2021, മേയ് 20, വ്യാഴാഴ്‌ച

ബ്ലാക്ക് ഫംഗസ് എന്നാൽ എന്ത് ? അപകടകാരിയോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!!


കോവിഡ് മഹാമാരിക്കൊപ്പം രാജ്യത്ത് വളരെ അധികം ആശങ്ക വർധിപ്പിക്കുന്ന രോഗമാണ് ബ്ലാക്ക് ഫംഗസ്. ബ്ലാക്ക് ഫങ്കസ് വഴി കോവിഡ് രോഗികളിൽ രോഗം മൂർച്ഛിക്കാൻ ഇത് കാരണമായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നമ്മുടെ കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസ് എങ്ങനെ കണ്ടെത്താം എന്നും രോഗം സ്ഥിരീകരിച്ചാൽ എന്താണ് ചെയ്യേണ്ടതെന്നും സംബന്ധിച്ച പുതിയ മാർഗരേഖ പുറത്തിറക്കിയിരിക്കുകയാണ് ഡൽഹി എയിംസ്.

 ബ്ലാക്ക് ഫംഗസ് എന്നാൽ എന്ത് ?

 മ്യൂക്കർ മൈസീറ്റ്സ് ( mucor mycetes ) എന്ന ഫംഗസ് ( fungus ) മൂലമുണ്ടാകുന്ന മ്യൂക്കർ മൈക്കോസിസ് ( mucor mycosis ) എന്ന രോഗമാണിത്. ഇതിനെ ഒരുതരം പൂപ്പൽ ബാധ ആണെന്നും പറയാം. മൂക്കിനു ചുറ്റും കറുത്തനിറം കാണപ്പെടുന്നത് കൊണ്ടാണ് ഇതിനെ ബ്ലാക്ക് ഫങ്കസ് എന്ന് പറയപ്പെടുന്നത്.

 ഫംഗസ് ബാധ എവിടെ എല്ലാം കാണപ്പെടും?

മൂക്ക്, മൂക്കിനു ചുറ്റുമുള്ള എല്ലിന് ഉള്ളിലെ സൈനസുകൾ, കണ്ണ്, പല്ല്, കവിള്, ശ്വാസകോശം എന്നീ ഭാഗങ്ങളിലാണ് ഫംഗസ് ബാധ കാണപ്പെടുന്നത്.

 രോഗലക്ഷണങ്ങൾ :

 മൂക്കിന് ചുറ്റുമുള്ള അസാധാരണമായ കറുത്തനിറം. മൂക്കിൽ നിന്നും അസാധാരണമായ രക്തസ്രാവം എന്നിവ ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. മൂക്കടപ്പ്, തലവേദന, കണ്ണ് വേദന, കണ്ണിനു ചുറ്റും വീക്കം, ഇരട്ട കാഴ്ച, കണ്ണിലെ ചുവപ്പ്, കാഴ്‌ച്ച നഷ്ടം, കണ്ണടക്കാൻ ബുദ്ധിമുട്ട്, കണ്ണു തുറക്കാൻ കഴിയാതിരിക്കുക, മുഖത്തെ മരവിപ്പ്, ഇക്കിളി സംവേദനം, ചവക്കാൻ കഴിയാതിരിക്കുക  എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. രോഗബാധ ഉള്ളവർക്ക് തൊടുമ്പോൾ തന്നെ വേദന എടുക്കാനുള്ള സാധ്യത ഉണ്ട്. വായ, അണ്ണാക്ക്,പല്ലുകൾ,മൂക്ക് എന്നിവക്കുള്ളിലെ വീക്കം. എന്നിങ്ങനെ ഉള്ള ലക്ഷണങ്ങളിലൂടെ ബ്ലാക്ക് ഫംഗസിനെ തിരിച്ചറിയാം.

 രോഗബാധ കണ്ടാൽ :

 നിങ്ങളിൽ എന്തെങ്കിലും അസാധാരണമായി കണ്ടെത്തലുകൾ ഉണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള ഇ.എൻ.ടി ഡോക്ടറെ കാണിക്കുക. കൃത്യമായ ചികിത്സ തുടരുക. പ്രമേഹരോഗികളിൽ ശരീരത്തിലെ പഞ്ചസാരയുടെ കർശന നിയന്ത്രണവും നിരീക്ഷണവും വേണം. പതിവ് മരുന്നുകൾ തുടരാം. സ്വയം ചികിത്സ അരുത്.

 കൂടുതൽ ശ്രദ്ധിക്കേണ്ട ആളുകൾ :

 നിയന്ത്രണാതീതമായ പ്രമേഹ രോഗമുള്ളവർ, സ്റ്റിറോയ്ഡ് ഉപയോഗം മൂലമോ മറ്റു രോഗങ്ങൾ മൂലമോ ശരീരത്തിന് പ്രതിരോധശക്തി കുറഞ്ഞവർ എന്നിവരിൽ ആണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. 



0 comments: