ഇരുചക്രവാഹനങ്ങളിലടക്കം അശ്രദ്ധമായ ഡ്രൈവിങ്ങുമായി അഭ്യാസപ്രകടനം നടത്തുന്ന കുട്ടി ഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്.ഇത്തരക്കാരെ പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ കൈയോടെ പിടികൂടാനും നിലവിലെ ശിക്ഷാനടപടി കടുപ്പിക്കാനുമുള്ള പദ്ധതികളാണ് ആവിഷ്കരിച്ചതെന്ന് ആര്.ടി.ഒ ആര്. രമണന് അറിയിച്ചു. ജില്ലയില്‍ കൗമാരക്കാര്‍ ഉള്‍പ്പെടുന്ന വാഹനാപകട മരണങ്ങള് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.
ലഹരിയിൽ മുങ്ങിയുള്ള യാത്ര വേണ്ട
നിയമം ലംഘിച്ചും അപകടകരമായും വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ എല്ലാ ബുധനാഴ്ചകളിലും രാവിലെ മുതല്‍ വൈകീട്ട് വരെ പ്രധാന റോഡുകളില്‍ കര്‍ശന പരിശോധന നടത്തും. ലഹരിക്കടിമകളായ ലൈസന്‍സ് ഉടമകളെ എക്സൈസ് വകുപ്പുമായി ചേര്‍ന്ന് കണ്ടെത്തും. ഇവരെയും മാതാപിതാക്കളെയും വിളിച്ചുവരുത്തി കാര്യങ്ങള്‍ വിശദീകരിച്ച് നിയമനടപടി സ്വീകരിക്കും. ആവശ്യമെങ്കില്‍ ലൈസന്‍സ് റദ്ദാക്കുകയോ തല്‍ക്കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യും.
വ്യാപാരികൾക്ക് ഉദ്യോഗസ്ഥരെ അറിയിക്കാം
ജില്ലയിലെ വ്യാപാരി, വ്യവസായികള്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും അസി. ഇന്‍സ്പെക്ടര്‍മാരുടെയും മൊബൈല്‍ നമ്പറുകൾ നല്‍കും. ആരെങ്കിലും അപകടകരമായി വാഹനങ്ങള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ക്ക് ചിത്രങ്ങളും വിഡിയോയും എടുത്ത് ഉദ്യോഗസ്ഥര്‍ക്ക് അയക്കാം. പ്രായപൂര്‍ത്തിയാകാത്തവരാണ് വാഹനം ഓടിച്ചതെങ്കില്‍ ഇവരുടെ മാതാപിതാക്കളെയും വാഹന ഉടമയെയും വിളിച്ചുവരുത്തി നടപടി സ്വീകരിക്കും.ജില്ലയിലെ അപകട സാധ്യത മേഖലകള്‍ കണ്ടെത്തി അവിടങ്ങളില്‍ നിരന്തരം പരിശോധന നടത്തും.ഇതോടൊപ്പം മാധ്യമങ്ങള്‍ വഴി ബോധവത്കരണം ശക്തിപ്പെടുത്തും. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നിലവിലെ നടപടിക്കുപകരം കേസ് കോടതിക്ക് കൈമാറും.
നമ്പർ പ്ലേറ്റ് തട്ടിപ്പു വേണ്ട
വാഹനത്തിലെ അഭ്യാസപ്രകടനം ഹെല്‍മറ്റില്‍ ഘടിപ്പിച്ച കാമറയില്‍ പകര്‍ത്തുകയും പിന്നീട് ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കൗമാരക്കാര്‍ക്കിടയില്‍ വ്യാപകമാണ്. ഇത്തരക്കാരെ പ്രത്യേക സംവിധാനം വഴി കണ്ടെത്തി നടപടി സ്വീകരിക്കും. നമ്പർ പ്ലേറ്റ് പെട്ടെന്ന് ഊരിമാറ്റാവുന്ന വിധത്തിലും മടക്കിവെക്കാവുന്ന വിധത്തിലും രൂപമാറ്റം വരുത്തുന്നുണ്ട്. ഇങ്ങനെ രൂപമാറ്റം വരുത്തി നല്കുന്ന വാഹന ഡീലര്‍മാര്‍ക്കും വര്‍ക്ഷോപ് ഉടമകള്‍ക്കും കത്ത് നല്‍കും.
0 comments: