2022, മാർച്ച് 2, ബുധനാഴ്‌ച

ഡാറ്റാ എഞ്ചിനീയറിംഗ് മുതല്‍ ബാങ്കിംഗ് വരെ; ഈ വര്‍ഷം മുതല്‍ വിവിധ IITകളില്‍ ആരംഭിക്കുന്ന പുതിയ കോഴ്സുകൾ

 
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റികൾക്കും പ്രൊഫഷണലുകള്‍ക്കുമായി നിരവധി പുതിയ കോഴ്സുകള്‍ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. ഡാറ്റാ എഞ്ചിനീയറിംഗും ക്ലൗഡ് കമ്പ്യൂട്ടിംഗും മുതല്‍ നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് വരെ ഈ വര്‍ഷം ഐഐടികളില്‍ ആരംഭിച്ച ഏറ്റവും പുതിയ കോഴ്സുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. വിശദമായി അറിയാം:

ഐഐടി മദ്രാസ് പ്രീമിയര്‍ ബാങ്കര്‍ കോഴ്‌സ്

ബിഎഫ്എസ്‌ഐ (BFSI - Banking, Financial Services and Insurance) മേഖലയില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്ന ഏത് വിഷയത്തിലെയും ബിരുദധാരികള്‍ക്ക് ഈ ബാങ്കിംഗ് കോഴ്സ് തിരഞ്ഞെടുക്കാം. ഈ കോഴ്സിലൂടെ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, ഡിജിറ്റല്‍ ബാങ്കിംഗ്, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ലഭിക്കും. 4-6 മാസത്തെ 240 മണിക്കൂറിലധികമുള്ള പരിശീലന പരിപാടികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. നൂറുകണക്കിന് ചോദ്യങ്ങളും ഒന്നിലധികം അസൈന്‍മെന്റുകളുമുള്ള മൊഡ്യൂളുകള്‍ വിദ്യാര്‍ത്ഥികൾക്ക് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സർവ്വീസസ് എന്നിവയില്‍ മികച്ച കരിയർ വാഗ്ദാനം ചെയ്യുമെന്ന് ഐഐടി പറഞ്ഞു.

ഐഐടി ജോധ്പൂര്‍ പിജി ഡിപ്ലോമ ഇന്‍ ഡാറ്റ എഞ്ചിനീയറിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്

ഐഐടി ജോധ്പൂര്‍ 12 മാസത്തെ ഡാറ്റാ എഞ്ചിനീയറിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയില്‍ പിജി ഡിപ്ലോമയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ കോഴ്സ് ഐടി, സോഫ്റ്റ്വെയര്‍, ടെക്നോളജി ഈ മേഖലകളില്‍ വളര്‍ച്ച ആഗ്രഹിക്കുന്ന പ്രൊഫഷണലുകളെ ലക്ഷ്യമിട്ടുള്ളവയാണ്. അപേക്ഷകര്‍ക്ക് എഞ്ചിനീയറിംഗിലോ സയന്‍സിലോ ബിരുദം അല്ലെങ്കില്‍ സയന്‍സ്, എംസിഎ, അല്ലെങ്കില്‍ സമാനമായവയില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. കുറഞ്ഞത് 50 ശതമാനം മാർക്ക് അഥവാ സിജിപിഎ 5.0 സ്‌കെയിൽ ഉണ്ടായിരിക്കണം. കൂടാതെ 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. മാര്‍ച്ച് 11 വരെ അപേക്ഷിക്കാം.

ഐഐടി മദ്രാസ് 4 മാസത്തെ ANCYS സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് ആഴത്തിലുള്ള അറിവ് വാഗ്ദാനം ചെയ്യുന്ന ഒരു സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആണ് ഐഐടി മദ്രാസ് ആരംഭിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് 5ജി നെക്സ്റ്റ്-ജെന്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, ഓട്ടോണമസ് വെഹിക്കിള്‍ എഞ്ചിനീയറിംഗ്, സ്മാര്‍ട്ട് മൊബിലിറ്റി, ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) എഞ്ചിനീയറിംഗ് എന്നിവയാണ് ഇവിടെ വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾ. ഏപ്രില്‍ 14 ന് ആരംഭിക്കുന്ന കോഴ്സ് ഓഗസ്റ്റ് 14 വരെ തുടരും. രജിസ്ട്രേഷനുള്ള അവസാന തീയതി ഏപ്രില്‍ 7 ആണ്.

ഐഐടി റൂര്‍ക്കി ഓണ്‍ലൈന്‍ കോഴ്സ് ഇന്‍ നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗ്

ഐഐടി റൂര്‍ക്കി ആരംഭിച്ചിരിക്കുന്നത് നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് (എന്‍എല്‍പി) എന്നൊരു ഓണ്‍ലൈന്‍ കോഴ്‌സാണ്. നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗിനെക്കുറിച്ച് അറിവ് നേടുന്നതിനാണ് ഈ കോഴ്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും കോഴ്സ് സർട്ടിഫിക്കറ്റ് നൽകും. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വ്യവസായികള്‍, വിദേശ അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ക്ക് കോഴ്സിനായി അപേക്ഷിക്കാം.

ഐഐടി ഖരഗ്പൂര്‍ ബ്ലോക്ക്‌ചെയിന്‍ കോഴ്‌സ്

ഐഐടി ഖരഗ്പൂര്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയെക്കുറിച്ചും അതിന്റെ ആപ്ലിക്കേഷനെക്കുറിച്ചും 12 ആഴ്ചത്തെ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. എഐസിടിഇ അംഗീകൃതമായ ഈ കോഴ്സ് ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയുടെ അടിസ്ഥാന ഡിസൈന്‍ തത്വങ്ങൾക്ക് ആമുഖം നല്‍കുന്ന കോഴ്സാണ്. കോഴ്സിന് ചേരുന്ന അപേക്ഷകര്‍ക്ക് കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകള്‍, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, ക്രിപ്റ്റോഗ്രഫി, നെറ്റ്വര്‍ക്ക് സുരക്ഷ എന്നിവയെക്കുറിച്ച് അറിവുണ്ടായിരിക്കണം.

0 comments: