2021, നവംബർ 21, ഞായറാഴ്‌ച

ഡെൽറ്റ വകഭേദത്തിൽ പൊറുതിമുട്ടി യൂറോപ്പ് :മാര്‍ച്ച് മാസത്തിനകം അഞ്ച് ലക്ഷം പേര്‍ മരിക്കും

 


കൊവിഡ് മഹാമാരിയില്‍ നിന്നും ലോകം മുക്തമാകുന്ന ദിനമാകാന്‍ ഇനിയും ഏറെ കാത്തിരിക്കണം. കൊവിഡ് മഹാമാരി വീണ്ടും പിടിമുറുക്കുകയാണ്.മഹാമാരിയിൽ  മറ്റൊരു നിർണായക ഘട്ടത്തിലാണ് ലോകം കടന്ന് പോകുന്നതെന്നും യൂറോപ്പ് വീണ്ടും പകർച്ചവ്യാധിയുടെ കേന്ദ്രത്തിലേക്ക് തിരിച്ചെത്തിയതായും ലോകാരോഗ്യ സംഘടന . മിക്ക യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡിന്റെ ഡെൽറ്റാ വകഭേദത്തിന്റെ പുതിയ തരംഗം ആഞ്ഞടിക്കുകയാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടാകുന്നത്.

 ഈ നിലയ്ക്ക് രോഗം മുന്നേറിയാല്‍ മാര്‍ച്ച് മാസത്തിനകം അഞ്ച് ലക്ഷം പേര്‍ മരിക്കുമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്‌ളൂഗ് മുന്നറിയിപ്പ് നല്‍കി. പലവിധ ഘടകങ്ങളാലാണ് രോഗം ഭീതിജനകമായ വിധത്തില്‍ ഉയരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്.ഒന്നാമത് ശക്തമായ ശൈത്യകാലം, ഡെല്‍റ്റാ വകഭേദം വേഗം വ്യാപിക്കുന്നതാണ് രണ്ടാമത്, വാക്സിന്‍ നല്‍കുന്നതിലെ അപര്യാപ്തതയാണ് മൂന്നാമത് കാരണം. രോഗത്തിനെതിരായ അവസാന അഭയം വാക്സിന്‍ മാത്രമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗത്തെ നേരിടാന്‍ നെതര്‍ലാന്റ് ഭാഗികമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.

ഇതുവരെ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ജര്‍മ്മനി കൂടുതല്‍ നിബന്ധന ഏര്‍പ്പെടുത്തി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റസ്റ്റോറന്റുകളില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ചെക് റിപബ്‌ളിക്കിലും സ്‌ളൊവാക്യയിലും ഇതേ നിബന്ധന ഏര്‍പ്പെടുത്തി.

0 comments: