2021, ഡിസംബർ 22, ബുധനാഴ്‌ച

5000 രൂപ കൈയ്യിലുണ്ടെങ്കിൽ ചെറു സംരംഭത്തിലൂടെ മാസം 50,000 രൂപ വരെ സമ്പാദിക്കാം

 മൂലധനം, ആശയ ദാരിദ്ര്യം ഈ രണ്ടു കാരണങ്ങളാണ് പലരേയും സംരംഭങ്ങളില്‍നിന്ന് അകറ്റുന്നത്. മികച്ച ഒരു ആശയം കൈയില്‍ ഉണ്ടെങ്കില്‍ പോലും കോവിഡ് കാലത്ത് വീട് വിട്ട് പുറത്തുപോകാന്‍  താല്‍പര്യപ്പെടാത്തതു മൂലം അവ വേണ്ടെന്നു വയ്ക്കുന്നവര്‍ ഇന്നു നിരവധിയാണ്. ഇത്തരക്കാര്‍ക്ക് വീട്ടിലിരുന്നു തന്നെ വരുമാനം കണ്ടെത്താന്‍ സാധിക്കുമെന്നു പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും.

സുഹൃത്തുക്കള്‍ ജോലിക്കുപോകുമ്പോള്‍ സങ്കടപ്പെടുന്ന വീട്ടമ്മമാര്‍ക്കും പരീക്ഷിക്കാവുന്ന ഒരു ബിസിനസ് ആശയം. വെറും 5,000 രൂപ കൈയില്‍ ഉണ്ടെങ്കില്‍ പരീക്ഷിക്കാവുന്ന ആശയങ്ങളിലൊന്നാണ് 'റഫ് ബുക്ക്'. കേള്‍ക്കുമ്പോള്‍ നിസാരമെന്നു തോന്നാം. പക്ഷെ വിപണികള്‍ ആശയത്തിനു അനുകൂലമാണെന്നതാണ് മനസിലാക്കേണ്ട കാര്യം.

വീട്ടിലിരുന്നു വരുമാനം കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റഫ് ബുക്ക് ബിസിനസ് 

വീട്ടിലിരുന്നു വരുമാനം കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റഫ് ബുക്ക് ബിസിനസ് തുടങ്ങാന്‍ ഇതിലും മികച്ച ഒരു സമയം ഇനി ലഭിക്കില്ല. കോവിഡ് നിയന്ത്രണങ്ങള്‍ മാറിവരുന്ന ഈ സമയത്ത് സ്‌കൂളുകളും കോളജുകളും ഓഫീസുകളും സജീവമായി തുടങ്ങി. വിദ്യാഭ്യാസ സ്ഥാപനമായാലും, മറ്റേതു സ്ഥാപനമായാലും റഫ് ബുക്കുകള്‍ ആവശ്യവസ്തു തന്നെയാണ്.വീട്ടില്‍ പഠിക്കുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍  നിങ്ങള്‍ക്ക്  തന്നെ മനസിലാക്കാവുന്നതേയുള്ളു ഇത്. പുതുവത്സരത്തോടെ സ്‌കൂളുകളുടേയും കോളജുകളുടേയും പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സാധാരണഗതിയിലെത്തുമെന്നാണു വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ മുതല്‍ മുടക്കിയാല്‍ മികച്ച ലാഭം ഉറപ്പാണ്. .പരീക്ഷണാടിസ്ഥാനത്തില്‍   തുടങ്ങിയാല്‍ പോലും നഷ്ടം വരില്ലെന്ന് ഉറപ്പ്.

ആവശ്യമായ വസ്തുക്കളും ചെലവും

മറ്റു ബിസിനസുകള്‍ക്ക് ആവശ്യമായതു പോലെ വലിയ സജീകരണങ്ങള്‍ ഒന്നും തന്നെ റഫ് ബുക്ക് നിര്‍മാണത്തിന് ആവശ്യമില്ല. വീടിന്റെ ഒരു മുറി അല്ലെങ്കില്‍ ഒരു ഭാഗം തന്നെ ധാരാളം. ഇവിടെ ആവശ്യമായ അസംസ്‌കൃത വസ്തു 80 ജി.എസ്.എമ്മിന്റെ വേസ്റ്റ് പേപ്പറാണ്. ഒരു കിലോ 80 ജി.എസ്.എം. പേപ്പറിന് ഏകദേശം 40- 45 രൂപ മാത്രമാണ് വിപണി വില. ബള്‍ക്കായി പേപ്പര്‍ എടുക്കാനായാല്‍ ഈ തുക പിന്നെയും കുറയ്ക്കാനാകും.

ഇങ്ങനെ ലഭിക്കുന്ന വലിയ പേപ്പര്‍ എ4 അളവിലേക്ക് മുറിക്കുന്നതിന് ഒരു കട്ടര്‍ ആവശ്യമാണ്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഈ കട്ടര്‍ 2,000 രൂപ നിരക്കില്‍ ലഭിക്കും. പിന്നെ ആവശ്യമായി വരുന്നത് കട്ട് ചെയ്ത പേപ്പറുകള്‍ ബുക്ക് ആക്കുന്നതിന് ഒരു സ്‌റ്റേപ്പിള്‍ ആണ്. ഈ സ്‌റ്റേപ്പിളിനും ഏകദേശം 1,700 രൂപ വരും. ഇത്രയും കാര്യങ്ങള്‍ തയാറാക്കാന്‍ സാധിച്ചാല്‍ ബിസിനസ് ആരംഭിക്കാം.

വരുമാനം എങ്ങനെ?

മുകളില്‍ പറഞ്ഞ കണക്കില്‍ എ4 സൈസിലുള്ള ഒരു റഫ് ബുക്ക് നിര്‍മിക്കാന്‍ 4- 5 രൂപ മാത്രമാണ് ചെലവ് വരുന്നത്. ഇന്നു വിപണിയില്‍ ലഭ്യമായ ഇത്തരം ബുക്കുകള്‍ക്ക് 15 രൂപയോളം വിലയുണ്ടെന്നതാണ് സത്യം. നേരിട്ട് സ്‌കൂളുകളിലേക്കും ആവശ്യ മേഖലകളിലേക്കും ഇവ എത്തിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചാല്‍ ലാഭം കുതിച്ചുയരും. എന്നാല്‍ സാധാരണക്കാര്‍ക്ക് വിപണി കണ്ടെത്തുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ നമ്മുക്ക് കടകളെ സമീപിക്കാം.

കടക്കാര്‍ക്ക് 3- 4 രൂപവരെ ലാഭം ലഭിക്കുന്ന രീതിയില്‍ റഫ് ബുക്കുകള്‍ കൈമാറാം. അതായത് ഒരു ബുക്കില്‍ നിന്നു നമ്മുക്ക് ലഭിച്ച ലാഭം 6- 8 രൂപ. അഞ്ചോ, ആറോ വിതരണക്കാരുമായി കരാറിലെത്തിയാല്‍ തന്നെ ദിവസം 300 ബുക്കുകള്‍ സുഖമായി വില്‍ക്കാം. 300 ബുക്കിന് 30 കിലോ പേപ്പർ ആണ് ആവശ്യം. ഇതിന് 1200 രൂപ മാത്രമേ ചെലവ് വരുന്നുള്ളു. ഒരു ദിവസത്തെ ലാഭം ഏകദേശം 2,400 രൂപ. ഈ കണക്കനുസരിച്ച് മാസം 72,000 രൂപ വരെ വരുമാനം പ്രതീക്ഷിക്കാം. തുടക്കകാര്‍ക്ക് എങ്ങനെ പോയാലും 50,000 രൂപവരെ കൈവരിക്കാം.


0 comments: