2021, ഒക്‌ടോബർ 2, ശനിയാഴ്‌ച

വാഹനവുമായി നിരത്തിൽ ഇറങ്ങുന്നവർ ശ്രദ്ധിക്കുക ,എ എൻ പി ആർ കാമറ പിടിക്കും ,പിഴ ചുമത്തുന്ന രീതി അറിയുകഇനി നിയമങ്ങൾ പാലിക്കാതെ വണ്ടിയോടിച്ചാൽ പോലീസ് കൈയ്യോടെ പിടികൂടിയില്ലെങ്കിലും കുടുങ്ങും.

സിറ്റി പോലീസിൻ്റെ എ.എൻ.പി.ആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ) ക്യാമറയിൽ പെട്ടാൽ പിഴ ചുമത്തിയുള്ള വിളിയോ നോട്ടീസോ പിന്നാലെ വരും. ഹെൽമെറ്റ് വെക്കാതെയും സീറ്റ് ബെൽറ്റിടാതെയും വാഹനം ഓടിച്ചതിന് ആയിരത്തിൽ പരം കേസുകളിൽ പിഴ ഈടാക്കിയത് 4.10 ലക്ഷം രൂപ.

രജിസ്ട്രേഷൻ നമ്പർ ട്രാക്കിംഗ് സംവിധാനം ഉപയോഗിച്ച് വാഹന നിയമലംഘനങ്ങൾ കണ്ടെത്താനായി കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിറ്റി പോലീസിൻ്റെ പരിധിയിൽ ക്യാമറകൾ ഘടിപ്പിച്ചത്. ഇതിനകം 2000 ത്തിൽപരം കേസുകൾ റിപ്പോർട്ട് ചെയ്തു.കോവിഡ് കണ്ടെയ്ൻമെൻറ് സോണിൽ പെട്ടവരുടേതുൾപ്പെടെ 1000 ത്തോളം കേസുകൾ പെൻഡിംഗിലുണ്ട്.

കോഴിക്കോട് പത്തിലേറെ പോയിൻ്റുകളിലാണ് ക്യാമറയുളളത്. ഇവ 24 മണിക്കൂറും പ്രവർത്തിക്കും. ഹെൽമറ്റ് ധരിക്കാത്തതും സീറ്റ് ബെൽറ്റിടാത്തതും ഫോണിൽ സംസാരിക്കുന്നതും ഓവർ സ്പീഡുമെല്ലാം ക്യാമറയിൽ പെടുന്നതോടെ അപ്പോൾ തന്നെ കൺട്രോൾ റൂമിലെ മോണിറ്ററിൽ പതിയും. അത് നിരീക്ഷിക്കാനും റിപ്പോർട്ട് നൽകാനും ഉന്നതാധികാരികൾക്ക് ഇതിലൂടെ സാധിക്കുന്നു. കൺട്രോൾ റൂമിലേക്ക് വിളിച്ച് വരുത്തിയാണ് പിഴ ഈടാക്കുന്നത്.

ഓരോ ദിവസവും ശരാശരി മുപ്പതിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പിഴ ചുമത്താവുന്നവയാണ് കേസായി മാറ്റുന്നത്.ഇടിച്ചിട്ട ശേഷം നിർത്താതെ പോവുന്ന കേസുകൾ, തട്ടിക്കൊണ്ടുപോകൽ, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, മോഷണങ്ങൾ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾക്ക് തുമ്പുണ്ടാക്കാനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.ഈ ക്യാമറകൾ കൂടാതെ 40 സി.സി.ടി.വി ക്യാമറകൾ അടങ്ങുന്ന ഇൻ്റഗ്രേറ്റഡ് ക്യാമറ സർവൈലൻസ് സംവിധാനവും സജീവമാണ്. ക്യാമറയിൽ കുടുങ്ങുമെന്നുള്ള ഭയം കൊണ്ട് നിയമലംഘനക്കാരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ

ക്യാമറ ഈ സ്ഥലങ്ങളിൽ

 1. ഇടിമൂഴിക്കല്‍
 2. വൈദ്യരങ്ങാടി
 3. പാലോറ മല
 4. ഊര്‍ക്കടവ്
 5. വി.കെ റോഡ്
 6. എലത്തൂര്‍
 7. കക്കോടിമുക്ക്
 8. പടനിലം
 9. കോട്ടക്കടവ്
 10. ചാലിയം
 11. കാളാംതോട്
പിഴ ഇങ്ങനെ

 1. ഹെല്‍മെറ്റ് വെച്ചില്ലെങ്കില്‍ 500 രൂപ
 2. ലൈസന്‍സ് ഇല്ലെങ്കില്‍ 5000 രൂപ
 3. സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ 1000 രൂപ
 4. ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ 2000 രൂപ


0 comments: