2022, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ആദായനികുതി വകുപ്പില്‍ തൊഴില്‍ വാഗ്‌ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു: അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

 ജോലി വാഗ്‌ദാനം ചെയ്തുകൊണ്ട് തട്ടിപ്പുകാര്‍ രം​ഗത്തെത്തിയിട്ടുണ്ടെന്ന് ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് എല്ലാ ദിവസവും സ്ഥിതിഗതികള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ , തട്ടിപ്പുകാര്‍ ഇപ്പോള്‍ തൊഴില്‍ വാഗ്‌ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദായനികുതി വകുപ്പില്‍ ജോലി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്തുകൊണ്ട് നിരവധി ആള്‍ക്കാര്‍ക്ക് തട്ടിപ്പുകാര്‍ വ്യാജ ജോയിനിം​ഗ് ലെറ്റര്‍ നല്‍കിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് നിരീക്ഷിച്ചു.

ആദായനികുതി വകുപ്പിലെ ബി ഗ്രൂപ്പിലെയും, സി ഗ്രൂപ്പിലെയും ജോലികള്‍ക്ക് വിജ്ഞാപനം പുറത്തിറക്കാന്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റിക്ക് (എസ്.എസ്.സി) മാത്രമാണ് അധികാരമുള്ളതെന്നും അധികൃതര്‍ അറിയിച്ചു.ഈ വകുപ്പില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രസക്തമായ എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. തട്ടിപ്പുകള്‍ നടക്കാന്‍ ഇടയായ അജ്ഞാത ലിങ്കുകള്‍ ഉപയോഗിക്കരുത്. ജോലി വാഗ്‌ദാനം ചെയ്യുന്ന പലരും പണം ലഭിക്കുന്നതോടെ ഒളിവില്‍ പോവുകയാണ്. അജ്ഞാതരായ ആള്‍ക്കാരുമായി ജോലി സംബന്ധമായ ഒരു ഇടപാടിലും ഏര്‍പ്പെടരുത്. അത്തരമൊരു തട്ടിപ്പിനെ കുറിച്ച്‌ നിങ്ങള്‍ക്ക് സംശയം തോന്നിയാല്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ പരാതി രജിസ്റ്റര്‍ ചെയ്യുക' വകുപ്പ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ മുന്നറിയിപ്പ് നല്‍കി.

0 comments: