കാനഡയില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരു തീരുമാനമെടുക്കുന്നതിനു മുന്‍പ് അവര്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്തണമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്നു. സ്ഥാപനത്തിന്റെ രേഖകളും മറ്റും നല്ലവണ്ണം പരിശോധിച്ചതിനു ശേഷം മാത്രം അന്തിമ തീരുമാനത്തിലെത്തുക.റൈസിങ് ഫീനിക്സ് ഇന്റര്‍നാഷണല്‍ ഐ എന്‍ സി എന്ന സ്ഥാപനം നടത്തിയിരുന്ന, മോണ്‍ട്രിയലിലെ എം കോളേജ്, ഷേര്‍ബ്രൂക്കിലെ സി ഇ ഡി കോളേജ് ക്യുബെക് പ്രവിശ്യയിലെ ലോംഗുവെലിലെ സി സി എസ് ക്യു കോളേജ് എന്നിവ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ സഹായം തേടി തങ്ങളെ സമീപിച്ചതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
ഈ കോളേജുകള്‍ അടച്ചതുമൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉടനടി എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ ഒട്ടാവയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ വിദ്യാഭ്യാസ വിഭാഗത്തെ സമീപിക്കാനും നിര്‍ദ്ദേശമുണ്ട്. അല്ലെങ്കില്‍ ടൊറന്റോയിലുള്ള കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഫീസിനേയും സമീപിക്കാവുന്നതാണ്. ഈ-മെയില്‍ വഴിയോ നേരിട്ടോ വിദ്യാര്‍ത്ഥികള്‍ക്ക് കാര്യം ധരിപ്പിക്കാമെന്നും ഈ കുറിപ്പില്‍ പറയുന്നു.
കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം തേടുന്നതിനു മുന്‍പായി ആ സ്ഥാപനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള കാനഡ സര്‍ക്കാരിന്റെയോ ഏത്രെങ്കിലും പ്രവിശ്യാ സര്‍ക്കാരുകളുടെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാന്‍ ഹൈക്കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. മാത്രമല്ല കാനഡ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ നിങ്ങള്‍ പ്രവേശനം തേടാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ പേര് ഉണ്ടോ എന്നും പരിശോധിക്കണം.
വിദ്യാര്‍ത്ഥികള്‍ ഒരിക്കലും, ഇത്തരത്തില്‍ പരിശോധന നടത്തി കാര്യങ്ങള്‍ ബോദ്ധ്യപ്പെടാതെ ഏതെങ്കിലും വ്യക്തികള്‍ക്കോ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്കോ പണം നല്‍കരുതെന്നും തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്നും ഹൈക്കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. അതേസമയം, അടച്ചുപൂട്ടിയ കോളേജുകളിലെ വിദ്യാര്‍ത്ഥികളോട്, ഫീസ് തിരികെ കിട്ടാനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ നേരിട്ട് ബന്ധപ്പടാനാണ് പ്രവിശ്യാ സര്‍ക്കാര്‍ പറയുന്നത്. അതില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ക്യുബെക്കിലെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പരാതി സമര്‍പ്പിക്കാമെന്നും പറയുന്നു.
എന്നാല്‍, പ്രതിസന്ധിയിലായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനം മാറി വിദ്യാഭ്യാസം തുടരുന്നതിനായി ഗ്രേസ് പിരീഡ് അനുവദിക്കാമെന്ന് ക്യുബെക് സര്‍ക്കാര്‍ അറിയിച്ചതായി ഹൈക്കമ്മീഷന്‍ പറഞ്ഞു. അവര്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ ചേരാന്‍ അപേക്ഷിക്കാവുന്നതാണ്. അടച്ചുപൂട്ടിയ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തിയിരുന്ന റൈസിങ് ഫീനിക്സ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് സി എന്‍ ബി സി റിപ്പോര്‍ട്ട് ചെയ്യുനന്ത്.
ഇന്ത്യയില്‍ നിന്നും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നടക്കുന്ന സംശയാസ്പദമായ പ്രക്രിയകളുമായി ബന്ധപ്പെട്ട് എം കോളേജ്, സി ഡി ഇ കോളേജ് എന്നിവ ഉള്‍പ്പടെ നിരവധി സ്വകാര്യ കോളേജുകള്‍ക്കെതിരെ ക്യുബെക് സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് പാപ്പര്‍ ഹര്‍ജി നല്‍കുന്നതും കോളേജുകള്‍ അടച്ചുപൂട്ടുന്നതും.
0 comments: