2021, ജനുവരി 3, ഞായറാഴ്‌ച

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) 2020-21; Kerala Students Scholarship worth Rs.12,000/- ; How to Apply; Know more


കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS). NMMS സ്കോളർഷിപ്പ് പരീക്ഷ നടത്തിയാണ് അർഹരായ കുട്ടികളെ കണ്ടെത്തുന്നത്.

യോഗ്യത

  • കേരളത്തിലെ ഗവൺമെൻറ്/എയ്ഡഡ് സ്കൂളുകളിൽ 2020-21 അധ്യായന വർഷത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
  • കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ വിദ്യാലയം, സംസ്ഥാന സർക്കാർ നടത്തുന്ന റസിഡൻഷ്യൽ സ്കൂളുകൾ, മറ്റ് അംഗീകൃത സ്കൂളുകൾ, എന്നിവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല.
  • അപേക്ഷകർക്ക് 2019-20 അധ്യയന വർഷത്തിൽ ഏഴാം ക്ലാസിലെ രണ്ടാം പാദവാർഷിക പരീക്ഷയിൽ 55% ത്തിൽ കുറയാതെ മാർക്ക് നേടിയവരായിരിക്കണം. (SC/ST വിഭാഗത്തിന് 50% മാർക്ക് മതിയാകും)
  • കുടുംബ വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കവിയരുത്.

സ്കോളർഷിപ്പ് തുക

പ്രതിവർഷം 12,000/- രൂപ എന്ന കണക്കിൽ നാലു വർഷത്തേക്ക്.


ആവശ്യമുള്ള രേഖകൾ
  • വില്ലേജ് ഓഫീസിൽ നിന്ന് കൈപ്പറ്റിയ വരുമാന സർട്ടിഫിക്കറ്റ് (pdf ഫോർമാറ്റിൽ 100kb യ്ക്ക് താഴെ സൈസിൽ അപ്‌ലോഡ് ചെയ്യണം)
  • ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (SC/ST വിഭാഗത്തിന് മാത്)
  • ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ അപേക്ഷയോടൊപ്പം മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഭിന്നശേഷി 40% ത്തിൽ കുറയാതെ ഉള്ള കുട്ടികൾക്ക് മാത്രമേ Person with Disability വിഭാഗത്തിൽ അപേക്ഷിക്കാൻ കഴിയൂ. ഇത് തെളിയിക്കുന്നതിനായി മെഡിക്കൽ ബോർഡിൻറെ അംഗീകൃത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഇത്തരം അപേക്ഷകളിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷ പരിഗണിക്കപ്പെടില്ല.
  • കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ (ഫോട്ടോ 150×200 pixel, 20kb മുതൽ 30kb വലിപ്പത്തിൽ jpg ഫോർമാറ്റിലാണ് അപ്‌ലോഡ് ചെയ്യേണ്ടത്)

📚 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 06.01.2021

📚 പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ http://nmmse.kerala.go.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


നിർദ്ദേശങ്ങൾ

🔷️ സ്കൂൾ വഴിയോ സ്വന്തം ആയിട്ടോ അപേക്ഷകർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

🔷️ സമർപ്പിച്ചശേഷം അപേക്ഷയുടെ പ്രിൻറ് ഔട്ടും അനുബന്ധരേഖകളും സ്ക്കൂൾ പ്രധാന അധ്യാപകന്റെ പക്കൽ വെരിഫിക്കേഷനുവേണ്ടി എത്തിക്കേണ്ടതാണ്. ഇതിൻറെ ഹാർഡ് കോപ്പി ഒന്നും പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല.

🔷️NMMS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഫീസ് ഉണ്ടായിരിക്കുന്നതല്ല.

🔷️ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസുകളിൽ ആകും സ്കോളർഷിപ്പ് ലഭ്യമാകുക.

പരീക്ഷയുടെ ഘടന

രണ്ടു പാർട്ടുകൾ ആയാണ് പരീക്ഷ നടത്തുന്നത്. 90 മിനിറ്റ് വീതമാണ് ഓരോ പരീക്ഷയുടെയും സമയം. ഭിന്നശേഷിക്കാർക്ക് അധികസമയം നൽകുന്നതാണ്.

Part I   - Mental Ability Test (MAT)

Part II  -Scholastic Aptitude Test (SAT)

ഓരോ ചോദ്യത്തിനും ഓരോ മാർക്കു വീതമാണ് ലഭിക്കുക.
തമിഴ്, ഇംഗ്ലീഷ്, മലയാളം, കന്നട എന്നിങ്ങനെ നാല് ഭാഷകളിലായി ചോദ്യപേപ്പർ ലഭ്യമാണ്. ഏത് ഭാഷയിൽ ചോദ്യപേപ്പർ വേണം എന്നുള്ളത് ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്.

സിലബസ്

MAT :-

പരീക്ഷാർത്ഥികളുടെ മാനസിക ശേഷി പരിശോധിക്കുന്ന തരത്തിലുള്ള 90 ബഹു ഉത്തര ചോദ്യങ്ങളാണ് (Multiple Choice Questions) ഈ പേപ്പറിൽ.

ഈ പാർട്ടിലെ ചോദ്യങ്ങളുടെ സ്വഭാവം:-

✔ സാദൃശ്യം കണ്ടെത്തൽ
✔ വർഗീകരിക്കൽ
✔ പാറ്റേണുകൾ തിരിച്ചറിയൽ
✔ സംഖ്യാ ശ്രേണികൾ
✔ മറഞ്ഞിരിക്കുന്ന രൂപങ്ങൾ കണ്ടെത്തൽ


SAT :-

7,8 ക്ലാസ്സുകളിലെ ഭാഷാ വിഷയങ്ങൾ ഒഴികെയുള്ള വിഷയങ്ങളിൽ നിന്നും 90 ബഹു ഉത്തര ചോദ്യങ്ങൾ (Multiple Choice Questions) അടങ്ങിയതാണ് ഈ പേപ്പർ.

ഈ പാർട്ടിലെ ചോദ്യഘടന:-

✔ സോഷ്യൽ സയൻസ്   -35 മാർക്ക്
✔ അടിസ്ഥാന ശാസ്ത്രം -35 മാർക്ക്
✔ അടിസ്ഥാന ഗണിതം   -20 മാർക്ക്

ഈ പാർട്ടിലെ ചോദ്യങ്ങളിൽ, താഴ്ന്ന ക്ലാസുകളിൽ വച്ച് പഠിച്ചിട്ടുള്ള മേൽപ്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന തലത്തിലുള്ള ചിന്താ പ്രക്രിയ ഉൾക്കൊള്ളുന്ന (HOT -High Order Thinking Questions) ചോദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

പരീക്ഷാ തീയതി, സമയദൈർഘ്യം

🔹️ പരീക്ഷാ തീയതി - 2021 ജനുവരി 31

🔹️ സമയദൈർഘ്യം

Part I -Mental Ability Test (MAT)
= 10 am to 11.30 am
(ഭിന്നശേഷിക്കാരായ കുട്ടികൾക്ക് -10 am to 12 noon)

Part II -Scholastic Aptitude Test (SAT)
= 1.30 pm to 3.00 pm
(ഭിന്നശേഷിക്കാരായ കുട്ടികൾക്ക് -1.30 pm to 3.30 pm)

സ്കോളർഷിപ്പുകളുടെ എണ്ണം

കേരളത്തിൽ നിന്നും ഓരോ വർഷവും 3,473 വിദ്യാർഥികളെയാണ് സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കുന്നത്.

വ്യവസ്ഥകൾ

✅ സ്കോളർഷിപ്പിന് അർഹത നേടുന്നതിനായി MAT, SAT എന്നീ രണ്ട് പരീക്ഷകളിലുമായി 40% മാർക്ക് നേടേണ്ടതാണ്. SC/ST വിഭാഗത്തിന് ഇത് 32% മതിയാകും.

✅ യോഗ്യതാ പരീക്ഷ വിജയിച്ചവർക്ക് ഒമ്പതാം ക്ലാസ് മുതലാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. തുടർന്ന് പത്താം ക്ലാസിൽ സ്കോളർഷിപ്പ് ലഭിക്കണമെങ്കിൽ ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷയിൽ 55% മാർക്കും പതിനൊന്നാം ക്ലാസിൽ സ്കോളർഷിപ്പ് ലഭിക്കുന്നതിനായി പത്താംക്ലാസിലെ പൊതുപരീക്ഷയിൽ 60% മാർക്കും പന്ത്രണ്ടാം ക്ലാസിൽ സ്കോളർഷിപ്പ് ലഭിക്കുന്നതിനായി പതിനൊന്നാം ക്ലാസിലെ വാർഷിക പരീക്ഷയിൽ 55% മാർക്കും കരസ്ഥമാക്കിയിരിക്കണം.

(SC/ST വിഭാഗത്തിന് 5% മാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്)

✅ യോഗ്യതാ പരീക്ഷയിൽ നിശ്ചിത മാർക്കോട് കൂടി വിജയിച്ച് സ്കോളർഷിപ്പിന് അർഹരാകുന്ന കുട്ടികൾ തൊട്ടടുത്തവർഷം (അതായത് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ), നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി ഫ്രഷ് അപേക്ഷയും തുടർന്നുള്ള വർഷങ്ങളിൽ റിന്യൂവൽ അപേക്ഷയും സമർപ്പിക്കേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തിയാൽ സ്കോളർഷിപ്പ് നഷ്ടമായി പോകുന്നതാണ്.

സംവരണം

✔ പട്ടികജാതി വിഭാഗം - 15%
✔ പട്ടികവർഗ്ഗ വിഭാഗം - 7.5%
✔ 40% ഭിന്നശേഷിക്കാരായ കുട്ടികൾ - 4%

സ്കൂൾ മേധാവിക്കുള്ള നിർദ്ദേശങ്ങൾ

🔷️ എട്ടാം തരം ക്ലാസ് നിലവിലുള്ള എല്ലാ സർക്കാർ/എയ്ഡഡ് സ്കൂൾ മേധാവികളും http://nmmse.kerala.gov.in/school എന്ന സൈറ്റിലെ School Registration എന്ന ലിങ്കിലൂടെ School Registration ചെയ്യേണ്ടതാണ്.

🔷️ സ്കൂൾ കോഡ്, സ്കൂൾ മേധാവിയുടെ പേര്, PEN, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകിക്കൊണ്ടാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്.

🔷️ രജിസ്ട്രേഷൻ പൂർത്തീകരിക്കുമ്പോൾ Username, Password എന്നിവ മെസ്സേജ് ആയി രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ലഭിക്കും. ഇവ ഉപയോഗിച്ച് School Login ചെയ്യണം. ആദ്യ തവണ ലോഗിൻ ചെയ്യുമ്പോൾ പുതിയ പാസ്സ്‌വേർഡ് സെറ്റ് ചെയ്യേണ്ടതായി വരുന്നതാണ്.

🔷️ തുടർന്ന് വീണ്ടും ലോഗിൻ ചെയ്യുമ്പോൾ ലോഗിൻ ഹോംപേജിൽ List of Applicants എന്ന മെനു ദൃശ്യമാകും. ഈ മെനുവിൽ ക്ലിക്ക് ചെയ്യുമ്പോൾ പ്രസ്തുത സ്കൂളിൽ നിന്നും അപേക്ഷിച്ച വിദ്യാർഥികളുടെ വിവരങ്ങൾ കാണാൻ സാധിക്കും.

🔷️ ഓരോ അപേക്ഷാർഥിയുടെയും പേരിന് നേർക്ക് കാണുന്ന Verify ബട്ടൺ ക്ലിക്ക് ചെയ്താൽ അവരുടെ അപേക്ഷയുടെ മുഴുവൻ വിവരങ്ങളും കാണാം.

🔷️ സ്കൂളിൽ സമർപ്പിച്ച അപേക്ഷയുടെ പ്രിൻറ് ഔട്ടും അനുബന്ധ രേഖകളും പരിശോധിച്ച് തെറ്റുണ്ടെങ്കിൽ തിരുത്തി, വിവരങ്ങൾ കൃത്യമായി പരിശോധിച്ചശേഷം Confirm ബട്ടൺ ക്ലിക്ക് ചെയ്ത് പ്രസ്തുത അപേക്ഷയുടെ വേരിഫിക്കേഷൻ പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്.

🔴 സ്കൂൾ ലോഗിൻ രജിസ്ട്രേഷൻ 04/01/2021 മുതൽ ലഭ്യമാകുന്നതാണ്.

🔴 സ്ഥാപനമേധാവി ലഭിക്കുന്ന അപേക്ഷകൾ  ഓൺലൈൻ വെരിഫിക്കേഷൻ നടത്തി അപ്രൂവൽ നൽകേണ്ട അവസാന തീയതി - 11/01/2021


പാസ്സ്‌വേർഡ് മറന്നുപോയാൽ

അപേക്ഷകർക്കോ സ്കൂൾ മേധാവിക്കോ അവരുടെ login പാസ്സ്‌വേർഡ് മറന്നു പോകുന്ന സാഹചര്യമുണ്ടായാൽ Forgot Password ലിങ്കിലൂടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന OTP അടിച്ചു കൊടുത്ത് പുതിയ പാസ്‌വേഡ് സെറ്റ് ചെയ്യാവുന്നതാണ്.

സംശയങ്ങൾക്കും പരാതികൾക്കും ബന്ധപ്പെടാം :-

📂 E-mail - nmmss.help.desk@gmail.com

☎️ Phone : 0471-2546832



0 comments: