സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം വരുത്തിയതായി മന്ത്രി ജി.ആര്.അനില്‍. ഇതു പ്രകാരം രാവിലെ എട്ടു മുതല്‍ 12 വരെയും വൈകീട്ട് നാലു മുതല്‍ ഏഴു വരെയും റേഷന്‍ കടകള്‍ തുറക്കും.ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 1,71,733 പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു. ജനുവരി 31 വരെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് 1,67,032 കാര്‍ഡുകള്‍ മുന്‍ഗണന കാര്‍ഡുകളാക്കി മാറ്റി നല്കി. പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കും കാര്‍ഡുകള്‍ മാറ്റി നല്‍കുന്നതിനും ലഭിക്കുന്ന അപേക്ഷകള്‍ അതിവേഗത്തില്‍ പരിശോധിച്ചു തീര്‍പ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 മാസത്തിനിടെ റേഷന്‍ കാര്‍ഡുകള്‍ സംബന്ധിച്ച വിവിധ ആവശ്യങ്ങളുമായി 23,29,632 അപേക്ഷകള്‍ വകുപ്പില്‍ ലഭിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. മുന്‍ സര്‍ക്കാറിന്റെ കാലത്ത് തീര്‍പ്പാക്കാനുണ്ടായിരുന്ന 43,069 അപേക്ഷകളും ഇക്കാലത്തു പരിഗണിച്ചു. ഇതു രണ്ടും ചേര്‍ത്തുള്ള 23,72,701 അപേക്ഷകളില്‍ 22,87,274 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ചു. കാര്‍ഡ് മാറ്റം, തിരുത്തലുകള്‍ തുടങ്ങിയവക്കായി സമര്‍പ്പിച്ച അപേക്ഷകളാണ് അധികവും. പുതിയ റേഷന്‍ കാര്‍ഡിനു ലഭിച്ച അപേക്ഷകള്‍ 1,82,490 അപേക്ഷകള്‍ പരിശോധിച്ച് 1,71,733 പേര്‍ക്കു പുതിയ റേഷന്‍ കാര്‍ഡ് നല്കി.
കഴിഞ്ഞ മേയ് മുതല്‍ 2022 ജനുവരി 31 വരെ 2,64,614 അപേക്ഷകളാണു മുന്‍ഗണനാ വിഭാഗത്തിലേക്കു മാറ്റാന്‍ ലഭിച്ചത്. ഭക്ഷ്യമന്ത്രിയുടെ അദാലത്ത് വഴി 2,02,474 അപേക്ഷകള്‍ അടക്കമാണിത്. ഇതില്‍നിന്നാണ് 1,67,032 പേര്‍ക്കു മുന്‍ഗണന കാര്‍ഡ് നല്‍കാനായത്. ഇതില്‍ 17,162 എണ്ണം എ.എ.വൈ വിഭാഗത്തിലേക്കും 1,49,870 എണ്ണം പി.എച്ച്.എച്ച് വിഭാഗത്തിലേക്കുമാണു മാറ്റി നല്‍കിയത്.കാര്‍ഡ് മാറ്റുന്നതിനു പുതുതായി ലഭിക്കുന്ന അപേക്ഷകള്‍ അതിവേഗത്തില്‍ പരിശോധിക്കും. ഇതുവരെ ലഭിച്ച അപേക്ഷകള്‍ ഈ മാസം 25നകം പരിശോധിച്ച് റിപ്പോര്‍ട്ട് അതത് ജില്ല സപ്ലൈ ഓഫിസര്‍മാര്‍ സര്‍ക്കാറിലേക്കു നല്‍കണം. ഇതില്‍ അര്‍ഹരായവര്‍ക്ക് ഏപ്രില്‍ രണ്ടാം വാരത്തോടെ പി.എച്ച്.എച്ച് കാര്‍ഡുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
0 comments: