2021, ഒക്‌ടോബർ 16, ശനിയാഴ്‌ച

പ്ലസ് വൺ സീറ്റ് പ്രവേശനം ഉന്നയിച്ച് പ്രതിപക്ഷം ; ഹെലികോപ്റ്ററിന് വേണ്ടി കൊടുക്കുന്ന വാടക എങ്കിലും കുട്ടികളുടെ പഠനത്തിന് ചെലവഴിക്കണമെന്ന് ഷാഫി പറമ്പിൽ ;

                             


 .
പ്ലസ് വണ്‍ പ്രവേശന വിഷയം നിയമസഭയില്‍ പ്രതിപക്ഷം ശക്തമായി ഉന്നയിച്ചു . കുട്ടികളുടെ പഠനത്തിനായി ഹെലികോപ്റ്ററിന് വേണ്ടി കൊടുക്കുന്ന വാടകയെങ്കിലും ചെലവഴിക്കണമെന്ന് ഷാഫി പറമ്പിൽ എംഎല്‍എ വിമര്‍ശിച്ചു. പാലക്കാടും മലപ്പുറവും ഉള്‍പ്പെടെ വിവിധ ജില്ലകളിലെ കണക്കുകള്‍ നിരത്തിയാണ് ഷാഫി വിഷയം മുന്നോട്ട് വച്ചു . ഈ സര്‍ക്കാരില്‍ നിന്നും ഇതില്‍ കൂടുതലൊന്നും വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കേണ്ടെന്ന തരത്തിലാണ് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയിട്ടും പലർക്കും ചിലപ്പോള്‍ ഇഷ്ടപ്പെട്ട വിഷയത്തില്‍ പഠിക്കാന്‍ കഴിയില്ലായിരിക്കുമെന്ന് മന്ത്രി തന്നെ മറുപടി പറയുന്നത് അതീവ ഗുരുതര സാഹചര്യമാണെന്നും എംഎല്‍എ സഭയില്‍ വ്യക്തമാക്കി .

 നേരത്തെ തന്നെ പ്രതിപക്ഷം ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ചതാണ്. മൊത്തം സീറ്റുകളുടെ കണക്കും അപേക്ഷകരുടേയും, അലോട്ട്‌മെന്റിന്റേയും കണക്കും എടുത്ത് ഈപ്രശ്‌നത്തെ പരിഹരിക്കാന്‍ സാതിക്കുന്നതല്ല . എല്ലാ ജില്ലകളിലും പത്തും, ഇരുപതും ശതമാനം സീറ്റ് കൂട്ടിയത് കൊണ്ടും ഈ പ്രശ്‌നത്തെ സമീപിക്കാന്‍ സാധിക്കില്ലെന്നും ഷാഫി പറഞ്ഞു. ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടേയും സീറ്റിന്റേയും എണ്ണവും തമ്മില്‍ പാലക്കാട് ജില്ലയില്‍ മാത്രം പത്തായിരത്തിലധികം വ്യത്യാസമുണ്ട്. സീറ്റ് കൂട്ടിയാൽ പോലും 4598 കുട്ടികള്‍ പുറത്താണ്. ജില്ലയില്‍ പെരുമാട്ടി ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ബയോളജിക്കുള്ള സീറ്റ് 120 ആണെങ്കില്‍ അഡ്‌മിഷന്‍ കിട്ടിയ കുട്ടികളുടെ എണ്ണം 41 ആണ്. ഇത്തരം കാര്യങ്ങളെ ശാസ്ത്രീയമായി പഠിച്ച്‌ വേണ്ട സ്ഥലങ്ങളില്‍ സീറ്റ് കൊടുക്കുകയും അല്ലാത്ത സ്ഥലങ്ങളില്‍ പുനക്രമീകരണം നടത്തി കുട്ടികള്‍ക്ക് സീറ്റ് കൊടുക്കുന്നതിന് പകരം വളരെ ലാഘവത്തോടെയുള്ള സമീപനം ഉണ്ടാവരുത്.

മലപ്പുറം ജില്ലയില്‍ 75554 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. ജില്ലയില്‍ മെറിറ്റ് സീറ്റ് 34737 ആണ്. നോണ്‍മെറിറ്റില്‍ 18000 സീറ്റും ഉണ്ട്. എന്നാല്‍ അവിടെ 20 ശതമാനം സീറ്റ് കൂടിയാലും പതിനൊന്നായിരത്തിധികം വിദ്യാര്‍ത്ഥികള്‍ പുറത്താണ്.സാമ്പത്തികമായ പ്രയാസം സര്‍ക്കാരിനുണ്ടെങ്കില്‍ അത് എല്ലാം എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിയുടെ തലയില്‍ അല്ല വയ്ക്കേണ്ടത് . കണ്ണൂരിലും കോഴിക്കോടും ഇതേ സാഹചര്യമാണ് മറിച്ച്‌ പത്തനംതിട്ടയിലും ആലപ്പുഴയിലും കോട്ടയത്തും കൂടുതല്‍ സീറ്റുകള്‍ ഉണ്ടെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു .

പഠിക്കാന്‍ സ്‌ക്കൂളുകളിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യത്തിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടും അഡ്‌മിഷന്‍ കിട്ടാന്‍ എന്ത് മെറിറ്റാണ് കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയിട്ടും സീറ്റ് കിട്ടിയിട്ടില്ല, എന്തെങ്കിലും ചെയ്ത് തരണം എന്ന് പറഞ്ഞുകൊണ്ട് കുട്ടികള്‍ സമീപിക്കാത്ത എത്ര എംഎല്‍എമാര്‍ ഇവിടെയുണ്ടാവും. കുട്ടിയുടെ കൈ പിടിച്ച്‌ രക്ഷിതാക്കള്‍ ഓഫീസില്‍ എത്തി 'എന്റെ കുട്ടിക്ക് മുഴുവന്‍ എപ്ലസ് കിട്ടിയിട്ടും സീറ്റ് കിട്ടിയിട്ടില്ല' എന്ന് പറയുമ്പോൾ എന്താണ് നമ്മുടെ മറുപടി. ഒരു ലക്ഷത്തി ഇരുപത്തൊന്നായിരത്തിലധികം കുട്ടികള്‍ എ പ്ലസ് നേടിയിട്ടും ഇഷ്ടപ്പെട്ട വിഷയങ്ങളും, സ്‌കൂളും ലഭിക്കില്ലായെന്ന് പറയുന്നത് ഗുരുതര സാഹചര്യമാണെന്നും ഷാഫി പ്രത്യേകം ഓർമിപ്പിച്ചു.

0 comments: