2021, ഡിസംബർ 21, ചൊവ്വാഴ്ച

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വെബ്‌സൈറ്റ് വഴി അപേക്ഷാ ഫീസായി ഈടാക്കുന്നത് 1645 രൂപ

 സര്‍ക്കാര്‍ ജോലിയുടെ പേരില്‍ നിരവധി തട്ടിപ്പുകള്‍ ഇന്ന് നടക്കുന്നുണ്ട്. ഇടനിലക്കാരും വിവിധ വെബ്‌സൈറ്റുകളും ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികളില്‍ പണം വാങ്ങി തട്ടിപ്പ് നടത്താറുണ്ട്. അത്തരത്തിലുള്ള ഒരു തട്ടിപ്പ് ആണ് ഇപ്പോള്‍ പിഐബികണ്ടെത്തിയിരിക്കുന്നത്. നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റിനെക്കുറിച്ച്പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (PIB) സര്‍ക്കാര്‍ ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വ്യാജ വെബ്സൈറ്റിനെതിരെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കിയതിനെ തുടർന്നാണ് പിഐബി മുന്നറിയിപ്പ്  നൽകിയിരിക്കുന്നത്. കോവിഡ് 19ന്റെ പുതിയ വേരിയന്റായ ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിരവധി സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ ആവശ്യപ്പെടുന്നതിനിടെയാണ് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് പണം തട്ടിപ്പ് നടത്തുന്ന വ്യാജ വെബ്സൈറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

rashtriyaunnatikendra.org എന്നതാണ് വ്യാജ വെബ്സൈറ്റ്. സര്‍ക്കാര്‍ പദ്ധതികളില്‍ തൊഴില്‍ എന്ന വ്യാജേന ഉദ്യോഗാര്‍ത്ഥികളോട് അപേക്ഷാ ഫീസായി 1,645 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പിഐബി ഫാക്റ്റ് ചെക്ക് ഞായറാഴ്ച വെബ്‌സൈറ്റിനെതിരെ ഒരു അലര്‍ട്ട് ട്വീറ്റ് ചെയ്യുകയും നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും 'രാഷ്ട്രീയ ഉന്നതി കേന്ദ്ര' എന്ന സംഘടനയും തമ്മിലുള്ള ബന്ധം നിഷേധിക്കുകയും ചെയ്തു.

തൊഴില്‍ അന്വേഷകര്‍ക്ക് നൈപുണ്യ പരിശീലനത്തിനും തൊഴില്‍ അവസരങ്ങള്‍ക്കും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നതിനാണ് രാഷ്ട്രീയ ഉന്നതി കേന്ദ്രം ആരംഭിച്ചതെന്നാണ് വ്യാജ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. ഏകദേശം 224 ശാഖകളുടെ ശൃംഖലയും 500 കോടിയിലധികം വിറ്റുവരവും, ഇന്ത്യയിലുടനീളം സാന്നിധ്യവുമുണ്ടെന്നും സംഘടന അവകാശപ്പെടുന്നു. രാഷ്ട്രീയ ഉന്നതി കേന്ദ്രം ചണ്ഡീഗഡിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും വെബ്സൈറ്റില്‍ പറയുന്നു.

സര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റില്‍, റിക്രൂട്ട്മെന്റ് പ്രക്രിയയ്ക്കായി സീറ്റ് ക്രമീകരിക്കുന്നതിന് എല്ലാ വിഭാഗങ്ങളിലെയും ഉദ്യോഗാര്‍ത്ഥികള്‍ 1,645 രൂപ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. വിപണിക്കും വ്യവസായങ്ങള്‍ക്കും ആവശ്യമായ കഴിവ് പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015ലാണ് സ്‌കില്‍ ഇന്ത്യ സംരംഭം ആരംഭിച്ചത്. ഇന്ത്യാ പോസ്റ്റ്, ഐഎസ്ആര്‍ഒ, എച്ച്എഎല്‍, ഗെയില്‍ തുടങ്ങിയ മറ്റ് സര്‍ക്കാര്‍ പങ്കാളികൾക്കൊപ്പം ചേർന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും സംഘടന അവകാശപ്പെടുന്നു.

പണം നഷ്ടപ്പെടുന്ന ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍, ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും തൊഴില്‍ അവസരങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് സര്‍ക്കാര്‍ വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കണമെന്നും പിഐബി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ നിയമനങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിടുമെന്നും ഔദ്യോഗിക ട്വിറ്റര്‍ പേജുകളിലൂടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. എംപ്ലോയ്മെന്റ് വിവരങ്ങള്‍ പത്രപരസ്യങ്ങളിലൂടെ പ്രസിദ്ധപ്പെടുത്താറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


0 comments: