2021, ഓഗസ്റ്റ് 4, ബുധനാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 NEET 2021: അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (NEET) രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടി നൽകി. പുതിയ തീയതി പ്രകാരം ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. neet.nta.nic.in വെബ്സൈറ്റ് നൽകുന്ന വിവരമനുസരിച്ച് ഓഗസ്റ്റ് 11 ന് അപേക്ഷ തിരുത്തൽ സൗകര്യം ലഭ്യമാകും. ഓഗസ്റ്റ് 14വരെ അപേക്ഷയിലെ തിരുത്തലുകൾ നടത്താം. സെപ്റ്റംബർ 12 നാണ് NEET പരീക്ഷ നടക്കുക. 13 വ്യത്യസ്ത ഭാഷകളിൽ പരീക്ഷ ഉണ്ടാകും.

കോവിഡ് വ്യാപനം: മംഗലാപുരം സർവകലാശാല പരീക്ഷകൾ റദ്ധാക്കി

കോവിഡ് വ്യാപനം ഏറിയ സാഹചര്യത്തിൽ മംഗലാപുരം സർവകലാശാല എല്ലാ ബിരുദ പരീക്ഷകളും റദ്ദാക്കി. അയൽ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ റദ്ദാക്കിയതെന്ന് സർവകലാശാല അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബിരുദ പരീക്ഷൾ നടത്തില്ല. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സർവകലാശാല കൈക്കൊണ്ടത്.

ഡൽഹി സർവകലാശാല പ്രവേശനം: 24 മണിക്കൂറിനള്ളിൽ അപേക്ഷിച്ചത് 64000 പേർ

24 മണിക്കൂറിനുള്ളിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദ കോഴ്സുകൾക്കായി അപേക്ഷിച്ചത് 64,000 ൽപരം വിദ്യാർത്ഥികൾ. ഡൽഹി യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിനായി ഓഗസ്റ്റ് 2 നാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. സർവകലാശാലയുടെ പ്രവേശന പോർട്ടലിൽ 24 മണിക്കൂറിനുള്ളിൽ 64,000ൽ അധികം പേരാണ് രജിസ്റ്റർ ചെയ്തത്.


കാലിക്കറ്റ് സർവകലാശാല ബിരുദഫലങ്ങൾ ഓണത്തിന് മുൻപ്

കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം ഉള്‍പ്പെടെയുള്ളവയുടെ ആറാം സെമസ്റ്റര്‍ ബിരുദ ഫലങ്ങള്‍ ഓണാവധിയ്ക്ക് മുൻപായി പ്രഖ്യാപിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണ സാഹചര്യങ്ങളിലും പരീക്ഷാ ഭവന്‍ ജീവനക്കാര്‍ ബിരുദഫല പ്രഖ്യാപനത്തിനായി അവധിയെടുക്കാതെ പരിശ്രമിക്കുകയാണ്.

സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സ്: പ്രവേശനം ആരംഭിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം, വയനാട് ഉപകേന്ദ്രങ്ങളിൽ കോളജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ദ്വിവത്സര സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ. കോഴ്‌സ് ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷ പ്രവേശനം

2021-22 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, ഐ.എച്ച്.ആർ.ഡി സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു/വി എച്ച് എസ് ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസ്സായവർക്ക് നിബന്ധനകൾ പ്രകാരം അപേക്ഷിക്കാം.ഓൺലൈൻ അപേക്ഷ സമർപ്പണം ഓഗസ്റ്റ് 14 വരെ തുടരും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.

വീഡിയോ എഡിറ്റിങ് കോഴ്‌സില്‍ സീറ്റൊഴിവ്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.

പട്ടികജാതി,പട്ടികവര്‍ഗ,ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30 വയസ്സ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്.

പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ അഞ്ച് ദിവസത്തിനകം അക്കാദമി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484-2422275, 9447607073

കൊവിഡ് കാലയളവില്‍ പഠിച്ചിറങ്ങിയവര്‍ വേണ്ട; വിവാദമായതിന് പിന്നാലെ പരസ്യം തിരുത്തി എച്ച്‌ഡിഎഫ്സി

ബിരുദധാരികള്‍ക്കായുള്ള ജോലി ഒഴിവിലേക്കായുള്ള എച്ച്‌ഡിഎഫ്സി ബാങ്കിന്റെ പരസ്യം വിവാദത്തില്‍. 2021 ല്‍ പഠിച്ചിറങ്ങിയവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് അച്ചടിച്ചുകൊണ്ട് പുറത്തിറങ്ങിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. തമിഴ്നാട്ടിലെ മധുരയിലെ എച്ച്‌ഡിഎഫ്സി ബാങ്കിന്റേതായാണ് പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്.2021 ല്‍ പഠിച്ചിറങ്ങിയവര്‍ അപേക്ഷിക്കേണ്ടതില്ല എന്നത് മാറ്റി 2021 ല്‍ പഠിച്ചിറങ്ങിയവര്‍ക്കും അപേക്ഷിക്കാം എന്ന് തിരുത്തി പരസ്യം ചൊവ്വാഴ്ച പുറത്തിറക്കി.


പ്രാക്ടിക്കല്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലനം: അപേക്ഷ ക്ഷണിച്ചു

ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി.) കേരള റീജിയണിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വീട്ടിലിരുന്നു കൊണ്ട് ചെയ്യാവുന്ന റാപ്പിഡ് പ്രാക്ടിക്കല്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലന പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂള്‍, കോളജ് കുട്ടികള്‍, വീട്ടമ്മമാര്‍, തൊഴില്‍ അന്വേഷകര്‍ തുടങ്ങി താല്പര്യമുള്ള ആര്‍ക്കും അപേക്ഷിക്കാം. പ്രായമോ, വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല.എന്‍.സി.ഡി.സി. യില്‍ നിന്നും വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച പരിശീലകര്‍ ഈ പ്രോഗ്രാമിന് നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് ഫോണ്‍: 81 29 82 17 75. വെബ്സൈറ്റ്: https://ncdconline.org

0 comments: