2021, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

മുന്നൊരുക്കങ്ങളുമായി അധ്യാപകര്‍, ഓണ്‍ലൈന്‍ ക്ലാസുകൾ മുടങ്ങി.

                                   


മുഴുവന്‍ അധ്യാപകരും വിദ്യാലയങ്ങളിലേക്ക്‌ തിങ്കളാഴ്‌ച മുതല്‍ എത്തിയതോടെ ഓണ്‍ലൈന്‍ ക്ലാസ്സുകൾക്ക് തടസ്സം.

പലയിടത്തും ആശ്വാസം വിക്‌ടേഴ്‌സ്‌ ചാനല്‍ വഴിയുള്ള ക്ലാസുകള്‍ മാത്രമാണു. കനത്ത മഴയും ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണസജ്‌ജമാകാത്തതും അധ്യാപകരെയും വലയ്‌ക്കുന്നു.പലര്‍ക്കും സമയത്ത്‌ സ്‌കൂളില്‍ എത്താന്‍  കഴിയുന്നില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ തിരികെ വീട്ടിലെത്തി എടുക്കാനും തടസം.

പൊതുവിദ്യാഭ്യാസ വകുപ്പ്‌ തിങ്കളാഴ്‌ച മുതല്‍ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും മുഴുവന്‍ അധ്യാപകരും എത്തണമെന്ന്‌ പറഞ്ഞിരുന്നു.  സ്‌കൂളുകളിലെത്തി തുടങ്ങിയത്‌ 1.80 ലക്ഷം അധ്യാപകരാണ്‌. ഏറെ വലയുന്നത്‌ ഇവരില്‍ യാത്രയ്‌ക്കു ട്രെയിനുകളെ ആശ്രയിക്കുന്നവരാണ്‌ .സീസണ്‍ ടിക്കറ്റുകള്‍ നല്‍കിത്തുടങ്ങാത്തതും പാസഞ്ചര്‍ ഉള്‍പ്പെടെ മുഴുവന്‍ ട്രെയിനുകളും ഓടിത്തുടങ്ങാത്തതും  പ്രശ്നമായി. ആവശ്യത്തിനു ബസുകളുമില്ല.


പൊതുവിദ്യാഭ്യാസ വകുപ്പ്‌ പറഞ്ഞിരിക്കുന്ന  പ്രധാന നിര്‍ദേശം സ്‌കൂളില്‍ വരാന്‍ സാധിക്കാത്തവര്‍ക്കുള്ള പഠന, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തയാറാക്കണമെന്നാണ്‌.രക്ഷിതാക്കള്‍ക്ക്‌  കുട്ടികള്‍ പാലിക്കേണ്ട കോവിഡ്‌ പെരുമാറ്റ രീതി മുന്‍കൂട്ടി തയാറാക്കി കൊടുക്കണം. ഒന്നാം തീയതി സ്‌കൂളിലെത്താന്‍ ആത്മവിശ്വാസം പകരണം. ഇതിനു പുറമേയാണ്‌ ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ സമ്മിശ്ര രീതിക്കു ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും.


അധ്യാപകരും രക്ഷിതാക്കളും പറയുന്നത്‌ മുഴുവന്‍ അധ്യാപകരെയും ഒരേസമയം സ്‌കൂളില്‍ വിളിച്ചുവരുത്താതെ ഊഴം അനുസരിച്ചു വരുത്തിയാല്‍ ഇപ്പോള്‍ നടന്നുവരുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ മുടക്കമില്ലാതെ നടത്താനാകുമെന്നാണ്‌.

0 comments: