2022, മാർച്ച് 26, ശനിയാഴ്‌ച

ഇനി സ്‌റ്റെതസ്‌കോപ്പും വേണ്ടിവരില്ല; സ്മാര്‍ട്ട് ഫോണിലൂടെ ഹൃദ്‌രോഗവും നേത്രരോഗങ്ങളും തിരിച്ചറിയാം

 

വാഷിംഗ്ടണ്‍ | സ്മാര്‍ട്ട് ഫോണിന്റെ വരവോടെ മറ്റു നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടുകഴിഞ്ഞു.മൊബൈല്‍ ഫോണുകള്‍ നമ്മുടെ ക്യാമറകളും ടെലിവിഷന്‍ സ്‌ക്രീനുകളും ഡയറിക്കുറിപ്പുകളും ആയി മാറിയതാണ് ചരിത്രം. ഇനി ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന സ്റ്റെതസ്‌കോപ്പുകളും രോഗപരിശോധനാ ഉപകരണങ്ങളും കൂടിയായി അവ മാറിയാലോ? അത്തരത്തില്‍ ഒരു പരീക്ഷണമാണ് ഗൂഗിള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകളില്‍ പകര്‍ത്തുന്ന കണ്ണുകളുടെ ചിത്രങ്ങളും സ്മാര്‍ട്‌ഫോണ്‍ മൈക്ക് വഴി രേഖപ്പെടുത്തുന്ന ഹൃദയ ശബ്ദങ്ങളും ഉപയോഗിച്ച്‌ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമോ എന്ന ഗവേഷണത്തിലാണ് ഗൂഗിള്‍. സ്മാര്‍ട്ട്‌ഫോണിന്റെ ബില്‍റ്റ്‌ഇന്‍ മൈക്രോഫോണ്‍ നെഞ്ചില്‍ വയ്ക്കുമ്ബോള്‍ ഹൃദയമിടിപ്പും ഹൃദയമർമരവും രേഖപ്പെടുത്തി അനലൈസ് ചെയ്ത് രോഗലക്ഷണങ്ങള്‍ കണ്ടെത്താനാകുമോ എന്നാണ് ഗൂഗിള്‍ അന്വേഷിക്കുന്നതെന്ന് കമ്ബനിയുടെ ഹെല്‍ത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മേധാവി ഗ്രെഗ് കൊറാഡോ പറഞ്ഞു. ഹൃദയ വാല്‍വ് തകരാറുകള്‍ നേരത്തേ കണ്ടുപിടിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കുകയും മുതിര്‍ന്നവരില്‍ അന്ധതക്ക് പ്രധാന കാരണമാവുകയും ചെയ്യുന്ന പ്രമേഹവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കണ്ടെത്തുന്നതിന് സ്മാര്‍ട്ട്‌ഫോണില്‍ പകര്‍ത്തുന്ന കണ്ണുകളുടെ ഫോട്ടോ വഴി സാധിക്കുമോ എന്നതാണ് നേത്ര ഗവേഷണമേഖലയില്‍ ഗൂഗിള്‍ നടത്തുന്ന മറ്റൊരു അന്വേഷണം. ഇന്ത്യയിലും തായ്‌ലന്‍ഡിലും ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്താന്‍ ഗൂഗിളിന്റെ ഹെല്‍ത്ത് യൂണിറ്റ് ഇതിനകം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നുണ്ട്. ഇതുവരെ ഒരു ലക്ഷം രോഗികളെ ഇതുവഴി പരിശോധിച്ചുകഴിഞ്ഞു.

ക്ലിനിക്കുകളിലെ ടേബിള്‍ടോപ്പ് ക്യാമറകള്‍ ഉപയോഗിച്ച്‌ പകര്‍ത്തുന്ന ചിത്രങ്ങളിലൂടെ നേരത്തെ നല്ല ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സ്മാര്‍ട്ട്‌ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങളിലൂടെ ഇത് സാധിക്കുമോ എന്നാണ് ഇപ്പോള്‍ നോക്കുന്നതെന്നും ടെക് ഭീമന്‍ പറഞ്ഞു.ഗൂഗിളിന്റെ പുതിയ പരീക്ഷണം വിജയകരമായാല്‍ വീട്ടില്‍ ഇരുന്നുതന്നെ ഹൃദ്രോഗം, തിമിരം, ഗ്ലൂക്കോമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ വേഗത്തില്‍ കണ്ടെത്താനാകും. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ ഉപയോഗിച്ച്‌ ഹൃദയത്തിന്റെയും ശ്വാസോച്ഛ്വാസത്തിന്റെയും നിരക്ക് അളക്കുന്നത് സംബന്ധിച്ച്‌ കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ പ്രൊജക്‌ട് ഗൂഗിള്‍ അവതരിപ്പിക്കുന്നത്.

0 comments: