മരുന്ന് നിർമ്മാതാക്കളായ മെർക്ക് നിർമ്മിച്ച കൊറോണയ്‌ക്കെതിരായ ആദ്യ ആന്റി വൈറൽ മരുന്നാണ് മോൽനുപിരാവിർ.ഇതുപയോഗിച്ചുള്ള കൊറോണ ചികിത്സയ്‌ക്ക് കേന്ദ്രസർക്കാർ അടുത്തിടെയാണ് അനുമതി നൽകിയത്. മോൽനുപിരാവിർ ഗുളികകൾക്ക് 2000 മുതൽ 3000 രൂപ വരെ ചെലവ് വന്നേക്കും. യു.എസ് കമ്പനികളായ മെർക്കും റിഡ്ജ്ബാക്ക് ബയോതെറാപ്റ്റിക്സും സംയുക്തമായി നിർമിച്ച ഈ ഗുളിക കൊറോണ മരണനിരക്ക് 50 ശതമാനം വരെ കുറക്കും. ഇന്ത്യയിൽ 13 മരുന്നുകമ്പനികളാണ് ഇത് വിപണിയിൽ എത്തിക്കുകയെന്നാണ് റിപ്പോർട്ട്.
മോൽനുപിരാവിർ 800 മില്ലിഗ്രാം ഗുളിക ദിവസം രണ്ടു വീതം അഞ്ച് ദിവസം കഴിക്കേണ്ടി വരുമെന്നാണ് നിർമാതാക്കൾ പറയുന്നത്. പക്ഷെ, ഇന്ത്യൻ കമ്പനികൾ 200 മില്ലിഗ്രാം അളവിലാണ് ഗുളികകൾ വിപണിയിൽ ഇറക്കുക. അതിനാൽ അഞ്ച് ദിവസത്തിനകം 40 ഗുളികകൾ കഴിക്കേണ്ടി വരും. നാറ്റ്കോ, ജെ.ബി കെമിക്കൽസ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്, ഹെടെറോ ഡ്രഗ്സ്, മാൻകൈൻഡ് ഫാർമ, വിയാട്രിസ്, സൺ ഫാർമ എന്നിവരുടെ മോൽനുപിരാവിർ ഗുളികകൾ ഈ ആഴ്‌ച്ച തന്നെ വിപണിയിൽ എത്തും.
മോൽനുപിരാവിർ സുരക്ഷിതമാണോ എന്ന് ആയിരം പേരിൽ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ഗുളികക്ക് അനുമതി നൽകിയ ഡ്രഗ് കൺട്രോൾ ആന്റ ജനറലിന്റെ ഉത്തരവ് പറയുന്നത്. മരുന്ന് ഉപയോഗിക്കുന്നവർക്കുണ്ടാവുന്ന മാറ്റങ്ങൾ പരിശോധിച്ച് കാലാകാലങ്ങളിൽ റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്.
പതിനെട്ട് വയസിന് താഴെയുള്ള കൊറോണ രോഗികൾക്ക് മോൽനുപിരാവിർ നൽകരുതെന്നാണ് യുഎസിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പറയുന്നത്. ശരീരത്തിലെ എല്ലുകളുടെയും കാർട്ടിലേജുകളുടെയും വളർച്ചയെ ഗുളിക പ്രതികൂലമായി ബാധിക്കാമെന്നതാണ് കാരണം. കൊറോണ ശരീരത്തിൽ പ്രവേശിക്കുന്നതിന് മുമ്പും ആശുപത്രിയിൽ മറ്റു ചികിൽസ നൽകിയതിന് ശേഷവും ഗുളിക നൽകരുതെന്നും നിർദേശമുണ്ട്.
ശരീരത്തിലെത്തുന്ന ഗുളികയിലെ രാസവസ്തുക്കൾ കൊറോണ വൈറസിന്റെ ജനിതക കോഡിൽ മാറ്റം വരുത്തും. അതോടെ അവയുടെ പെരുകൽ ഇല്ലാതാവും. പക്ഷെ, ഗുളിക അഞ്ച് ദിവസത്തിൽ കൂടുതൽ കഴിക്കുന്നതിന് വിലക്കുണ്ട്.എന്തായാലും കൊറോണ വകഭേദം സുനാമിപോലെ ലോകത്തെ പിടിമുറുക്കിയ സാഹചര്യത്തിൽ മോൽനുപിരാവിർ മറ്റ് വാക്‌സിനോടൊപ്പം ഒരു സംരക്ഷണ കവചമായി പൊരുതുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ പ്രതീക്ഷ.
0 comments: