2021, ഡിസംബർ 17, വെള്ളിയാഴ്‌ച

അടുത്ത മാസം പകുതിയോടെ യൂറോപ്പ് ഒമിക്രോൺ പിടിയിലാവുമെന്നു യൂറോപ്യൻ കമ്മീഷന്റെ മുന്നറിയിപ്പ്

 


ജനുവരി പകുതിയോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോൺ വ്യാപനം സംഭവിച്ചേക്കാം യൂറോപ്യന്‍ കമ്മീഷന്റെ മുന്നറിയിപ്പ്. ഇക്കാലയളവില്‍ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ കൂടുതലും ഒമൈക്രോണ്‍ ബാധിച്ചത് മൂലമാകാമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ മുന്നറിയിപ്പ് നല്‍കി.

ഒമിക്രോൺ നേരിടാന്‍ യൂറോപ്യന്‍ യൂണിയനിലെ 27രാജ്യങ്ങള്‍ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞു. നിലവില്‍ യൂറോപ്യന്‍ ജനസംഖ്യയുടെ 66.6 ശതമാനം പേരും സമ്പൂര്‍ണവാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്. അതിനാല്‍ ഒമൈക്രോണിനെ അതിജീവിക്കാനുള്ള ശേഷി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഉണ്ട് എന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.അതേസമയം വര്‍ഷാന്ത്യത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളെ വീണ്ടും ബാധിക്കുമോ എന്ന ആശങ്കയും അവര്‍ പങ്കുവെച്ചു.

ക്രിസ്മസ് ഉള്‍പ്പെടെ വര്‍ഷാന്ത്യത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ക്ക് മഹാമാരി വീണ്ടും മങ്ങലേല്‍പ്പിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നിലവില്‍ രണ്ടു ഭീഷണികളെയാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നേരിടുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ ഡെല്‍റ്റ കേസുകളില്‍ ക്രമാതീതമായ വര്‍ധന ഉണ്ടായതിന് പുറമേ ഒമൈക്രോണ്‍ കേസുകള്‍ കൂടി വ്യാപിക്കുന്നതാണ് ആശങ്കയ്ക്ക് കാരണം. കൂടുതല്‍ ആളുകള്‍ രോഗികളായി മാറുന്നുണ്ട്. ആശുപത്രിയില്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. മരണസംഖ്യ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായും ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.

നിലവില്‍ ഡെല്‍റ്റയാണ് ഭീഷണി സൃഷ്ടിക്കുന്നത്. എന്നാല്‍ ഒമൈക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി കൂടുതലാണ് എന്നതാണ് ഒമൈക്രോണുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിക്കാന്‍ കാരണം. എങ്കിലും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചത് പ്രതീക്ഷ നല്‍കുന്നുണ്ട്. 30 കോടി ജനങ്ങള്‍ ഇതിനോടകം തന്നെ സമ്പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു. 6.2 കോടി ജനങ്ങള്‍ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ച് കഴിഞ്ഞതായും അവര്‍ അറിയിച്ചു.


0 comments: