2021, നവംബർ 21, ഞായറാഴ്‌ച

ഫോൺ നഷ്ടപ്പെട്ടാൽ ഗൂഗിൾ പേ, പേടിഎം, ഫോൺ പേ എന്നിവ ഉപയോഗിക്കുന്നവർ എന്തു ചെയ്യണം?


ഇത് ഡിജിറ്റൽ പണമിടപാടുകളുടെ കാലമാണ്. മൊബൈൽ ഫോണിൽ പണമിടപാട് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കുന്നത് ഇന്ന് സർവസാധാരണയായി മാറിയിട്ടുണ്ട്. ഒട്ടുമിക്ക ഉപയോക്താക്കള്‍ക്കും യുപിഐയുമായി ലിങ്കുചെയ്തിരിക്കുന്ന ഫോണുകളില്‍ കുറഞ്ഞത് ഒരു പേമെന്റ് ആപ്ലിക്കേഷനെങ്കിലും ഉണ്ട്. പേമെന്റുകള്‍ നടത്താനോ മറ്റൊരാള്‍ക്ക് പണം കൈമാറാനോ യുപിഐ സുരക്ഷിതവും ലളിതവുമായ മാർഗമാണ്. മറ്റൊരാള്‍ക്ക് നിങ്ങളുടെ ഫോണിലേക്ക് ആക്‌സസ് ഉണ്ടെങ്കില്‍ അവര്‍ക്ക് പണം കൈമാറാന്‍ ഇത് ഉപയോഗിക്കാം. എന്നാല്‍, എല്ലാ പേമെന്റ് അപ്ലിക്കേഷനുകളും ഉൾക്കൊള്ളുന്ന ഫോൺ മോഷ്ടിക്കപ്പെട്ടാല്‍ എന്ത് ചെയ്യും?ഫോൺ നഷ്ടപ്പെട്ടാൽ അക്കൗണ്ടില്‍ നിന്ന് പണം മോഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതില്ല. ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവ മറ്റൊരാള്‍ ഉപയോഗിക്കുന്നത് തടയുന്നത് എങ്ങനെയെന്ന് നോക്കാം.

പൊതുവില്‍ അവ പാസ്സ്‌വേര്‍ഡ് കൊണ്ട് ലോക്ക്ഡ് ആയിരിക്കുമെങ്കിലും അത് ഒരുതരത്തിലും മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ സുരക്ഷിതമാക്കേണ്ടത് നിര്‍ബന്ധമാണ്. ഫോണിലെ ഡിജിറ്റല്‍ പേയ്‌മെന്റ് അക്കൗണ്ടുകള്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ വഴികളുണ്ട്. അവ പരിചയപ്പെടാം.

പേടിഎം: മറ്റു ഡിവൈസുകളില്‍ നിന്ന് നിങ്ങളുടെ അക്കൗണ്ട് എങ്ങനെ നീക്കം ചെയ്യാം

പേടിഎം ഉപയോക്താക്കള്‍ക്ക് എല്ലാഡിവൈസുകളില്‍ നിന്നും ലോഗ് ഔട്ട് ചെയ്യാന്‍ കഴിയും, എന്നാല്‍ അതിനായി, അക്കൗണ്ടിന്റെ പാസ്‌വേഡും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും  ഓര്‍മയുണ്ടാകണം. ഇത് രണ്ടും അറിയാമെങ്കില്‍, നിങ്ങളുടെ പേടിഎം അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ലോഗ് ഔട്ട് ചെയ്യാം. അത് എങ്ങനെ എന്ന് നോക്കാം.

  • ആദ്യം മറ്റൊരു ഡിവൈസില്‍ പേടിഎം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക, തുടര്‍ന്ന് ലോഗിന്‍ ചെയ്യുക.
  • ഇനി സ്ക്രീനിനു മുകളില്‍ ഇടതുവശത്തുള്ള ഹാംബര്‍ഗര്‍ മെനുവില്‍ ടാപ്പ് ചെയ്യുക. അതിലെ “പ്രൊഫൈല്‍ സെറ്റിങ്‌സ്”(PROFILE SETTINGS) ല്‍ ക്ലിക്ക് ചെയ്യണം.
  • അതിനു താഴെ നിങ്ങള്‍ക്ക് ധാരാളം ഓപ്ഷനുകള്‍ കാണാനാവും. അതില്‍ “സെക്യൂരിറ്റി ആന്‍ഡ് പ്രൈവസി(SECURITY AND PRIVACY)” എന്നതില്‍ ക്ലിക്കുചെയ്‌തതിനുശേഷം “മാനേജ് അക്കൗണ്ട്സ് ഓണ്‍ ഓള്‍ ഡിവൈസസ്(MANAGE ACCOUNTS ON ALL DEVICES)” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • അതില്‍ ടാപ്പ് ചെയ്തതിനു ശേഷം എല്ലാ ഉപകരണങ്ങളില്‍ നിന്നും ലോഗ് ഔട്ട് ചെയ്യണമെന്ന് ഉറപ്പാണോ എന്ന് ചോദിക്കും. അതില്‍ നിങ്ങള്‍ക്ക് “യെസ്” അല്ലെങ്കില്‍ “നോ” അമര്‍ത്താം.
  • അതുപോലെ, പേടിഎമ്മിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ “01204456456”ല്‍ വിളിച്ചും നിങ്ങള്‍ക്ക് ലോഗ് ഔട്ട് ചെയ്യാം. മുകളില്‍ പറഞ്ഞ രീതിയില്‍ താല്കാലികമായും നിങ്ങളുടെ അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യാനാകും.

പേടിഎം: അക്കൗണ്ട് എങ്ങനെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യാം?

എല്ലാ ഉപകരണങ്ങളില്‍ നിന്നും ലോഗ് ഔട്ട് ചെയ്‌ത ശേഷം, ഉപയോക്താക്കള്‍ക്ക് പേടിഎം വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ’24×7 ഹെല്പ്’(24 HELP) തിരഞ്ഞെടുക്കാം.’ഇതിനുശേഷം, “റിപ്പോര്‍ട്ട് എ ഫ്രോഡ്(REPORT A FRAUD)” തിരഞ്ഞെടുത്ത് ആവശ്യമുള്ള വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം, ‘മെസ്സേജ് അസ്’(MESSAGE US)ബട്ടണില്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട്നിങ്ങളുടേതാണെന്നതിന് തെളിവ് സമര്‍പ്പിക്കുക, അതുകഴിഞ്ഞ് രണ്ടുതവണ പരിശോധിച്ച ശേഷം പേടിഎം നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും.

ഗൂഗിള്‍ പേ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ ആഗ്രഹിക്കുന്നുണ്ടോ?

അതിനുള്ള ഏറ്റവും മികച്ചതും ലളിതവുമായ മാര്‍ഗ്ഗം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും എല്ലാ ഡാറ്റയും കളയുക എന്നതാണ്. അതെ, നിങ്ങള്‍ വായിച്ചത് ശരിയാണ്. മറ്റൊരു ഡിവൈസില്‍ നിന്നും നിങ്ങളുടെ എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷന്‍ ഗൂഗിള്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ ഫോണ്‍ നഷ്‌ടപ്പെടുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല സവിശേഷതയാണ് ഇത്. നിങ്ങളുടെ നഷ്ടപെട്ട ആന്‍ഡ്രോയിഡ് ഫോണ്‍ കണ്ടെത്താനോ ലോക്ക് ചെയ്യാനോ ഫയല്‍ ഡിലീറ്റ് ചെയ്യാനോ “android.com/find” എന്ന വെബ്സൈറ്റിലൂടെ കഴിയും. അതില്‍ നിന്നും ഡാറ്റ ഡിലീറ്റ് ഓപ്‌ഷന്‍ തിരഞ്ഞെടുക്കാം.

അതുപോലെ ഗൂഗിള്‍ പേ കസ്റ്റമര്‍ കെയറിന്റെ സഹായവും തേടാം. 18004190157 എന്ന നമ്പറിൽ  വിളിച്ച്‌ ഡയല്‍ ചെയ്‌ത് “അദര്‍ ഇഷ്യൂസ്” (Other issues) എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് കസ്റ്റമര്‍ കെയറിലെ വ്യക്തിയുമായി സംസാരിക്കാനുള്ള ഓപ്‌ഷന്‍ എടുത്ത് അക്കൗണ്ട് ബ്ലോക്ക് ചെയ്യാം.


0 comments: