2021, ഡിസംബർ 28, ചൊവ്വാഴ്ച

വിദ്യാഭ്യാസ വായ്പയെടുക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

 

വിദ്യാഭ്യാസ ലോണുകള്‍ വിവിധ പേരുകളില്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്. പ്രധാനമായും മൂന്ന് തരത്തിലാണ് വിദ്യാഭ്യാസ വായ്പകള്‍ തരംതിരിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ കോളേജുകളിലെ പഠനം, ഇന്ത്യയിലെ ഇതര കോളേജുകളിലെ പഠനം, ഇന്ത്യയ്ക്ക് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം എന്നീ ആവശ്യങ്ങൾക്കനുസരിച്ചാണ് അത്. ഓരോ ബാങ്കിലും പലിശ നിരക്കുകളും മറ്റ് നടപടിക്രമങ്ങളും വ്യത്യസ്തമായിരിക്കും. 

ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കാണ് പ്രധാനമായും ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നത്. ഇവയ്ക്കു പുറമെ, ഡിപ്ലോമ കോഴ്‌സുകള്‍, ടെക്‌നിക്കല്‍/പ്രൊഫഷണല്‍ ഡിഗ്രി എന്നീ കോഴ്‌സുകള്‍ക്കും വായ്പ ലഭിക്കുന്നതാണ്. ഈ കോഴ്‌സുകള്‍ യുജിസി, എഐസിടിഇ, എംസിഐ, ഗവണ്‍മെന്റ് അംഗീകാരമുള്ള കോളേജുകള്‍ എന്നിവ നടത്തുന്നവയാകണം. പൈലറ്റ് ട്രെയിനിംഗ്, നഴ്‌സിംഗ് ടീച്ചര്‍ ട്രെയിനിംഗ്,പിഎച്ച്ഡികള്‍, 6 മാസമോ കൂടുതലോ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്റ്റ് കോഴ്‌സുകള്‍, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ മുതലായ കോഴ്‌സുകളും വിദ്യാഭ്യാസ വായ്പയുടെ പരിധിയില്‍ വരും. 

അംഗീകൃത സ്ഥാപനങ്ങൾ, സര്‍ക്കാര്‍ കോളേജുകൾ, സര്‍ക്കാര്‍ സഹായത്തോടെയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍,അന്താരാഷ്ട്രകോളേജുകൾ,സര്‍വകലാശാലകൾ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്കാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ ലോണുകള്‍ നല്‍കുന്നത്. 

വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുമ്പോള്‍ പ്രതിമാസ പേയ്‌മെന്റുകള്‍ അല്ലെങ്കില്‍, ലോണിന്റെ മൊത്തം ചിലവ് അറിയണമെങ്കില്‍ നിങ്ങള്‍ക്ക് ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാവുന്നതാണ്. ലോണ്‍ തുക, പലിശ നിരക്ക്, കാലാവധി, പ്രൊസസ്സിംഗ് ഫീസ് എന്നീ വിശദാംശങ്ങള്‍ നല്‍കിയാല്‍ പ്രതിമാസ ഇന്‍സ്റ്റാള്‍മെന്റിന്റെ എസ്റ്റിമേറ്റ് ലഭിക്കും. കൂടാതെ, എത്ര പലിശ അടയ്‌ക്കേണ്ടി വരുമെന്ന വിവരവും വിശദമായ അമോര്‍ട്ടൈസേഷന്‍ ടേബിളും ലഭിക്കുകയും ചെയ്യും.

ലോണിന്റെ ഭാഗികമായ മുന്‍കൂര്‍ അടവുകള്‍ നടത്താന്‍ കടം നൽകുന്നവർ എല്ലാ വര്‍ഷവും അനുവദിക്കും. അത്തരം പേയ്‌മെന്റുകള്‍ നടത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഇഎംഐ കാല്‍ക്കുലേറ്ററില്‍ വിശദാംശങ്ങള്‍ നല്‍കാം. പലിശ തുകയില്‍ എത്ര ലാഭിക്കാമെന്നും ലോണ്‍ അടച്ചു തീര്‍ക്കേണ്ട കാലാവധി എത്ര വര്‍ഷം കുറയുമെന്നും കാല്‍ക്കുലേറ്ററിലൂടെ അറിയാം. 


വിദ്യാഭ്യാസ വായ്പയില്‍ ഉള്‍പ്പെടുത്തിയ ചെലവുകള്‍ 

  • ട്യൂഷന്‍ ഫീസ്; വിദ്യാര്‍ത്ഥിയുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള മൊത്തം ചെലവിന്റെ പകുതിയോളം ട്യൂഷന്‍ ഫീസ് വരും. സര്‍വ്വകലാശാലയ്ക്ക് നല്‍കേണ്ട ഏറ്റവും വലിയ തുക ട്യൂഷന്‍ ഫീസിന്റെ രൂപത്തിലുള്ളതാണ്. വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്ന് ട്യൂഷന്‍ ഫീസ് അടയ്ക്കലാണ്.
  • ഹോസ്റ്റല്‍ ഫീസ്
  • ഇന്‍ഷുറന്‍സ് പ്രീമിയം;ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ സാധാരണയായി വിദ്യാഭ്യാസ വായ്പയുടെ ഭാഗമല്ല. വായ്പ നല്‍കുന്നവരില്‍ ഭൂരിഭാഗവും ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവ് വഹിക്കുന്നില്ല. എന്നിരുന്നാലും, ചില ബാങ്കുകള്‍ കടം വാങ്ങുന്നയാളുടെ അഭ്യര്‍ത്ഥന പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവ് ഉള്‍പ്പെടുത്താന്‍ അനുവദിച്ചേക്കാം. 
  • പരീക്ഷ/ ലബോറട്ടറി/ ലൈബ്രറി ഫീസ്
  • വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ യാത്രാ ചെലവ്;താഴ്ന്ന, ഇടത്തരം വരുമാന വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്തേക്കുള്ള യാത്രാ ചെലവ് അതിഭീമമായിരിക്കും. അതിനാല്‍ യാത്രാ ടിക്കറ്റിന്റെ ചെലവ് മൊത്തത്തിലുള്ള വായ്പ തുകയില്‍ ഉള്‍പ്പെടുത്താനുള്ള ഓപ്ഷന്‍ പല ബാങ്കുകളും നല്‍കുന്നു. വായ്പയെടുക്കുന്ന ആളുടെ അഭ്യര്‍ത്ഥന പ്രകാരം ഇത് ഉള്‍പ്പെടുത്താം. 
  • പുസ്തകങ്ങള്‍/ ഉപകരണങ്ങള്‍/ യൂണിഫോം എന്നിവയുടെ വില
  • കോഴ്സ് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്ടോപ്പിന്റെ വില
  • സ്ഥാപന ബില്ലുകള്‍/ രസീതുകള്‍ , കോഷന്‍ ഡെപോസിറ്റ്, കെട്ടിട ഫണ്ട്
  •  പഠന ടൂറുകള്‍/തീസിസ്/പ്രോജക്റ്റ് വര്‍ക്ക് എന്നിങ്ങനെയുള്ള കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ മറ്റേതെങ്കിലും ചെലവ്. എന്നാല്‍ ചില ബാങ്കുകളില്‍ ഈ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടാകും.

 ചെലവുകള്‍ കണക്കാക്കുന്നതിന് മുമ്പ് ഒരു വിദ്യാര്‍ത്ഥി പരിഗണിക്കേണ്ട ഘടകങ്ങള്‍ എന്തൊക്കെ?

ഒരു പ്രത്യേക രാജ്യത്തിലെ താമസ ചെലവും ജീവിതച്ചെലവും കുറയ്ക്കുന്നതിന് താമസസ്ഥലം ഷെയര്‍ ചെയ്ത് ജീവിക്കാന്‍ ശ്രമിക്കുക.സര്‍വകലാശാല സ്ഥിതി ചെയ്യുന്ന നഗരത്തിലെ ഭക്ഷണത്തിന്റെ വില ശ്രദ്ധിയ്ക്കുക. കൂടാതെ, ഒരു വിദ്യാര്‍ത്ഥിക്ക് സ്വന്തമായി പാചകം ചെയ്യാന്‍ കഴിയുമെങ്കില്‍, അത് വിദ്യാഭ്യാസച്ചെലവ് ഗണ്യമായി കുറയ്ക്കും.ഗതാഗത ചെലവ്. യുഎസും ഓസ്‌ട്രേലിയയും പോലെ പലയിടത്തും ഇന്ധനവില താങ്ങാനാവുന്നതാണ്. കൂടാതെ കുറഞ്ഞ ചിലവില്‍, ഉപയോഗിച്ച കാറുകളും വിപണിയില്ലഭിക്കും. അയര്‍ലന്‍ഡ് പോലുള്ള സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുഗതാഗതത്തില്‍ കിഴിവ് ലഭിക്കും. ഇതെല്ലാം മുന്‍കൂട്ടി അന്വേഷിക്കണം.

യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന നഗരത്തില്‍ പാര്‍ട്ട് ടൈം ജോലി ഓപ്ഷനുകള്‍ ലഭ്യമാണ്. പല രാജ്യങ്ങളിലും മിനിമം വേതനത്തോടെ ആകര്‍ഷകമായ പാര്‍ട്ട് ടൈം ജോലികളുണ്ട്. ഇത് വിദ്യാര്‍ത്ഥികളെ അവരുടെ ജീവിതച്ചെലവിന്റെ ഗണ്യമായ തുക വഹിക്കാന്‍ സഹായിക്കും.


വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പ്രക്രിയയുമായി ബന്ധപ്പെട്ട പ്രധാന വിശദാംശങ്ങള്‍:


മൊറട്ടോറിയം കാലയളവ്: വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷമോ അല്ലെങ്കില്‍  ജോലിക്ക് ശേഷമോ വായ്പ അടച്ച് തുടങ്ങാന്‍ കഴിയും.


 വിദ്യാഭ്യാസ വായ്പകളുടെ പാര്‍ട്ട് പേയ്‌മെന്റ്: വിദ്യാഭ്യാസ വായ്പയുടെ ഗുണഭോക്താക്കള്‍ക്ക് അവരുടെ വായ്പകള്‍ക്ക് ഭാഗികമായി അടയ്ക്കാന്‍ അനുമതി നല്‍കും. 


 വിദ്യാഭ്യാസ വായ്പയുടെ മുന്‍കൂര്‍ പേയ്‌മെന്റ്: ഒരു അപേക്ഷകന് വായ്പ തുകയുടെ മുന്‍കൂര്‍ പേയ്‌മെന്റിനുള്ള ഫണ്ട് നല്‍കാം. ഇതിന് ഒരു പ്രോസസ്സിംഗ് ഫീസ് ഉണ്ടായിരിക്കും. 


ഐസിഐസി ബാങ്ക് വിദ്യാഭ്യാസ വായ്പനല്‍കുന്ന കോഴ്‌സുകള്‍

ഇന്ത്യയിലെ കോഴ്‌സുകള്‍: യുജിസി/എഐസിടിഇ/സര്‍ക്കാര്‍/എഐബിഎംഎസ്/ഐസിഎംആര്‍ തുടങ്ങിയവ അംഗീകരിച്ച അംഗീകൃത കോളേജുകള്‍/സര്‍വകലാശാലകള്‍ നടത്തുന്ന ബിരുദ/ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ഡിപ്ലോമയിലേക്ക് നയിക്കുന്ന അംഗീകൃത കോഴ്‌സുകള്‍.

അന്താരാഷ്ട്ര കോഴ്‌സുകള്‍: ബിരുദം (യുജി), ബിരുദാനന്തര ബിരുദം (പിജി) തലത്തില്‍ പ്രശസ്തമായ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തൊഴിലധിഷ്ഠിത ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ഡിപ്ലോമ/ പ്രൊഫഷണല്‍ കോഴ്‌സുകള്‍.

ഐസിഐസിഐ ബാങ്ക് വിദ്യാഭ്യാസ വായ്പയില്‍ ഉള്‍പ്പെടുത്തിയ ചെലവുകള്‍:


  • കോളേജ് / സ്‌കൂള്‍ / ഹോസ്റ്റലില്‍ ഫീസ് 
  • പരീക്ഷ/ ലൈബ്രറി/ ലബോറട്ടറി ഫീസ്
  • വിദേശപഠനത്തിനുള്ള യാത്രാ ചെലവുകള്‍/പാസേജ് പണം
  • വിദ്യാര്‍ത്ഥി വായ്പക്കാരന് ഇന്‍ഷുറന്‍സ് പ്രീമിയം
  • കോഷന്‍ ഡെപ്പോസിറ്റ്, ബില്‍ഡിംഗ് ഫണ്ട്/ റീഫണ്ടബിള്‍ ഡെപ്പോസിറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്ലുകള്‍/ രസീതുകള്‍ 
  • പുസ്തകങ്ങള്‍ / ഉപകരണങ്ങള്‍ / യൂണിഫോം / ഉപകരണങ്ങള്‍ വാങ്ങല്‍
  • കോഴ്സ് പൂര്‍ത്തിയാക്കാന്‍ ആവശ്യമെങ്കില്‍ മിതമായ നിരക്കില്‍ കമ്പ്യൂട്ടര്‍ വാങ്ങുക
  • പഠനയാത്ര, പ്രോജക്ട് വര്‍ക്ക്, തീസിസ് തുടങ്ങി കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ മറ്റേതെങ്കിലും ചെലവ്.


വിദ്യാഭ്യാസ ലോണ്‍ അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍

  • വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള അഡ്മിഷന്‍ ലെറ്റര്‍
  •  മാര്‍ക് ഷീറ്റുകള്‍
  • വയസ് തെളിയിക്കുന്ന രേഖകള്‍
  • ഐഡന്റിറ്റി രേഖകള്‍
  • വിലാസം തെളിയിക്കുന്ന രേഖകള്‍
  • ഒപ്പ്
  • സാലറി സ്ലിപ്പ്
  • ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്
  • വരുമാനം കണക്കാക്കുന്ന ഐടിആര്‍
  • ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ്
  • ബാങ്ക് സ്റ്റേറ്റ്‌മെന്റ്
  • വിറ്റുവരവിന്റെ തെളിവ് (സേവന നികുതി റിട്ടേണ്‍/ വില്‍പ്പന രസീത്)
  • ഒപ്പ് സഹിതമുള്ള ആപ്ലിക്കേഷന്‍
  • പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
  • വിദേശ പഠനത്തിന് അനുയോജ്യമായ വിസ


0 comments: