2022, ഫെബ്രുവരി 2, ബുധനാഴ്‌ച

എന്താണ് ഡിജിറ്റല്‍ കറന്‍സി? ബജറ്റ് പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്ത്?

 രാജ്യത്തിന്റെ സ്വന്തം ഡിജിറ്റല്‍ കറന്‍സി യാഥാര്‍ത്ഥ്യമാക്കുമെന്ന്  ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പൊതുബജറ്റ് പ്രഖ്യാപനം. റിസര്‍വ്വ് ബാങ്കിന് സമ്പൂര്‍ണ്ണ നിയന്ത്രണം ഉണ്ടാവുന്ന തരത്തില്‍ (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി) ഒരു ഡിജിറ്റല്‍ കറന്‍സി ഈ സാമ്പത്തിക വര്‍ഷം തന്നെ പുറത്തിറക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും പുതിയ ഡിജിറ്റല്‍ കറന്‍സിയെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതിന് പിന്നാലെ എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ബിറ്റ് കോയിനും എഥീറിയവും അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഭരണകൂടങ്ങളുടേയും ദേശീയ ബാങ്കിംഗ് സംവിധാനത്തിനും പുറത്ത് പ്രവര്‍ത്തിക്കകയും ഇവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നിയമ വിരുദ്ധവുമാണെന്നിരിക്കെ എത് തരത്തിലായിരിക്കും സര്‍ക്കാര്‍ ഡിജിറ്റല്‍ റുപീ തയ്യാറാക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 

ഡിജിറ്റല്‍ കറന്‍സി ആര് പുറത്തിറക്കും?

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആയിരിക്കും ഡിജിറ്റല്‍ കറന്‍സിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുക. ബ്ലോക് ചെയിന്‍ ടെക്‌നോളജിയുടെ സഹായത്തോടെ ഡിജിറ്റല്‍ കറന്‍സി സാധ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 

 എന്താണ് ഡിജിറ്റല്‍ കറന്‍സി?

 ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ രൂപയെ നിയമപരമായി ഉപയോഗിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് അനുമതി നല്‍കാനാണ് ലക്ഷ്യം. പേപ്പര്‍ കറന്‍സിക്ക് സമാനമായ മൂല്യം ഡിജിറ്റല്‍ കറന്‍സിക്കും നല്‍കുകയാണ് ലക്ഷ്യം. മറ്റ് പേപ്പര്‍ കറന്‍സികളുമായി ഈ ഡിജിറ്റല്‍ കറന്‍സി കൈമാറ്റം ചെയ്യാനും കഴിയും. 

ഡിജിറ്റല്‍ കറന്‍സിയുടെ ആവശ്യം? 

ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് മികച്ച സൗകര്യവും സുരക്ഷയും നല്‍കുക. ഇതിനൊപ്പം പരമ്പരാഗത ബാങ്കിംഗ് സംവിധാനത്തിന്റെ ക്രമീകരണങ്ങളും, കരുതലും പിന്തുണയും നല്‍കുക എന്നുമാണ് ലക്ഷ്യമാക്കുന്നത്. നിയമ വിരുദ്ധ ക്രിപ്റ്റോ കറസികളുടെ ഉപയോഗം തടയാനും തീരുമാനത്തിന് പിന്നിലുണ്ട്. 

ബജറ്റ് പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്ത്?

ക്രിപ്റ്റോകറന്‍സികളോടും സമാനമായ മറ്റ് വെര്‍ച്വല്‍ കറന്‍സികളിലും സര്‍ക്കാരിന്റെ നിലപാട് കൂടിയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ പുറത്ത് വരുന്നത്. ബിറ്റ്കോയിന്‍, ഈഥര്‍ തുടങ്ങിയ സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം, നികുതി വെട്ടിപ്പ് തുടങ്ങിയ നടക്കുന്നു എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ആര്‍ബിഐ പലതവണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതാണ് സ്വന്തമായി നിയമ സാധുതയുള്ള ഒരു ഡിജിറ്റല്‍ കറന്‍സി എന്ന നിലയില്‍ ചിന്തിക്കാന്‍ സര്‍ക്കാറിനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.ഡിജിറ്റല്‍ രൂപ എങ്ങനെ ഇടപാടുള്‍പ്പെടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔപചാരിക പ്രഖ്യാപനത്തോടെ മാത്രമായിരിക്കും പുറത്തുവരിക.




0 comments: