2021, ഡിസംബർ 6, തിങ്കളാഴ്‌ച

ഡെല്‍റ്റയെ അപേക്ഷിച്ച്‌ ഒമിക്രോണ്‍ വീണ്ടും ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതല്‍-ലോകാരോഗ്യസംഘടന

 


കൊവിഡ് 19-ന്റെ ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ , ഒമിക്രോണ്‍ വകഭേദം വീണ്ടും ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടി ( വൈറസ് ആദ്യം ബാധിച്ച്‌ 90 ദിവസങ്ങള്‍ക്ക് ശേഷം) കൂടുതലാണെന്ന് ലോകാരോഗ്യസംഘടനയിലെ ചീഫ് സയന്റിസ്റ്റായ ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. സിഎന്‍ബിസി-ടിവി 18ന് പ്രത്യേകം നല്‍കിയ അഭിമുഖത്തിലാണ് സൗമ്യ സ്വാമിനാഥന്‍ ഇക്കാര്യം പറഞ്ഞത്.ഒമിക്രോണ്‍ എത്രത്തോളം മാരകമാണെന്നും, വ്യാപനതോത് എങ്ങനെയാണെന്നുമുള്ള ഡാറ്റയ്ക്ക് സമയമെടുക്കുമെന്നും, ദക്ഷിണാഫ്രിക്കയിലെ ശക്തമായ സ്‌ട്രെയിനായി ഒമിക്രോണ്‍ മാറിയതായി മനസിലാക്കാമെന്നും അവര്‍ പറഞ്ഞു.

"ഡെല്‍റ്റയെ അപേക്ഷിച്ച്‌ ഒമിക്രോണ്‍ 90 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്. ഇത് എത്രത്തോളം ഗുരുതരമാണെന്നു അറിയുന്നതിനായി ആശുപത്രിയിലെ പ്രവേശനനിരക്ക് പഠിക്കണം. ഇതിനായി രണ്ടോ മൂന്നോ ആഴ്ച കാത്തിരിക്കണം”, ഡോ. സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.ദക്ഷിണാഫ്രിക്കയിലെ ഒമിക്രോണ്‍ കേസുകള്‍ അതിവേഗം വര്‍ധിക്കുകയാണ്. അവിടെ കൂടുതല്‍ കുട്ടികള്‍ രോഗബാധിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ കുട്ടികള്‍ക്ക് വാക്‌സിനുകള്‍ ലഭ്യമല്ലെന്നും വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്കായി വാക്‌സിനേഷന്‍ ആരംഭിച്ചതെന്നും ഇതുമൂലം കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഡോ.സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.

"കുട്ടികള്‍ക്കായി ധാരാളം വാക്സിനുകള്‍ ലഭ്യമല്ല, കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്ന വളരെ കുറച്ച്‌ രാജ്യങ്ങളാണുള്ളത്. കേസുകള്‍ കൂടുമ്ബോള്‍ കുട്ടികള്‍ക്കും വാക്സിന്‍ എടുക്കാത്തവര്‍ക്കും കൂടുതല്‍ വൈറസ്‌ ബാധകള്‍ ഉണ്ടാകാം. കുട്ടികളില്‍ ഒമിക്രോണ്‍ വേരിയന്റിന്റെ സ്വാധീനം കണ്ടെത്തുന്നതിനുള്ള ഡാറ്റയ്ക്കായി ഞങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്, "അവര്‍ പറഞ്ഞു. വാക്സിനേഷനില്‍ സമഗ്രവും ശാസ്ത്രാധിഷ്ഠിതവുമായ ഒരു സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പ്രായവും പ്രദേശവും അനുസരിച്ചുള്ള വാക്സിന്‍ ഡാറ്റ രാജ്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് മുന്‍ഗണന നല്‍കണം. വാക്‌സിനുകള്‍ മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്ന് യുഎസില്‍ നിന്നുള്ള ഡാറ്റകള്‍ വ്യക്തമാക്കുന്നുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.

"ആഗോളതലത്തില്‍ വാക്സിന്‍ കവറേജില്‍ അസമത്വമുണ്ട്. ലോകാരോഗ്യസംഘടനയുടെ ‘കൊവാക്‌സ്’ സൗകര്യത്തിന് കൊവിഷീല്‍ഡിനായി ഒരു വലിയ അഡ്വാന്‍സ് പര്‍ച്ചേസ് ഓര്‍ഡര്‍ ഉണ്ട്. അതുകൊണ്ട്, കൊവിഷീല്‍ഡ് വിതരണം ഇപ്പോള്‍ വര്‍ധിക്കും”, സൗമ്യ സ്വാമിനാഥന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.കോവോവാക്‌സിനുള്ള എമര്‍ജന്‍സി യൂസ് ഓതറൈസേഷന്‍ (EUA) വിലയിരുത്താന്‍ ലോകാരോഗ്യസംഘടനയുടെ കമ്മിറ്റി ഡിസംബര്‍ 16-ന് യോഗം ചേരും. 25 ഓളം രാജ്യങ്ങള്‍ വാക്‌സിന്‍ കവറേജിന്റെ കുറവ് നേരിടുന്നുണ്ടെന്ന് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

"യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ), മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്‌ആര്‍എ) എന്നിവയും ഈ മാസം നോവാവാക്‌സ് വാക്‌സിന്‍ വിലയിരുത്തുന്നുണ്ട്. ഒരു മഹാമാരിയില്‍ കൂടുതല്‍ ഡാറ്റ പങ്കിടല്‍ ആവശ്യമാണ്. വേരിയന്റുകളും ഡാറ്റയും വെളിപ്പെടുത്തുന്ന രാജ്യങ്ങളെ പിന്തുണയ്‌ക്കേണ്ടതുണ്ട്. രാജ്യങ്ങള്‍ക്കിടയില്‍ ഒരു ഏകോപിത കരാര്‍ ആവശ്യമാണ്, "അവര്‍ പറഞ്ഞു.


0 comments: