഗീകരിക്കാൻ കഴിയുന്നില്ല.

 കോവിഡ് കാലം എല്ലാവരും പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ തന്നെ അദ്ധ്യാപകരുടെയും ജീവനക്കാരുടേയും ശമ്പളം ഒരു തടസ്സവുമില്ലാതെ നൽകിയിരുന്നു.റഗുലർ ക്ലാസ്സുകൾ ആരംഭിക്കുന്നതിനു മുന്നേ അധ്യാപകരുടെ പ്രവർത്തി സമയത്തെക്കുറിച്ച് വലിയ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.മുമ്പ് കോളേജിന്റെ പ്രവർത്തി സമയം 9.30-4.30 വരെ ആയിരുന്നു.അതായത് 7 മണിക്കൂർ വീതം 5 പ്രവർത്തി ദിനം ആയിരുന്നു. എന്നിരുന്നാലും 35 മണിക്കൂർ ലഭിച്ചിരുന്നു.എന്നാൽ ഇപ്പോൾ 6 പ്രവർത്തി ദിനം ആകുമ്പോൾ ആറ് മണിക്കൂർ വീതം36 മണിക്കൂർ മാത്രമേ ലഭിക്കുന്നുള്ളൂ. അധ്യാപകർ ഒരു ദിവസം ആറ് മണിക്കൂറിൽ കൂടുതൽ ക്ലാസ് എടുക്കാൻ നിർബന്ധിക്കുന്നില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

 കോളേജ് തുറന്നു പ്രവർത്തിക്കുന്ന അഭിപ്രായത്തെ പ്രിൻസിപ്പൽമാർ സന്തോഷത്തോടെ സ്വാഗതം ചെയ്തു.90% വിദ്യാർത്ഥികളും കോളേജിൽ എത്തിയതായി പ്രിൻസിപ്പൽമാർ അറിയിച്ചു.  തിങ്കളാഴ്ച രണ്ടുമണിക്ക് നടന്ന സർക്കാർ എയ്ഡഡ് കോളേജുകളുടെ പ്രിൻസിപ്പൽമാരുടെ വീഡിയോ കോൺഫറൻസിൽ 411 പേർ പങ്കെടുത്തു. അന്ന് വൈകീട്ട് നടന്ന സ്വാശ്രയ പ്രിൻസിപ്പൽമാരുടെ വീഡിയോ കോൺഫറൻസിൽ 508 പേരും ആണ് പങ്കെടുത്തത്.ഗസ്റ്റ് അധ്യാപകരുടെ നിയമനം നടത്താത്തത് മൂലമുള്ള ബുദ്ധിമുട്ടും, കൂടുതൽ വിദ്യാർത്ഥികളെ ഒരുമിച്ച് ഹോസ്റ്റലിൽ താമസിപ്പിക്കാൻ ആവാത്ത സാഹചര്യവും പ്രിൻസിപ്പൽമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ,സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി,  മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

0 comments: