2022, ജനുവരി 24, തിങ്കളാഴ്‌ച

ക്ലാസ്സുകള്‍ ഓണ്‍ലൈനാക്കുകയും പരീക്ഷകള്‍ മാറ്റിവെക്കുകയും വേണം: സുകുമാരന്‍ നായര്‍


സംസ്ഥാനത്തെ കോളേജുകള്‍ കോവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നതുവരെ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. കോളേജുകള്‍ അടച്ചിട്ടും അധ്യാപനം തടസ്സപ്പെടാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തിയും പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാവണം.

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് കോളേജുകളില്‍ ക്ലാസ്സുകളും പരീക്ഷകളും നടത്തുകയാണ്. കോളേജില്‍ എത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും നല്ലൊരു ശതമാനം കോവിഡ് ബാധിതരാണെന്ന കാര്യവും മറച്ചുവെക്കാനാവില്ല. പരീക്ഷ മേല്‍നോട്ടത്തിന് ആവശ്യമായ അധ്യാപകര്‍ പോലും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

കോളേജില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്താലും പരീക്ഷകള്‍ മാറ്റി വയ്ക്കാനോ കോളേജ് അടച്ചിടുവാനോ അധികാരികള്‍ തയ്യാറാകുന്നില്ല. ഇതിനെല്ലാമുപരി കോളേജുകളില്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് അനുമതിയും നല്‍കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അവര്‍ നിസ്സംഗത പുലര്‍ത്തുന്നത് ഭയാശങ്കകളോടെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡും കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച ഒമൈക്രോണും ഭീതി പരത്തിക്കൊണ്ട് സമൂഹത്തില്‍ വ്യാപിക്കുകയാണ്. സര്‍ക്കാര്‍ കണക്ക്പ്രകാരം കഴിഞ്ഞ ദിവസം 44.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള കുറ്റകരവും നിരുത്തരവാദപരവുമായ അനാസ്ഥയാണ് ഇതിനു കാരണമെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുപറയാനാവില്ലെന്നും ജി.സുകുമാരന്‍നായര്‍ വ്യക്തമാക്കി.





0 comments: