സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വർഗീകരണം നാളെ മുതൽ പ്രാബല്യത്തിൽ വരും. സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി നൽകും.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ശ്രദ്ധ നൽകാനും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ ഏകോപിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.സംസ്‌ഥാനത്ത് 83 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിനേഷൻ നൽകി. എന്നാൽ കാസർഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകൾ സംസ്‌ഥാന ശരാശരിക്കും താഴെയാണ്.
കുട്ടികളുടെ വാക്‌സിനേഷനിൽ സംസ്‌ഥാന ശരാശരി 66 ശതമാനമാണ്. എന്നാൽ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്‌സിനേഷൻ ശരാശരി സംസ്‌ഥാന ശരാശരിയേക്കാൾ കുറവാണ്.കുട്ടികളുടെ വാക്‌സിനേഷൻ, രണ്ടാം ഡോസ് വാക്‌സിനേഷൻ എന്നിവ സംസ്‌ഥാന ശരാശരിയേക്കാൾ കുറഞ്ഞ ജില്ലകൾ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടത്തണം. ഡയാലിസിസ് ആവശ്യമുള്ള കോവിഡ് രോഗികൾക്ക് എല്ലാ ജില്ലകളിലും സൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. ജില്ലകളിലെ ആവശ്യത്തിനനുസരിച്ച് ഡയാലിസിസ് സൗകര്യങ്ങൾ വർധിപ്പിക്കണം.
സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയുന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിച്ചു റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ (RRT) പരിശീലന പരിപാടി ഓൺലൈൻ ആയി സംഘടിപ്പിച്ചിരുന്നു. ആർ. ആർ. ടി അംഗങ്ങളും പൊതുജനങ്ങളും ഉൾപ്പെടെ 60,000 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തുഇ- ജാഗ്രതാ പോർട്ടലിൽ വിവരങ്ങൾ സമയബന്ധിതമായി നൽകേണ്ടത് വളരെ പ്രധാനമാണ്.
ഓക്സിജൻ വിവരങ്ങൾ, കിടക്കയുടെ ലഭ്യത എന്നിവ ആശുപത്രികൾ സമയബന്ധിതമായി നൽകണം. കോവിഡ് വ്യാപന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ നടപ്പിലാക്കും. ജനുവരി 26 ന് ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കും. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ, മുതിർന്ന പൗരന്മാർ, കുട്ടികൾ എന്നിവർക്കുള്ള നിർദ്ദേശങ്ങൾ, കോവിഡുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിർദ്ദേശങ്ങൾ എന്നിവ നൽകുന്ന പരിപാടിയിൽ റെസിഡന്റ്‌സ് അസ്സോസിയേഷനുകളോടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടും പങ്കെടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊവിഡ് രോഗികളെ പ്രവേശിപ്പിക്കാത്ത സ്വകാര്യ ആശുപത്രി അധികൃതരെ വിളിച്ച് സംസാരിക്കണം. ടെസ്റ്റുകൾ പരമാവധി ലാബുകളെ ആശ്രയിച്ച് ചെയ്യുന്നതാണ് നല്ലത്. പരിശീലനമില്ലാതെ വീടുകളിൽ സ്വയം നടത്തുന്ന ടെസ്റ്റ് പലപ്പോഴും തെറ്റായ ഫലത്തിലേക്ക് നയിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
0 comments: