2021, ഡിസംബർ 5, ഞായറാഴ്‌ച

അതിദാരിദ്ര്യം അനുഭവിക്കുവരുടെ സാദ്ധ്യതാ പട്ടിക 20 നകം

 

ജില്ലയിൽ അതിദാരിദ്ര്യം അനുഭവിക്കുവരുടെ സാദ്ധ്യതാ പട്ടിക 20 നകം അന്തിമമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർദ്ദേശം നൽകി.ജില്ലാ പഞ്ചായത്തിൽ നടന്ന ജില്ലാതല കോർ കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അവർ.ഇതിനായി വാർഡ് തലത്തിൽ ചുമതലപ്പെടുത്തിയ എന്യൂമറേറ്റർമാർക്കുള്ള പരിശീലനം പൂർത്തിയായിരുന്നു.ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 20000 പേർ പങ്കെടുത്ത ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ പ്രാഥമിക സാദ്ധ്യതാ പട്ടിക തയാറാക്കിയിരുന്നു.എന്യൂമറേഷൻ പ്രക്രിയ ജില്ലയിലൊട്ടാകെ ഏഴിനകം പൂർത്തിയാക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.ഇതിനായി വാർഡ് തലത്തിൽ ഒരു ഉദ്യോഗസ്ഥനും ഒരു വനിത ഉൾപ്പെടെ രണ്ട് സന്നദ്ധപ്രവർത്തകരുമടങ്ങുന്ന മൂന്നംഗ ടീമാണ് പ്രവർത്തിക്കുക.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണർ ജി.അനീസ്,കില ജില്ല ഫെസിലിറ്റേറ്റർ ബിന്ദു അജി, നഗരസഭ സെക്രട്ടറിമാർ, കുടുംബശ്രീ മിഷൻ, പ്ലാനിംഗ് ഓഫീസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

എന്യൂമറേറ്റർമാർ രേഖപ്പെടുത്തുന്ന വിവരങ്ങൾ അതത് വാർഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ പരിശോധിച്ച് എം.ഐ .എസ് വഴി അംഗീകരിച്ചാൽ മാത്രമേ കുടുംബത്തിന്റെ വിവരശേഖരണം പൂർത്തിയാകൂ.എന്യൂമറേഷൻ പട്ടികയിൽ വരുന്ന പരാതിയുള്ള കേസുകൾ ചർച്ച ചെയ്യാൻ ഗ്രാമസഭ കൂടുന്നതിനും സൂപ്പർ ചെക്കിംഗിനുമായി ഏഴു ദിവസത്തെ സമയം നൽകും.ഇതിനുശേഷം പട്ടിക അന്തിമമാക്കി അതിദരിദ്രർക്കായി പദ്ധതികൾ ആസൂത്രണം ചെയ്യും. പട്ടികയിൽ അർഹരായവർ തന്നെ ഉൾപ്പെടുന്നുവെന്നത് ഉറപ്പുവരുത്തേണ്ടത് തദ്ദേശസ്ഥാപന സെക്രട്ടറിയുടെ ഉത്തരവാദിത്തമായിരിക്കുമെന്ന് നിർണയ പ്രക്രിയയുടെ നോഡൽ ഓഫീസറായ പി.എ .യു .പ്രോജക്ട് ഡയറക്ടർ പി.എസ് .ഷിനോ പറഞ്ഞു.

 

0 comments: