2022, മാർച്ച് 9, ബുധനാഴ്‌ച

സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും വേണ്ട; ഇനി സാദാ ഫോണിലും ഗൂഗിള്‍ പേയും, ഫോണ്‍ പേയും, പുതിയ തീരുമാനവുമായി റിസര്‍വ് ബാങ്ക്

 

ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള വിവിധ ആപ്പുകള്‍ വഴി സ്മാര്‍ട്ട് ഫോണുകളില്‍ പണമിടപാടുകള്‍ നടത്തിയിരുന്ന യുപിഐ സേവനം ഇനി സാധാരണ ഫോണുകളിലും ലഭ്യമാകും.ഇതിനുള്ള പുതിയ സംവിധാനം റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കി. യുപിഐ '123പേ' എന്നു പേരിട്ടിരിക്കുന്ന ഈ സേവനം ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് കഴിഞ്ഞ ദിവസം പുതിയ സംവിധാനം അവതരിപ്പിച്ചത്. ഇന്ത്യയില്‍ നിലവിലുള്ള 40 കോടി ഫീച്ചര്‍ ഫോണ്‍ (സാദാ ഫോണ്‍) ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപകാരപ്പെടുമെന്നാണ് റിസര്‍വ് ബാങ്ക് അവകാശപ്പെടുന്നത്. ഇതുവഴി സമൂഹത്തിലെ ദുര്‍ബലമായ ഒരു വിഭാഗത്തിന് ഡിജിറ്റല്‍ പേയ്മെന്റ് മേഖലയിലേക്ക് പ്രവേശനം ലഭിക്കും. ഇത് സാമ്പത്തിക  മേഖലയിലേക്ക് വലിയൊരു വിഭാഗത്തെ കൈപിടിച്ചുയര്‍ത്തുകയും ചെയ്യുമെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

യുപിഐ 123 പേ വഴി നാലു തരത്തില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ പണമിടപാട് പൂര്‍ത്തിയാക്കാം. ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് (ഐവിആര്‍) നമ്പർ , മിസ് കോള്‍ സംവിധാനം, ഫീച്ചര്‍ ഫോണിലെ ആപ്പ് പ്രവര്‍ത്തനം, പ്രോക്സിമിറ്റി ശബ്ദാധിഷ്ഠിത പേയ്മെന്റ് എന്നീ നാലു സാങ്കേതിക വിദ്യകളാണ് പണമിടപാടുകള്‍ നടത്താന്‍ ഇതില്‍ ഉപയോഗിക്കുന്നത്.

പണമിടപാട്, ബില്‍ അടയ്ക്കല്‍, ഫാസ്റ്റ് ടാഗ് റീച്ചാര്‍ജിംഗ്, ബാങ്ക് അക്കൗണ്ട് ബാലന്‍സ് ചെക്ക് ചെയ്യല്‍ തുടങ്ങി മറ്റ് യുപിഐ ആപ്പുകളില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇതിലും ലഭിക്കും. ഈ സംവിധാനത്തിന് മുഴുവന്‍ സമയ പിന്തുണയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനും റിസര്‍വ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഡിജി ശക്തി എന്ന പേരില്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഇതിനായി ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 14431, 1800 891 3333 എന്നീ നമ്പറിൽ  സഹായം തേടാം.

0 comments: