2021, ജൂൺ 2, ബുധനാഴ്‌ച

ഡിജിറ്റൽ പഠനം; വിദ്യാർഥികളും രക്ഷിതാക്കളും അറിയേണ്ടതെല്ലാം

  


ഇന്നലെ പുതിയ ഒരു അധ്യയന വർഷം കൂടി ആരംഭിച്ചു.പുത്തനുടുപ്പും പുസ്തകങ്ങളുമായി സ്കൂളുകളിലേക്ക് പോകേണ്ട കുരുന്നുകൾ മഹാമാരി മൂലം വീടുകളിൽ തന്നെ പഠനം ആരംഭിച്ചിരിക്കുകയാണ്. ഡിജിറ്റൽ ക്ലാസ്സുകൾ ആണ് ഈ വർഷം ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ ലോകത്തിലേക്ക് കുഞ്ഞുങ്ങൾ ചേക്കേറുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതും കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ച് പറയുകയാണ് സൈക്കോളജിസ്റ്റ് വാണി ദേവി.

വാണി ദേവിയുടെ കുറിപ്പിലേക്ക്...

വീണ്ടുമൊരു സ്കൂൾ കാലം കൂടി... ഒരു പുതിയ അധ്യയനവർഷം ഇന്ന് ആരംഭിച്ചു. രണ്ടുവർഷം മുമ്പുവരെ പുതിയ ഉടുപ്പും പുതുമണം മാറാത്ത പുസ്തകങ്ങളുമായി പുത്തൻ കൂട്ടുകാരെ കാണാൻ സന്തോഷത്തോടെ തുള്ളിച്ചാടി പോയിരുന്ന കുട്ടികൾ... ആദ്യമായി സ്കൂളിൽ പോകുന്നതിന്റെ കൗതുകവും അമ്മയുടെ കരവലയത്തിന്റെ സുരക്ഷയിൽ നിന്നും  ആദ്യമായി അകന്നുനിൽക്കുന്നതിന്റെ ആശങ്കകളും... കണ്ണിലൂടെ അണപൊട്ടിയൊഴുകുന്ന കണ്ണുനീരുമായി എത്തുന്ന കുരുന്നുകൾ... അവരെ സന്തോഷിപ്പിക്കാനും സാന്ത്വനിപ്പിക്കാനും ആയി നടത്തുന്ന പ്രവേശന ഉത്സവങ്ങൾ... ആരവങ്ങളും ചിണുങ്ങലുകളും... സ്കൂളിൽ തൻറെ കുഞ്ഞ് ആദ്യദിവസം എങ്ങനെ എന്നത് കാണാൻ ആകാംക്ഷയോടെ കാത്തുനിൽക്കുന്ന രക്ഷിതാക്കളും നിറഞ്ഞ സ്കൂൾ അങ്കണങ്ങൾ....

എന്നാൽ ഈ പതിവ് കാഴ്ചകളൊക്കെ തെറ്റിച്ചാണ്  ഇന്ന് ഒരു കൂട്ടം കുരുന്നുകളെ കൂടി ഡിജിറ്റൽ  ലോകത്തേക്ക് കൈപിടിച്ച് നടത്തിയിരിക്കുന്നത്. ഡിജിറ്റൽ അദ്ധ്യയനം നടക്കുമ്പോഴും കുഞ്ഞുങ്ങൾ അക്ഷരലോകത്തേക്ക് കടക്കുമ്പോഴും അവർക്ക് നഷ്ടപ്പെടുന്നത് സാമൂഹ്യ ഇടപെടലുകളുടെ ആദ്യപാഠം ആണ്. ഈ ഡിജിറ്റൽ ലോകത്തേക്ക് കുഞ്ഞുങ്ങളെ കൂട്ടിക്കൊണ്ടു പോകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതും കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതുമായ കാര്യങ്ങൾ ഏറെയാണ്.

ഏറ്റവും പ്രധാനം സ്ക്രീൻ ഉപയോഗമെന്തിന് എങ്ങനെ എന്നാണ്. ഉത്തരവാദിത്വത്തോടെ സ്ക്രീൻ ഉപയോഗിക്കുക. എന്ത് ആവശ്യത്തിനാണോ നിങ്ങൾ കുട്ടികൾക്ക് സ്ക്രീൻ അനുവദിച്ചത് അതായത് പഠനത്തിന് ആണെങ്കിൽ അതിനു മാത്രമായി ഉപയോഗിക്കുക. അതു പതിയെ പാട്ട് കേൾക്കാനും വീഡിയോ കാണാനും ഗെയിം കളിക്കുന്നതിനും ഒക്കെ ആയി മാറാതിരിക്കാൻ ആദ്യദിവസം മുതൽ തന്നെ പഠനം കഴിഞ്ഞാൽ സ്ക്രീൻ ഓഫ് ആക്കി മാറ്റി വെക്കണം.എന്നൊരു ശീലം കൊണ്ട് വരേണ്ടതുണ്ട്.

കഴിയുമെങ്കിൽ മൊബൈലിനെ കാളും ടാബി നേക്കാളും പഠനത്തിന് ലാപ്ടോപ് ആണ് നല്ലത്. എന്നാൽ എല്ലാവർക്കും സാമ്പത്തികമായി ലാപ്ടോപ് വാങ്ങാൻ സാധിക്കണമെന്നില്ല. അങ്ങനെയെങ്കിൽ മൊബൈൽ, ടാബ് എന്നിവ ഉപയോഗിക്കുമ്പോൾ കൃത്യമായി മൊബൈൽ സ്റ്റാൻഡിൽ കണ്ണിന് നേരെ വച്ച് തന്നെ ഉപയോഗിക്കാൻ ശീലിക്കേണ്ടതാണ്.

മേശയും കസേരയും പഠനത്തിനായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. കിടന്നോ കട്ടിലിലിരുന്നോ ക്ലാസ്സ് കേൾക്കാൻ അനുവദിക്കരുത്.

ഏറ്റവും കുറഞ്ഞ സ്ക്രീൻ ബ്രൈറ്റ്നെസ്സ് ഉപയോഗിക്കുന്നതും ശീലിക്കേണ്ടതാണ്. സ്പീക്കർ ഇതിനുപകരം ഹെഡ്സെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇയർ പ്ലഗുകൾ ഒഴിവാക്കുക. ചെവിയുടെ പുറമേ കവർ ചെയ്തിരിക്കുന്ന ഹെഡ്സെറ്റ് മാത്രം ഉപയോഗിക്കുക. കുട്ടികൾക്ക് ഉപയോഗിക്കുന്നതിന് ക്രമീകരിച്ചിരിക്കുന്നവ ഉപയോഗിക്കാൻ പറ്റിയാൽ അതാണ് ഉത്തമം.

കുട്ടികൾ ക്ലാസ് അറ്റൻഡ് ചെയ്യുന്ന സമയം മുതിർന്നവർ പരമാവധി കൂടെ ഇരിക്കാൻ ശ്രമിക്കുക. നോട്ട് ബുക്കിൽ എഴുതാൻ കൊടുക്കുന്നവ കഴിയുമെങ്കിൽ വീട്ടിൽ ഒരു ബോർഡ് വെച്ച് അതിലോ അല്ലെങ്കിൽ വേറൊരു പുസ്തകത്തിൽ എഴുതി നൽകുകയോ ചെയ്യുക. സ്ക്രീൻ നോക്കി എഴുതുന്നതിലും ആരോഗ്യകരം ആയിരിക്കും ഇത്.

മുറിയിലെ പ്രകാശം മറ്റു ശബ്ദങ്ങൾ എന്നിവ ക്രമീകരിക്കുക. ക്ലാസ്സിൽ കയറുന്നതിനു മുമ്പ് ഭക്ഷണം കഴിച്ചിരിക്കണം. വീട്ടിൽ ആണല്ലോ എന്ന് കരുതി ക്ലാസിനു തൊട്ടുമുമ്പ് ഉണർന്ന് നേരെ ക്ലാസ്സിൽ കയറാം എന്ന തോന്നൽ ഉണ്ടാകാതെ പ്രഭാതകർമ്മങ്ങൾ  ഒക്കെ ചിട്ടയായി തന്നെ ചെയ്ത് മാനസികമായി ക്ലാസ്സിൽ കയറാനുള്ള തയ്യാറെടുപ്പ് നടത്തേണ്ടതാണ് .  

കുട്ടികളുടെ കൂടെ ഇരുന്ന് ക്ലാസ് കേൾക്കുന്ന രക്ഷിതാക്കൾക്ക് പഠിപ്പിക്കുന്ന രീതിയിൽ പല തെറ്റുകുറ്റങ്ങളും ഒരു പക്ഷേ കണ്ടെത്താൻ പറ്റിയെന്ന് വരും. എന്നാലും ഒരു കാരണവശാലും അധ്യാപകരുടെ കുറ്റം കുട്ടികളുടെ മുന്നിൽ വെച്ച് ചർച്ചചെയ്യുകയോ കുട്ടികളോട് പറയുകയോ ചെയ്യരുത്. ക്ലാസ്സിലെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുകയും അരുത്. മറ്റു കുട്ടികളുമായി ചങ്ങാത്തം കൂടാൻ ഉള്ള അവസരം അധ്യാപകർ മുൻകൈയെടുത്ത്‌ നൽകേണ്ടതും അത്യാവശ്യമാണ്. അതിനുള്ള സാഹചര്യം ഇല്ലെങ്കിൽ രക്ഷിതാക്കൾ തന്നെ മുൻകൈ എടുത്തു  ക്ലാസിലെ മറ്റു കുട്ടികളുടെ രക്ഷിതാക്കളുമായി ബന്ധം വെക്കുകയും കുട്ടികളുമായി ചങ്ങാത്തം കൂടുന്നതിനുള്ള അവസരം ഒരുക്കേണ്ടതുമാണ്. പഠനത്തോടൊപ്പം കളികളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാനും കുഞ്ഞുങ്ങളെ ശീലിപ്പിക്കണം.

 പഠനത്തിന് ഉപയോഗിക്കുന്ന മൊബൈൽ അല്ലെങ്കിൽ ടാബിൽ പരെന്റ്  കൺട്രോൾ ആപ്പ് ഉപയോഗിക്കണം. കുട്ടിയുടെ പ്രായമനുസരിച്ച് മൊബൈൽ ഉപയോഗം നിയന്ത്രിക്കാനും നിരീക്ഷിക്കാനും രക്ഷിതാക്കൾക്ക് അതിലൂടെ സാധിക്കും.
 

0 comments: