2021, സെപ്റ്റംബർ 22, ബുധനാഴ്‌ച

അഞ്ചോളം സർക്കാർ പദ്ധതികൾക്കു കീഴിൽ ധനസഹായത്തിനുള്ള കാലവധി നീട്ടി

                                           


കേരളാ വനിത ശിശുവികസന വകുപ്പിനു കീഴിൽ വിവിധ പദ്ധതികൾക്കു ധനസഹായത്തിനുള്ള കാലാവധി നീട്ടി. അടുത്തമാസം 15 വരെയാണ് കാലവധി നീട്ടിയിത്. വനിതാ ശിശുവികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്(http:// schemes.wcd.kerala.gov.in/) വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകർ ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സ്കാൻ ചെയ്ത് വൺടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം വേണം അപേക്ഷകൾ സമർപ്പിക്കാൻ.

കേരളാ സർക്കാർ പദ്ധതികളായ അഭയകിരണം, മംഗല്യ, പടവുകൾ, വനിതഗൃഹനാഥ, സഹായ ഹസ്തം തുടങ്ങിയ പദ്ധതികളിലാണ് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുക.

അഭയകിരണം

അശരണരായ വിധവകൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് അഭയകിരണം. സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന 50 വയസിനു മുകളിൽ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവർക്ക് അപേക്ഷിക്കാം. സംരക്ഷിക്കപ്പെടുന്ന വനിതയ്ക്ക് പ്രായപൂർത്തിയായ മക്കളിലാത്തവരായിരിക്കണം.

വിധവകളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വരുമാന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. സംരക്ഷിക്കുന്ന വ്യക്തികൾ ക്ഷേമ പെൻഷനുകളോ സാമൂഹിക നീതി പെൻഷനുകളോ വാങ്ങുന്നവരാകരുത്. മുൻകാലങ്ങളിൽ സഹായം ലഭിച്ചിരുന്നവരും തുടർന്നു ലഭിക്കാൻ അപേക്ഷിക്കണം.

മംഗല്യ

വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവർക്ക് പുനർവിവാഹത്തിന് 25,000 രൂപ ധനനസഹായം നൽകുന്ന പദ്ധതി. അപേക്ഷക ബി.പി.എൽ. മുൻഗണനാ വിഭാഗത്തിൽപ്പെട്ടതാകണം. ഭർത്താവിന്റെ മരണം മൂലമോ,നിയമപരമായി ബന്ധം വേർപ്പെടുത്തിയവർക്കും അപേക്ഷിക്കാം. പുനർവിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആറു മാസത്തിനുള്ളിൽ പുനർവിവാഹം നടന്നവരായിരിക്കണം.18 മുതൽ 50 വയസാണ് പ്രായപരിധി.

മുൻവിവാഹത്തിലെ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്/ ബന്ധം വേർപ്പെടുത്തിയ രേഖ, റേഷൻ കാർഡ് തുടങ്ങിയ രേഖകളും സമർപ്പിക്കണം.

പടവുകൾ

പ്രഫഷണൽ കോളജുകളിൽ പഠിക്കുന്ന(എം.ബി.ബി.എസ്,എൻജിനിയറിങ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്) വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസും, ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് സ്ഥാപനം നിശ്ചയിച്ചിട്ടുള്ള മെസ് ഫീസും നൽകുന്ന പദ്ധതി. സെമസ്റ്റർ ഫീസാണെങ്കിൽ വർഷത്തിൽ രണ്ടു തവണയായും വാർഷിക ഫീസാണെങ്കിൽ ഒറ്റത്തവണയായും സഹായം ലഭിക്കും. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവരാകണം. സർക്കാർ അംഗീകൃത കോഴ്സാകണം ചെയ്യുന്നത്. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കവിയരുത്.

വനിതഗൃഹനാഥ

ബി.പി.എൽ. മുൻഗണന വിഭാഗത്തിൽപ്പെട്ടവരാകണം ഗൃഹനാഥ. വിവാഹ മോചിതരായ ഗൃഹനാഥകൾക്കും സഹായം ലഭിക്കും. പുനർവിവാഹം കഴിച്ചവർക്കു സഹായം ലഭിക്കില്ല. ഭർത്താവ് ഉപേക്ഷിച്ചു പോയതോ കണാതായി ഒരു വർഷം കഴിഞ്ഞതോ ആയവരുടെ മക്കൾക്കു സഹായം ലഭിക്കും. ഭർത്താവിന്റെ നട്ടെല്ലിനു ക്ഷതമേറ്റതോ പക്ഷാഘാതം ബാധിച്ച് ജോലിചെയ്യാൻ കഴിയാത്തവരുടെ മക്കൾക്കും സഹായം ലഭിക്കും. മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്ന രേഖകൾ ആവശ്യമാണ്. ഒരു കുടംബത്തിലെ പരമാവധി രണ്ടു കുട്ടികൾക്കേ സഹായം ലഭിക്കൂ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്നവരാകരുത് കുട്ടികൾ. ഒന്നു മുതൽ അഞ്ചു വരെ ക്ലാസിലെ കുട്ടികൾക്കു 3000 രൂപയും ആറു മുതൽ 10 വരെ 5000 രൂപയും ബിരുദം വരെ 7500 രൂപയും ബിരുദത്തിനു മുകളിലേക്ക് 10,000 രൂപയും വർഷം ലഭിക്കും.

സഹായ ഹസ്തം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസിന് താഴെയുള്ള വിധവകൾക്ക് സംരംഭത്തിനാണ് സഹായം ലഭിക്കക. ഒറ്റയ്ക്കോ സംഘം ചേർന്നോ(വനിതാ കൂട്ടായ്മ, കുടുംബശ്രീ, വിധവാ സംഘം) സംരംഭം തുടങ്ങാം. പരമാവധി 10 പേർക്ക് സഹായം ലഭിക്കും. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയാകണം. 18 വയസിൽ താഴെ പ്രായമുള്ള കുട്ടികളുള്ള വിധവകൾക്കു മുൻഗണനയുണ്ട്. ആശ്വാസകിരണം പെൻഷൻ, വിധവാ പെൻഷൻ ലഭിക്കുന്നവർക്കും അപേക്ഷിക്കാം. സർക്കാർ തലത്തിലോ സ്വയം തൊഴിൽ ചെയ്യുന്നതിനോ സഹായം ലഭിച്ചവർക്ക് അർഹതയില്ല. മുൻവർഷം പദ്ധതി പ്രകാരം സഹായം ലഭിച്ചവർക്കും അർഹതയില്ല. മുൻവർഷങ്ങളിൽ അപേക്ഷിച്ചിട്ടു ലഭിക്കാതെപോയവർക്ക് മുൻഗണന ലഭിക്കും. സംരംഭം ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും നടത്തണം. ആറു മാസം കൂടുമ്പോൾ വകുപ്പിനു റിപ്പോർട്ട് നൽകണം.


0 comments: