2022, മാർച്ച് 16, ബുധനാഴ്‌ച

യൂറോപ്പിലും ഏഷ്യയിലും കോവിഡ് വർധിക്കുന്നു; ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

 

യൂറോപ്പിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ. കോവിഡ് വൈറസിന്റെ ജനിതക ശ്രേണീകരണം ഊര്‍ജിതമാക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. 

രാജ്യത്തെ വാക്‌സിനേഷന്‍ സാഹചര്യം മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, പുതിയ വകഭേദങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ജനിതക ശ്രേണീകരണം തുടങ്ങിയ വിഷയങ്ങളും ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ വിശകലനം ചെയ്തു.ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് ഖോകലെ, നീതി ആയോഗ് അംഗം വികെ പോള്‍, ഐസിഎംആര്‍ തലവന്‍ ഡോ ബല്‍റാം ഭാര്‍ഗവ, എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ എന്നിവരടങ്ങിയ  സംഘമാണ് യോഗത്തില്‍ പങ്കെടുത്തത്.

നിലവിൽ ചൈന, സിംഗപ്പൂര്‍, ഹോങ്‌കോങ്, വിയറ്റ്‌നാം തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും ചില യൂറോപ്പ്യന്‍ രാജ്യങ്ങളിലുമാണ് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമിക്രോണ്‍ വ്യാപനത്തിലുള്ള കാലതാമസം, ബിഎ.2 വകഭേദത്തിന്റെ വ്യാപനം, കോവിഡ് നിയന്ത്രണങ്ങളിലെ അലംഭാവം എന്നിവയെല്ലാമാണ് ഇപ്പോള്‍ ചൈന ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലെ കേസുകളുടെ വര്‍ദ്ധനവിന് കാരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  എന്നാൽ കോവിഡ് കേസുകളിലുണ്ടാകുന്ന പുതിയ വര്‍ധന ഇന്ത്യയെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

0 comments: