2021, മേയ് 29, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


സിബിഎസ്ഇ പരീക്ഷ റദ്ദാക്കണമെന്ന ഹർജി 31ലേക്കു മാറ്റി...

സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ സംബന്ധിച്ച അനിശ്ചിതത്വത്തിനു ജൂൺ ഒന്നോടെ കേന്ദ്ര സർക്കാർ പരിഹാരം കാണുമെന്നും ശുഭപ്രതീക്ഷയോടെ കാത്തിരിക്കാനും സുപ്രീം കോടതി നിർദേശിച്ചു. കോവിഡ് സാഹചര്യം പരിഗണിച്ചു സിബിഎസ്ഇ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാർക്കാണു കോടതിയുടെ മറുപടി. ഹർജി 31നു പരിഗണിക്കാൻ മാറ്റി.

യൂണിഫോം, പാഠപുസ്തക വിതരണ ഉദ്ഘാടനം ഇന്ന് നടന്നു 

പുതിയ അധ്യയന വർഷത്തിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോമിന്റെയും പാഠപുസ്തകങ്ങളുടെയും വിതരണ ഉദ്ഘാടനം നടത്തി പുസ്തക വിതരണം മന്ത്രി വി.ശിവൻകുട്ടിയും കൈത്തറി യൂണിഫോം വിതരണം മന്ത്രി പി.രാജീവും നടത്തി .

 സമയബന്ധിതമായി വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

 കോവിഡ്​ വെല്ലുവിളികള്‍ക്കിടയിലും സമയബന്ധിതമായി വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.2021-22 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെയും ഒന്നാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി..

കോളേജുകളിൽ 5 മണിക്കൂർ ഓൺലൈൻ ക്ലാസ് 

കോളേജുകളിൽ രാവിലെ 8.30 മുതൽ 3.30 വരെയുള്ള സമയത്ത് എപ്പോഴെങ്കിലും 5 മണിക്കൂർ ഓൺലൈൻ ക്ലാസ്‌ എടുക്കണം.അനുബന്ധ പഠന പ്രവർത്തനങ്ങളും നടത്തണം. രാവിലെ 8.30 ന്‌ ആരംഭിക്കുന്ന ക്ലാസുകൾ 1.30 വരെയും 9ന്‌ ആരംഭിക്കുന്ന ക്ലാസ് 3 വരെയും 9.30 നു തുടങ്ങുന്നത് 3.30 വരെയുമായിരിക്കും.ദിവസവും ചുരുങ്ങിയത്‌ 2 മണിക്കൂർ ഓൺലൈൻ ക്ലാസ് എടുക്കണം. ബാക്കി സമയം വിദ്യാർഥികൾ അനുബന്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം 

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഏകലവ്യ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റികളുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്‌കൂളുകളില്‍ 2021-22 അദ്ധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണില്‍ കംപ്യുട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തളിപ്പറമ്പ്  നോളഡ്ജ് സെന്ററില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കംപ്യുട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. ആറ് മാസത്തെ കോഴ്‌സിന് പ്ലസ്ടു ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍  തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 0460 2205474, 09847915099

കോവിഡിനിടയിലും ഒന്നാം ക്ലാസുകാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ വീട്ടിലും എത്തണം; കടുംപിടിത്തവുമായി സര്‍ക്കാര്‍

ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന എല്ലാ കുട്ടികളുടെ വീടുകളിലും മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കാന്‍ നിര്‍ദേശം. എ.ഇ.ഒ. ഓഫീസിലെത്തി മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം അധ്യാപകര്‍ നേരിട്ട് കൈപ്പറ്റണം.

ഇന്ന് അതത് സ്‌കൂളുകളുടെ ചുമതലയുള്ള അധ്യാപകര്‍ എ.ഇ.ഒ. ഓഫീസില്‍ നേരിട്ടെത്തി അച്ചടിച്ച സന്ദേശം വാങ്ങുകയും നാളെ മുതല്‍ എല്ലാ കുട്ടികളുടെയും വീട്ടില്‍ എത്തിക്കാനുമാണ് നിര്‍ദേശം.

ഉച്ചഭക്ഷണ പദ്ധതി; 11.8 കോടി വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് പണം വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍

സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന പണം വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് എത്തും. ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളുടേയും അക്കൗണ്ടിലേക്ക് പണം വിതരണം ചെയ്യും. പ്രത്യേക ക്ഷേമ നടപടിയായിട്ടാണ് ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി പണം നേരിട്ട് വിതരണം ചെയ്യാനൊരുങ്ങുന്നത്.0 comments: