ഇതിലേക്കു വിരല്‍ചൂണ്ടുന്ന ചില വസ്തുതകള്‍ ഇങ്ങനെ:
∙10-15 വയസ്സില്‍ത്തന്നെ രക്തസമ്മര്‍ദവും കൊളസ്ട്രോളും പ്രമേഹവും കണ്ടെത്തുന്ന കുട്ടികള്‍ ഏറുന്നു.
∙ ഒഴിവാക്കാന്‍ പാടില്ലാത്തതും നന്നായി കഴിക്കേണ്ടതുമായ പ്രഭാതഭക്ഷണം കുട്ടികളില്‍ ഏറെപ്പേരും ഉപേക്ഷിക്കുന്നു.
∙ ഫാസ്റ്റ്ഫുഡിനും ശീതളപാനീയങ്ങള്‍ക്കും കുട്ടികള്‍ അടിമകള്‍. ഫലം പൊണ്ണത്തടിയും ആരോഗ്യപ്രശ്നങ്ങളും.
∙ മലബന്ധം വ്യാപക ആരോഗ്യപ്രശ്നം.
∙ കായികമായ കളികളില്ല, വ്യായാമമില്ല ഇതും പൊണ്ണത്തടിക്കു മുഖ്യകാരണം. വിവിധതരം സന്ധിവേദനകള്‍ വ്യാപകം.
∙ കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞു. കാന്‍സറും ഹൃദ്‌രോഗവും കരള്‍വീക്കവും ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഏറുന്നു.
∙ മൂന്നുവയസ്സുള്ള കുട്ടികള്‍ മുതല്‍ സ്കൂള്‍ ബാഗായി ചുമക്കുന്നത് അമിതഭാരം. തോള്‍, നട്ടെല്ല് വേദനയുടെ അടിസ്ഥാന കാരണം ഭാരിച്ച ബാഗുകള്‍.
∙ സൗജന്യ പ്രതിരോധ കുത്തിവയ്പ് 100% കുട്ടികളിലേക്ക് എത്തുന്നില്ല. ഇതുമൂലം പല ഗുരുതരരോഗങ്ങളും കുട്ടികളെ കീഴ്പ്പെടുത്തുന്നു.
∙ കുട്ടികളില്‍ ഭൂരിപക്ഷവും ടിവിക്കും മൊബൈലിനും മറ്റ് ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ക്കും അടിമകള്‍. ഇത് ശാരീരിക-മാനസിക ആരോഗ്യത്തെ ഒരുപോലെ തകരാറിലാക്കുന്നു.
∙ കാഴ്ചത്തകരാറുകളാല്‍ കണ്ണടവയ്ക്കേണ്ടിവരുന്ന കുട്ടികളുടെ എണ്ണം പതിന്‍മടങ്ങായി.
∙ കുട്ടികളില്‍ നല്ലപങ്കും വിഷാദം ഉള്‍പ്പെടെയുള്ള മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍. വഴിതെറ്റാനുള്ള സാധ്യതകളുമേറെ. പ്രധാനകാരണം കുടുംബത്തിലെ പ്രശ്നങ്ങളും രക്ഷിതാക്കളുമായി ആരോഗ്യകരമായ ആശയവിനിമയം ഇല്ലായ്മയും.
ഈ പറയുന്ന പ്രശ്നങ്ങളിലൊന്നുപോലും തങ്ങളുടെ കുട്ടികളെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുപറയാന്‍ കഴിയുന്ന എത്ര രക്ഷിതാക്കള്‍ കേരളത്തിലുണ്ട്? നന്നായി വളര്‍ത്തുന്നു എന്നു വിശ്വസിക്കുന്ന നമ്മുടെ കുട്ടികളുടെ ആരോഗ്യം ആശങ്കകളുടെ കുന്തമുനയിലാണെന്ന് ഈ വസ്തുതകള്‍ വ്യക്തമാക്കുന്നു.
നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണു ചികില്‍സകര്‍ പറയുക. ആഹാരം നന്നായാല്‍ ആരോഗ്യം നന്നായി എന്നതു തന്നെ കാരണം; പ്രത്യേകിച്ചു കുട്ടിക്കാലത്ത്. നമ്മുടെ കുട്ടികളില്‍ 70 ശതമാനത്തോളം പ്രഭാതഭക്ഷണം ഒഴിവാക്കിയോ വേണ്ടത്ര കഴിക്കാതെയോ ആണ് ട്യൂഷനായും സ്കൂള്‍ ബസിനായും ഓടുന്നതെന്നാണ് ഐഐപി വിവിധ ജില്ലാ ഘടകങ്ങള്‍ സ്കൂളുകളില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നത്. പ്രഭാതഭക്ഷണം കഴിക്കാത്ത കുട്ടിയെ പഠിക്കാന്‍ വിട്ടാല്‍ അതുകൊണ്ടു ദോഷംമാത്രമേയുള്ളൂവെന്നു തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ശിശുരോഗവിഭാഗം അഡീഷനല്‍ പ്രഫസറും ഐഎപി സംസ്ഥാന പ്രസിഡന്റുമായ ഡോ. ആനന്ദകേശവന്‍ ചൂണ്ടിക്കാട്ടുന്നു.
പക്ഷേ, നല്ല ഭക്ഷണം എന്നത് ഇഷ്ടഭക്ഷണം എന്ന നിലയിലേക്കു വഴിമാറുന്നതാണു പ്രശ്നം. അതിരാവിലെ ട്യൂഷനോടെ ആരംഭിക്കുന്ന ഒരു കുട്ടിയുടെ ദിനചര്യയില്‍ രക്ഷിതാക്കള്‍ ആശ്വാസത്തോടെയും വിശ്വാസ്യതയോടും കൂടി നല്‍കിയിരുന്ന പ്രഭാതഭക്ഷണങ്ങളിലൊന്നാണ് ഈയിടെ രാജ്യമെങ്ങും നിരോധിച്ച മാഗി നൂഡില്‍സ്. വീട്ടമ്മയ്ക്കു മിനിട്ടുകള്‍കൊണ്ടു പാകംചെയ്യാം. കുട്ടികള്‍ക്ക് ഇഷ്ടവുമാണ്. അതായിരുന്നു മാഗി പ്രിയപ്പെട്ടതാക്കിയത്. പക്ഷേ, മാഗിയില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസഘടകങ്ങള്‍ അനുവദനീയമായതിലും ഉയര്‍ന്നതോതില്‍ അടങ്ങിയിട്ടുണ്ടെന്നു വ്യക്തമായതോടെയാണു ഇഷ്ടഭക്ഷണത്തിന്റെ കാര്യം എത്ര കഷ്ടമാണെന്നു വീട്ടമ്മമാര്‍ തിരിച്ചറിഞ്ഞത്.
ഇത്തരം ഫാസ്റ്റ് ഫുഡ് രീതികളിലേക്കു കുട്ടികള്‍ അടുക്കുന്നതും അടിമപ്പെടുന്നതും സമയവും സൗകര്യവും നോക്കുന്ന രക്ഷിതാക്കളുടെ സമീപനം കൊണ്ടു തന്നെയാണെന്ന് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് കണ്‍സല്‍ട്ടന്റ് ഡോ. എം.എന്‍. വെങ്കിടേശ്വരന്‍ പറയുന്നു.
കുട്ടികളുടെ ഭക്ഷണം: ശ്രദ്ധിക്കേണ്ടത്
∙ പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ഏറ്റവും നന്നായി സമയമെടുത്തു തന്നെ കഴിക്കുന്നു എന്ന് ഉറപ്പാക്കുക.
∙വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണമാണ് ഏറ്റവും നല്ലത്. സ്കൂളിലേക്കു കൊടുത്തു വിടുന്നതും ഇതുമതി.
∙ ആവിയില്‍ പാകം ചെയ്ത (എണ്ണചേരാത്ത) ഇഡ്ഡലിയും പുട്ടുമെല്ലാം ഏറെ ഉത്തമമാണ്. ഇവയില്‍ നിന്നു ശരീരത്തിനാവശ്യമായ ഊര്‍ജം മാത്രമല്ല, പോഷകങ്ങളും ധാതുക്കളുമെല്ലാം യഥേഷ്ടം കിട്ടും.
∙ നാരുകള്‍ ഏറെയുള്ള പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും കൂടുതലായി ഉള്‍പ്പെടുത്തിയ ഭക്ഷണങ്ങളാണു കുട്ടികളെ കഴിപ്പിച്ചു ശീലിപ്പിക്കേണ്ടത്. കൊഴുപ്പ് ഏറെയുള്ള മാംസഭക്ഷണം മിതമായി മതി. പ്രത്യേകിച്ചു വറുത്തതും പൊരിച്ചതുമായവ.
∙ ഹോട്ടലുകളില്‍ നിന്നും മറ്റുമുള്ള ഭക്ഷണം ശീലമാക്കാതിരിക്കുക. ഫാസ്റ്റ് ഫുഡിനും പാനീയങ്ങള്‍ക്കും കുട്ടികള്‍ അടിമപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. മാഗി നൂഡില്‍സിന്റെ കാര്യം തന്നെ സാക്ഷ്യം.
∙ ഉച്ചഭക്ഷണവും രാത്രിഭക്ഷണവും മിതമായി മതി. അതും രാത്രി എട്ടിനു മുന്‍പു തന്നെ കഴിക്കുക. ആഹാരം കഴിച്ചു രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞു മാത്രമേ ഉറക്കം പാടുള്ളൂ. ഇല്ലെങ്കില്‍ ദഹനത്തെ ബാധിക്കും.
∙ ദിവസവും കുറഞ്ഞത് ആറ്-എട്ട് ഗ്ലാസ് വെള്ളം കുട്ടികള്‍ കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
0 comments: