2021, ഒക്‌ടോബർ 6, ബുധനാഴ്‌ച

സ്കൂൾ, കോളേജ് ബസ്സുകളിലെ യാത്ര;സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ ഇവയാണ്.

                            

              

സ്കൂളുകളും കോളേജുകളും തുറക്കുന്നതുമായി ബന്ധപ്പെട്ട് ബസ് യാത്ര ചെയ്യുന്ന വിദ്യാർഥികളും ബസിലെ ജീവനക്കാരും സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചിരിക്കണം.

സ്കൂൾ ബസ്സുകളുടെ പ്രവർത്തനക്ഷമത, മോട്ടോർ വാഹന വകുപ്പ് മായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങൾ തുടങ്ങിയവ സംബന്ധിച്ചും സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണം എന്ന് ആർടിഒയുടെ നിർദേശമുണ്ട്.

സ്കൂൾ ബസ്സിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ.

  • പനി, ചുമ, ചർദ്ദി, തുമ്മൽ ഉള്ളവർ ഒരിക്കലും യാത്ര ചെയ്യരുത്.
  • ഡോർ അറ്റൻഡർമാർ ബസിൽ പ്രവേശിക്കുന്ന കുട്ടികളുടെ ടെമ്പറേച്ചർ തെർമൽ സ്കാനറിൽ പരിശോധിച്ച് അവരുടെ കൈകൾ സാനിറ്റെസർ ചെയ്ത ശേഷം മാത്രമേ ബസ്സിൽ പ്രവേശിപ്പിക്കാവൂ.ഇതിനായി വാഹനത്തിൽ ഒരു തെർമൽ സ്കാനറും ഒരു ലിറ്റർ കപ്പാസിറ്റിയുള്ള ഹാൻഡ് സാനിറ്റൈസർ ബോട്ടിലും സൂക്ഷിക്കണം.
  • ഈ സാഹചര്യത്തിൽ ഒരു സീറ്റിൽ ഒരു കുട്ടിക്ക് മാത്രമേ ഇരിക്കാൻ പാടുള്ളൂ.
  • നിന്ന് യാത്ര ചെയ്യാൻ അനുവദിക്കരുത്.
  • യാത്ര ചെയ്യുന്നവർ എൻ 95 / ഡബിൾ മാസ്ക് നിർബന്ധമായും ധരിക്കണം.
  • കുട്ടികൾ പരമാവധി ശാരീരിക അകലം പാലിക്കാനും പരസ്പരം തൊടുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം.
  • വിൻഡോ ഷട്ടറുകൾ തുറന്നിടണം.
  • യാത്ര ചെയ്യുമ്പോൾ പുറത്തേക്ക് ചുയിഗം, മിഠായികൾ ചവയ്ക്കുന്നതും തുപ്പുന്നതും തടയണം.
  • യാത്ര അവസാനിച്ച് കഴിയുമ്പോൾ വാഹനം അണുനാശിനി സ്പ്രേ ഉപയോഗിച്ചോ / സോപ്പ് ലായനി ഉപയോഗിച്ചോ കഴുകി വൃത്തിയാക്കണം.
  • വാഹനത്തിൽ എ.സി അനുവദിക്കുന്നതല്ല.
  • തുണികൊണ്ടുള്ള സീറ്റ് കവർ / കർട്ടൻ അനുവദനീയമല്ല.
  • കുട്ടികൾ ഹാൻഡ് സാനിറ്റൈസർ കയ്യിൽ കരുതുകയും ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കുകയും ചെയ്യണം.

സ്കൂൾ അധികൃതർ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ.

  • സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥികൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രിൻറ് ചെയ്തു നൽകുകയും വാഹനങ്ങളിലും സ്കൂൾ പരിസരത്തും പ്രദർശിപ്പിക്കുകയും ചെയ്യണം.
  • ഓരോ വാഹനങ്ങളിലും ആവശ്യമായ തെർമൽ സ്കാനറുകളും സാനിറ്റൈസറുകളും മാസ്കുകളും മുൻകൂട്ടി വാങ്ങാനും വിതരണം നടത്താനുമുള്ള നടപടി എടുക്കണം.
  • സുരക്ഷാ ഓഫീസറായി നിയമിച്ച അധ്യാപകരോ ബസ് സൂപ്പർവൈസർമാരോ ദിവസേന രാവിലെ ഡ്രൈവർമാരുടെയും ഡോർ അറ്റൻഡർമാരുടെയും ശരീരതാപനില പരിശോധിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. പ്രധാന അധ്യാപകൻ ഇത് ഉറപ്പുവരുത്തുക.
  • രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തവരെ മാത്രമേ ഡ്യൂട്ടിക്കായി നിയോഗിക്കാവൂ.
  • ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കേണ്ടതിനാൽ ക്ലാസ് സമയങ്ങൾ ക്രമീകരിച്ച് ട്രിപ്പുകൾ വർദ്ധിപ്പിക്കുക.
  • സ്കൂൾ വാഹനങ്ങൾ കൂടാതെ സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് വരുന്ന മറ്റു വാഹനങ്ങളും മേൽപ്പറഞ്ഞ നിർദേശങ്ങൾ പാലിക്കുന്നതായി സ്കൂൾ ഉറപ്പാക്കണം. ഇതിനായി മുൻകൂട്ടി വാഹനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയത്തിന്റ കോപ്പി മോട്ടോർ വാഹന വകുപ്പിനും പോലീസിനും സ്കൂൾ അധികൃതർ കൈമാറണം

സ്കൂൾ വാഹനങ്ങളിലെ യാന്ത്രിക ക്ഷമത സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ.

  • ഒരുപാട് കാലം നിർത്തിയിട്ടത്തിനാൽ വാഹനങ്ങൾ റിപ്പയർ ചെയ്തു സുരക്ഷാ പരിശോധനയും ഫിറ്റ്നസ് പരിശോധനയും നടത്തി ട്രയൽ റൺ ചെയ്തതിനു ശേഷം മാത്രമേ കുട്ടികൾക്കായി ഉപയോഗിക്കുവൊള്ളൂ എന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം.
  • സ്കൂൾ വാഹന ഡ്രൈവർമാർ, അറ്റൻഡർമാർ,സുരക്ഷ ഉദ്യോഗസ്ഥർ, സ്കൂളിലേക്ക് വാഹനമായി വരുന്ന മറ്റു ഡ്രൈവർമാർ തുടങ്ങിയവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ ഓൺലൈൻ പരിശീലനം നടത്തണം.

മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ നടത്തുന്ന പ്രവർത്തനങ്ങൾ.

  • സ്കൂൾ വാഹനങ്ങൾ, കുട്ടികളെ സ്കൂളിൽ കൊണ്ടുവരുന്ന മറ്റു വാഹനങ്ങൾ എന്നിവയുടെ പരിശോധന ഷെഡ്യൂൾ തയ്യാറാക്കി ഒക്ടോബർ 20 നകം പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കും.
  • സേഫ് കേരള ഉദ്യോഗസ്ഥന്മാരെ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച് അവിടെയുള്ള വാഹനങ്ങളുടെ യാന്ത്രിക ക്ഷമത പരിശോധിക്കും.
  • ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ഒഴികെ സ്റ്റേജ് ക്യാര്യേജ് വാഹനങ്ങൾക്ക് ജി-ഫോം അനുവദിക്കില്ല.
  • സ്‌കൂളുകളുടെയും വിവിധ ക്ലാസ്സുകളുടെയും പ്രവര്‍ത്തനസമയം വ്യത്യസ്തമാക്കുന്നതിനാലും ഒന്നില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളെ കൊണ്ടു വരുന്നതിനും സ്‌കൂള്‍ ബസ്സുകളുടെ പെര്‍മിറ്റിൽ താല്‍ക്കാലിക ഇളവ് അനുവദിക്കും.

0 comments: