2022, ഫെബ്രുവരി 21, തിങ്കളാഴ്‌ച

പൊലീസുകാരന്റെ 2 ലക്ഷം രൂപ സൈബര്‍ തട്ടിപ്പുസംഘം അടിച്ചുമാറ്റി


തീക്കട്ടയിലും ഉറുമ്പരിക്കുക  എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ. നോയിഡയില്‍ സൈബര്‍ തട്ടിപ്പുസംഘം ഒരുപൊലീസുകാരനെ തട്ടിപ്പിനിരയാക്കിയതോടെ അതും സംഭവിച്ചു.രാജ്യത്ത് വ്യാപകമായ സൈബര്‍ തട്ടിപ്പു സംഘത്തിനെതിരെ പൊലീസ് ജാഗ്രതയോടെ നിലകൊള്ളുമ്ബോഴാണ് നോയിഡയിലെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ പറ്റിച്ച്‌ രണ്ട് ലക്ഷം രൂപ അടിച്ചുമാറ്റിയത്.കമ്പ്യൂട്ടർ , മൊബൈല്‍ ഫോണോ ഉപയോഗിച്ച്‌ മറ്റൊരു കമ്പ്യൂട്ടറോ , മൊബൈല്‍ ഫോണോ നിയന്ത്രിക്കാന്‍ കഴിയുന്ന ആപ്പ് പൊലീസുകാരന്റെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. നോയിഡ സെക്ടര്‍ 24 പൊലീസ് സ്റ്റേഷനിലെ കാരനായ ഹെഡ് കോണ്‍സ്റ്റബിള്‍ ദേവേഷ് കുമാര്‍ ഉപാധ്യായ (35) യാണ് തട്ടിപ്പിനിരയായത്.

തട്ടിപ്പ് നടന്നതിങ്ങനെ:

ഫെബ്രുവരി 15ന് ദേവേഷ് കുമാര്‍ ഉപാധ്യായയുടെ ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടു. അന്ന് തന്നെ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിൽ  വിളിച്ച്‌ കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ എക്‌സിക്യൂട്ടീവിനോട് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ മറ്റൊരു നമ്പറിൽ  നിന്ന് ഒരു കോള്‍ വന്നു. ബാങ്ക് ഉദ്യോഗസ്ഥനാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. "കാര്‍ഡ് വേഗം ബ്ലോക്ക് ചെയ്യാമെന്ന് വിളിച്ചയാള്‍ ഉറപ്പ് നല്‍കി. ചില വിശദാംശങ്ങള്‍ അയാള്‍ ചോദിച്ചു. ഒരു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും എന്നോട് ആവശ്യപ്പെട്ടു" -ദേവേഷ് കുമാര്‍ ഉപാധ്യായ പറഞ്ഞു.

"ഞാന്‍ അയാളെ വിശ്വസിച്ച്‌ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. പിന്നാലെ, അയാള്‍ എന്റെ ഫോണ്‍ നിയ​ന്ത്രിക്കാന്‍ തുടങ്ങി. എന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് ഇടപാടുകളിലായി രണ്ട് ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു" -ഉപാധ്യായ പറഞ്ഞു. തുടര്‍ന്ന് സെക്ടര്‍ 24 പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ ഐ.ടി ആക്‌ട് സെക്ഷന്‍ 66-ഡി പ്രകാരം കേസെടുത്തതായി സെക്ടര്‍ 24 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഗ്യാന്‍ സിങ് പറഞ്ഞു. സൈബര്‍ സെല്‍ കേസ് അന്വേഷിക്കുന്നതായും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളിലൂടെയും മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തിലൂടെയും പ്രതിയെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംശയാസ്പദമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്; അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്

സംശയാസ്പദമായ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് കാരണമായേക്കും.പിന്‍ നമ്പർ  നല്‍കാന്‍ ആവശ്യപ്പെടുന്ന രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് മറ്റൊരു രീതി. പണം സ്വീകരിക്കാനാണെന്ന് കരുതി പിന്‍ നമ്പർ  നല്‍കിയാല്‍ നമ്മുടെ അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തും. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് പറയുന്നു. ഈ നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ തട്ടിപ്പില്‍ വീഴാതെ രക്ഷപ്പെടാനാകും.

1. അക്കൗണ്ടിലെ തുക ആര്‍ക്കെങ്കിലും നല്‍കുന്നതിന് മാത്രമാണ് UPI PIN നല്‍കേണ്ടത്. പണം സ്വീകരിക്കാന്‍ UPI PIN നല്‍കേണ്ട ആവശ്യമില്ല.

2. ആര്‍ക്കെങ്കിലും പണം നല്‍കുന്നുവെങ്കില്‍ യു.പി.ഐ ഐ.ഡി പരിശോധിച്ച്‌ പണം സ്വീകരിക്കുന്ന ആളുടെ പേരുവിവരങ്ങള്‍ ഉറപ്പുവരുത്തുക. അതിന് ശേഷം മാത്രമേ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം അയക്കാവൂ.

3. ആപ്പിന്റെ യു.പി.ഐ പിന്‍ പേജില്‍ മാത്രമേ യു.പി.ഐ പിന്‍ ടൈപ് ചെയ്യാവൂ. മറ്റൊരിടത്തും യു.പി.ഐ പിന്‍ ഷെയര്‍ ചെയ്യരുത്.

4. പണം നല്‍കുന്നതിന് മാത്രമേ ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ടതുള്ളൂ. പണം സ്വീകരിക്കുന്നതിന് ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ട ആവശ്യമില്ല.

5. ഒരു കാരണവശാലും അജ്ഞാതരുടെ ആവശ്യപ്രകാരം ആപ്പുകളോ എസ്.എം.എസ് ഫോര്‍വെഡിങ് ആപ്പുകളോ ഡൗണ്‍ലോഡ് ചെയ്യരുത്. എനി ഡെസ്ക്, ടീം വ്യൂവര്‍ തുടങ്ങിയ ആപ്പുകള്‍ പണമിടപാടുമായി ബന്ധമുള്ളവയല്ല. ഇവ സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ഉപയോഗിക്കുന്നതാണ്. 

0 comments: