2022, ഫെബ്രുവരി 2, ബുധനാഴ്‌ച

പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകള്‍ക്ക് ഇനി ഡെബിറ്റ് കാര്‍ഡും നെറ്റ് ബാങ്കിങും

പോസ്റ്റ് ഓഫീസുകള്‍ ഇനി കോര്‍ ബാങ്കിങ് സംവിധാനത്തില്‍ വരുമെന്ന് ബജറ്റ്  പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ . 2022-ല്‍ 1.5 ലക്ഷം പോസ്റ്റോഫീസുകള്‍ 100 ശതമാനവും കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ വരും. ഇതോടെ നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, എടിഎമ്മുകള്‍ തുടങ്ങിയ ബാങ്കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാവും. ഓണ്‍ലൈനായി ബാങ്കിങ് ഇടപാട് നടത്താനും ഇതിലൂടെ അക്കൗണ്ട് ഉടമകള്‍ക്ക് സാധിക്കും. പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ക്കും ഇടയില്‍ ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പുതിയ മാറ്റം സഹായകരമാകും. ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാകും ഇതിന്റെ ഗുണം കൂടുതല്‍ ലഭിക്കുകയെന്നാണ് ബജറ്റ് വിലയിരുത്തുന്നത്.

ഡിജിറ്റല്‍ ബാങ്കിംഗ്, ഡിജിറ്റല്‍ പണമിടപാട്, ഫിന്‍ ടെക് സംവിധാനങ്ങള്‍ തുടങ്ങിയവ രാജ്യത്ത് അതിവേഗം വളര്‍ന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഡിജിറ്റല്‍ ബാങ്കിങിന്റെ പ്രയോജനങ്ങള്‍ ഉപഭോക്തൃ സൗഹൃദ രീതിയില്‍ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഈ മേഖലകളെ ഈ ബജറ്റിലും പ്രോത്സാഹിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി, 75 ജില്ലകളിലായി ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളില്‍ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡിബിയു) സ്ഥാപിക്കുമെന്ന് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു.

മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തിനുള്ള സാമ്പത്തിക പിന്തുണ 2022-23 ലും തുടരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പുനല്‍കി. ഇത് ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ ജനകീയമാക്കാന്‍ സഹായിക്കുമെന്നാണ് ബജറ്റില്‍ വിലയിരുത്തുന്നത്. സാമ്പത്തികവും ഉപഭോക്തൃ സൗഹൃദവുമായ പണമിടപാട് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

 


0 comments: