2021, ഡിസംബർ 2, വ്യാഴാഴ്‌ച

NCC വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷകൾ നടത്തണമെന്ന് സർവകലാശാലകൾക്ക് നിർദേശം നൽകി യുജിസി

 റിപ്പബ്ലിക് ദിനത്തിൽ സന്നദ്ധസേവനം നടത്തുന്ന എൻസിസി കേഡറ്റുകൾക്കായി പ്രത്യേക പരീക്ഷകൾ നടത്തണമെന്ന്നിർദേശിച്ച് യുജിസി. നാഷണൽ കേഡറ്റ് കോർപ്സിൽ (എൻസിസി) എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷകൾ നടത്തണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി) എല്ലാ അഫിലിയേറ്റഡ് കോളേജുകളോടും സർവ്വകലാശാലകളോടും ആവശ്യപ്പെട്ടു.

സ്പെഷൽ വിദ്യാർത്ഥികളായി ഇവരെ പരിഗണിക്കണം എന്നാണ് യുജിസിയുടെ ആവശ്യം. എല്ലാ വർഷവും റിപ്പബ്ലിക് ദിനാഘോഷത്തിനായുള്ള പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകരായ വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സമയം നഷ്ടമാകുന്നുണ്ട് എന്നും കൃത്യമായി ക്ലാസ്സുകളിൽ ഇരിക്കാൻ കഴിയാറില്ലെന്നും യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ നിരീക്ഷിച്ചു.

നാഷണൽ കേഡറ്റ് കോർപ്സിൽ അംഗമായിട്ടുള്ള വിദ്യാർത്ഥികളുടെ ‘നിസ്വാർഥ സേവനം’ വിലമതിക്കേണ്ടതാണെന്നും അവർക്ക് പ്രത്യേക പരിഗണന നൽകേണ്ടതാണെന്നും യുജിസി നിർദേശിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിനായുള്ള പരിശീലന ക്യാമ്പുകൾ ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുമ്പോൾ വിദ്യാത്ഥികൾക്ക് ചില സമയങ്ങളിൽ ക്ലാസുകൾ നഷ്ടപ്പെടുത്തേണ്ടി വരാറുണ്ട്. എന്നാൽ വിദ്യാർത്ഥികൾക്ക് പരിശീലനവും ഒഴിവാക്കാൻ സാധിക്കില്ല. ഈ വിഷയം പ്രത്യേക പരിഗണനയിൽ എടുക്കേണ്ട വിഷയമാണെന്ന് യുജിസി ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ വകുപ്പ്, ദേശീയ കേഡറ്റ് കോർപ്സ് പ്രോഗ്രാമുകൾ തുടങ്ങി വിവിധ ചുമതലകൾ എൻസിസി കേസറ്റുകൾക്ക് ലഭിക്കാറുണ്ട്. ഇതിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠന സമയം നഷ്ടപ്പെടുകയും ക്‌ളാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നുണ്ട്. ഇവർക്ക് പ്രത്യേക പരിഗണ നൽകി പ്രത്യേക പരീക്ഷ വ്യവസ്ഥകൾ നൽകണമെന്നും യുജിസി സർവ്വകലാശാലകളോട് ആവശ്യപ്പെട്ടു. നാഷണൽ കേഡറ്റ് കോർപ്സിൽ അംഗങ്ങളായ വിദ്യാർത്ഥികളുടെ പ്രത്യേക പരീക്ഷ വ്യവസ്ഥകൾ ഉൾകൊള്ളിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജുകളിലെയും സർവകലാശാലകളിലെയും ഡയറക്ടർമാർക്കും പ്രിൻസിപ്പൽമാർക്കും യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ കത്ത് നൽകി.

നാഷണൽ കേഡറ്റ് കോർപ്സിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകി നടത്തുന്ന പരീക്ഷകൾ മറ്റു വിദ്യാർത്ഥികളുടെ പരീക്ഷയ്‌ക്കൊപ്പം നടത്താതെ ഈ പരീക്ഷ പ്രത്യേക തീയതികളിൽ നടത്തേണ്ടതാണ് എന്ന് യുജിസി വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. അല്ലാതെ വീണ്ടും പരീക്ഷയ്ക്ക് ഹാജരായ ഉദ്യോഗാർത്ഥികൾ എന്ന നിലയിലല്ല ഇവരെ കണക്കാക്കേണ്ടതെന്നും യുജിസി വ്യക്തമാക്കി.

കൂടാതെ സെമസ്റ്റർ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് അതിന്റെ പേരിൽ പഠനത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക പരീക്ഷകൾ നടത്താനും ഇക്കാര്യത്തിൽ കൃത്യമായ സമയങ്ങളിൽ അധ്യാപകരടക്കം വേണ്ട നടപടിയെടുക്കാനും യുജിസി എല്ലാ സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി.

ഇതിനോടൊഇപ്പം 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി നവംബർ 29 ന് ബോധവൽക്കരണ പരിപാടികൾ നടത്താൻ എല്ലാ സർവകലാശാലകളോടും കോളേജുകളോടും യുജിസി ആവശ്യപ്പെട്ടിരുന്നു.ഇന്ത്യയുടെയും മറ്റ് ചില രാജ്യങ്ങളുടെയും നിർദ്ദേശപ്രകാരം ഐക്യരാഷ്ട്രസഭ 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കാൻ തീരുമാനിച്ചിരുന്നു.

0 comments: