2022, ഫെബ്രുവരി 23, ബുധനാഴ്‌ച

ഒടുവിൽ ഫേസ്ബുക്കും റീൽസുമായി എത്തുന്നു

 ഒടുവിൽ ആഗോളതലത്തിൽ ഫേസ്‌ബുക്ക് റീൽസുമായി എത്തിയിരിക്കുകയാണ് മെറ്റാ. ഇന്നാണ് ഷോർട്ട് വീഡിയോ ഫീച്ചറായ റീലിസ് ഫേസ്‌ബുക്കിൽ ലഭ്യമാക്കുമെന്ന് മെറ്റ അറിയിച്ചത്. ആഗോളതലത്തിൽ 150 രാജ്യങ്ങളിലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ആൻഡ്രോയിഡിലും, ഐഒഎസിലും ഈ ഫീച്ചർ കൊണ്ട് വന്നിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ 2020 മുതൽ തന്നെ റീൽസ് ഫീച്ചർ ആരംഭിച്ചിരുന്നു.

നിലവിൽ ലോകത്ത് ഏറ്റവും വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന കോൺടെന്റ് ഫോർമാറ്റ് റീൽസാണെന്ന് മെറ്റാ പറഞ്ഞു. അതിനാൽ തന്നെ ഫേസ്‌ബുക്ക് ആഗോളത്തലത്തിൽ റീൽസ് അവതരിപ്പിക്കുകയാണെന്നും ഫേസ്‌ബുക്കിന്റെ സ്ഥാപകൻ മാർക്ക് സുക്കർബർഗ് ഫേസ്‌ബുക്കിൽ പറഞ്ഞു. മാത്രമല്ല റീൽസിന് പ്രത്യേകം എഡിറ്റിങ് ടൂളുകൾ ലഭ്യമാക്കുമെന്നും ഫേസ്‌ബുക്ക് അറിയിച്ചിട്ടുണ്ട്.

എഡിറ്റിങ് ടൂളുകളിൽ റീമിക്സ്, ഡ്രാഫ്റ്സ്, വീഡിയോ ക്ലിപ്പിങ് എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. റീമിക്സ് ടൂൾ ഉപയോഗിച്ച് പുതിയ റീല് ചെയ്യാനും, നേരത്തെ ഉപയോഗിച്ചിട്ടുള്ള റീലുകൾ ഉപയോഗിക്കാനും സഹായിക്കും. ഒരു റീലിനെ ഡ്രാഫ്റ്റായി സേവ് ചെയ്ത് സൂക്ഷിക്കാൻ സഹായിക്കുന്ന ടൂളാണ് ഡ്രാഫ്റ്റ്സ്. വീഡിയോ ക്ലിപ്പിങ് വിഡിയോകൾ എഡിറ്റ് ചെയ്യാൻ സഹായിക്കുമെന്നാണ് ഫേസ്‌ബുക്ക് അറിയിച്ചിരിക്കുന്നത്.

പുതിയ സൗകര്യം വഴി 60 സെക്കന്റ് വരെ ദൈർഘ്യം ഉള്ള റീൽസുകൾ ഉപഭോക്താക്കൾക്ക് ചെയ്യാൻ കഴിയും. ഫേസ്‌ബുക്കിന്റെ സ്റ്റോറീസ്, വാച്ച്, ഫീഡ് തുടങ്ങി എല്ലാ സെക്ഷനുകളിലും റീലിസ് കാണാൻ സാധിക്കുമെന്ന് ഫേസ്‌ബുക്ക് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത രാജ്യങ്ങളിൽ ഫീഡുകളിലേക്ക് വരുന്ന സജഷനുകളായി ആണ് ആദ്യമായി റീൽസ് അവതരിപ്പിക്കുന്നത്.


0 comments: