2021, ഒക്‌ടോബർ 13, ബുധനാഴ്‌ച

കോവാക്‌സിൻ കുട്ടികൾക്കും നൽകാൻ വിദഗ്‌ധസമിതി അനുമതി നല്‍കി

 


കോവിഡ് പ്രതിരോധ കുത്തിവെപ്പായ കോവാക്സിൻ, രണ്ടുമുതൽ 18 വയസ്സുവരെ നൽകാമെന്ന് വിദഗ്ധസമിതി നിർദ്ദേശിച്ചു .സെൻട്രൽ ഡ്രഗ്‌സ്‌ സ്‌റ്റാൻഡേർഡ്‌ കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) വിഷയ വിദഗ്‌ധസമിതിയാണ്   ഈ നിർദ്ദേശം നൽകിയത് .ഡി.സി.ജി.ഐ.യുടെ അംഗീകാരം ലഭിക്കുന്നതോടെ, രാജ്യത്ത് രണ്ടു വയസ്സു മുതലുള്ളവർക്ക് നൽകാൻ അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് വാക്സിനാകും കോവാക്സിൻ.

രണ്ടിനും 18-നുമിടയിലുള്ള കുട്ടികളിൽ പരീക്ഷണത്തിന്റെ മൂന്നിൽ രണ്ടു ഘട്ടങ്ങൾ പൂർത്തിയാക്കിയതിന്റെ വിവരങ്ങൾ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ പരിശോധനയ്ക്കായി ഈമാസമാദ്യം ഭാരത് ബയോടെക് സമർപ്പിച്ചിരുന്നു.

മുതിർന്നവർക്ക്‌ നൽകുന്ന അതേ വാക്‌സിൻതന്നെയാണ്‌ കുട്ടികളിലും പരീക്ഷിച്ചത്‌. രണ്ടു ഡോസ്‌ വാക്‌സിൻ 20 ദിവസം ഇടവേളയിൽ നൽകും. മുതിർന്നവർക്ക്‌ നൽകിവരുന്ന അതേ ചേരുവകൾ തന്നെയാണ്‌ കുട്ടികളുടെ വാക്‌സിനുകളിലും ഉപയോഗിക്കുന്നതെങ്കിലും സുരക്ഷയും ഫലപ്രാപ്‌തിയും ഉറപ്പുവരുത്താന്‍ പ്രത്യേക പരീക്ഷണം നടത്തുകയായിരുന്നു. 

കുട്ടികളിൽ നടത്തിയ കോവാക്സിൻ പരീക്ഷണത്തിന്റെ വിവരങ്ങൾ പരസ്യമാക്കിയിട്ടില്ല. എന്നാൽ, ആയിരത്തിലേറെ കുട്ടികളിൽ രാജ്യവ്യാപകമായി പരീക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം. മുതിർന്നവരിലേതുപോലെതന്നെ കുട്ടികളിലും വാക്സിൻ ഫലിക്കുന്നുണ്ടെന്ന്‌ സമിതി കണ്ടെത്തി.

0 comments: