2022, മാർച്ച് 23, ബുധനാഴ്‌ച

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ വാട്സാപ് അക്കൗണ്ട് ബ്ലോക്ക് ചെയ്യും

രാജ്യത്ത് ഏറ്റവും പ്രചാരമേറിയ സ്വകാര്യ സന്ദേശക്കൈമാറ്റ സംവിധാനമായ വാട്‌സാപ് ചില ഉപയോക്താക്കളുടെ അക്കൗണ്ട് നിരോധിക്കാറുണ്ട്. ഉദാഹരണത്തിന് ഈ വര്‍ഷം ജനുവരിയില്‍ മാത്രം ഏകദേശം 18,58,000 നിരോധിച്ചുവെന്ന് കമ്പനി  അറിയിച്ചിരുന്നു. പുതിയ ഇന്ത്യന്‍ ഐടി നിയമം അനുസരിക്കാനായി  കമ്പനി ഇപ്പോള്‍ മാസത്തെയും കണക്കുകള്‍ പുറത്തുവിടുന്നുണ്ട്. ഓരോ മാസവും ഇതുപോലെയുള്ള നിരവധി അക്കൗണ്ടുകള്‍ നിരോധിക്കുന്നു. അക്കൗണ്ട് നിരോധിക്കപ്പെടാതിരിക്കാനായി ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. അവയില്‍ പ്രധാനപ്പെട്ടവയുടെ ലിസ്റ്റ് പരിശോധിക്കാം:

💥മറ്റുള്ളവരില്‍ നിന്ന് അനാവശ്യ സന്ദേശങ്ങളും കോളുകളും മറ്റും ലഭിക്കാതിരിക്കാനായി അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യാനും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനും വാട്‌സാപ് ഒരോ ഉപയോക്താവിനും അവസരം നല്‍കുന്നുണ്ട്. ആരെങ്കിലും നിങ്ങളുടെ അക്കൗണ്ട് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്കു ചെയ്യുകയും കൂടെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ വാട്‌സാപ് നിങ്ങളുടെ അക്കൗണ്ടും ബ്ലോക്കു ചെയ്‌തേക്കാം.

💥ഒരാള്‍ തുടര്‍ച്ചയായി 120 ദിവസം അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കില്‍ ആ അക്കൗണ്ട് നിഷ്‌ക്രിയമായ അക്കൗണ്ടുകളുടെ പട്ടികയില്‍ പെടുത്തി നിരോധിക്കാറുണ്ട്.

💥വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ താത്പര്യമുള്ള ആളാണെന്നു കണ്ടെത്തിയാലും വാട്‌സാപ് അക്കൗണ്ട് നിരോധിക്കപ്പെടും. വാട്‌സാപ്പിന്റെ ഉടമ മെറ്റാ  കമ്പനിയുടെ പുതിയ നയത്തിന്റെ ഭാഗമാണിത്.

💥വാട്‌സാപ് വഴി വൈറസുകളെയും മാല്‍വെയറിനെയും അയച്ചുവെന്നു കണ്ടെത്തിയാല്‍ ആപ് നിരോധിക്കപ്പെടും. കംപ്യൂട്ടറിനെയൊ ഫോണിനെയൊ ബാധിക്കാവുന്ന വൈറസുകള്‍ അടങ്ങുന്ന സന്ദേശങ്ങള്‍ അയയ്ക്കുകയോ, ഫോര്‍വേഡ് ചെയ്യുകയോ ചെയ്താല്‍ പോലും അക്കൗണ്ട് നിരോധിക്കും.

💥സ്പാം സന്ദേശങ്ങള്‍ അയച്ചു എന്നു കണ്ടെത്തിയാല്‍ അക്കൗണ്ട് നിരോധിക്കപ്പെടും. അനാവശ്യ സന്ദേശങ്ങളെ അടക്കമാണ് സ്പാം എന്ന ഗണത്തില്‍ പെടുത്തുന്നത്. പരസ്യക്കാരും തട്ടിപ്പുകാരും ഇത് വ്യാപകമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നു. സ്ഥിരമായി സ്പാമുകള്‍ അയയ്ക്കുന്നവര്‍ക്ക് ബാന്‍ ഉറപ്പാണ്.

💥അനധികൃത വാട്‌സാപ് അക്കൗണ്ടുകള്‍ നിരോധിക്കപ്പെടും. ഇതിനായി വാട്‌സാപ്പിന് വളരെ വിശദമായ പദ്ധതി തന്നെയുണ്ട്. ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്തുക  കമ്പനിക്ക് എളുപ്പമാണ്.

💥വാട്‌സാപ്പിന്റെ പല വകഭേദങ്ങളും ഇന്ന് ലഭ്യമാണ്. ഉദാഹരണത്തിന് വാട്‌സാപ് ഡെല്‍റ്റാ, ജിബിവാട്‌സാപ്, വാട്‌സാപ് പ്ലസ് തുടങ്ങിയ ആപ്പുകള്‍ ചില അധിക ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. പക്ഷേ, ഇവയുടെ ഉപയോഗം മെറ്റാ  കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരം ആപ്പുകള്‍ സ്വകാര്യത നഷ്ടപ്പെടുത്തുമെന്നാണ്  കമ്പനി പറയുന്നത്. അതിനാല്‍ അവ ഉപയോഗിച്ചാല്‍ അക്കൗണ്ട് നഷ്ടപ്പെട്ടേക്കാം.

💥നിയമപരമല്ലാത്ത ഉള്ളടക്കങ്ങള്‍, അശ്ലീലം, മാനഹാനിയുണ്ടാക്കുന്ന സന്ദേശങ്ങള്‍, ഭീഷണി, ശല്യപ്പെടുത്തല്‍, ദോഷകരമായ സന്ദേശങ്ങള്‍ തുടങ്ങിയവ അയച്ചു എന്നു കണ്ടാല്‍ അക്കൗണ്ട് നിരോധിച്ചിരിക്കുകയാണ്.

0 comments: