2022, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഭൂമിയുടെ ആധാരം നഷ്ടപ്പെട്ടാല്‍ അടിയന്തിരമായി ചെയ്യണ്ട കാര്യങ്ങള്‍ മനസിലാക്കുക, മറ്റുള്ളവര്‍ക്കു ഷെയര്‍ ചെയ്യുക

 ഭൂമി സംബന്ധിച്ച്‌ ഏറ്റവും പ്രധാനപ്പെട്ട രേഖ അതിന്റെ ആധാരമാണ്. വസ്തു ആരുടെ കയ്യിലാണോ നിലവിലുള്ളത്, ആരില്‍ നിന്നാണോ വസ്തു വാങ്ങിയത്, ആ സ്ഥലത്തെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ എല്ലാം ഉള്‍പ്പെട്ട ആധികാരികരേഖയാണ് ആധാരം.ഏതെങ്കിലും കാരണത്താല്‍ ആധാരം നഷ്ടപ്പെടുകയാണെങ്കില്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല.ആധാരം നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെണെന്ന് നോക്കാം.

നിങ്ങള്‍ ഏത് രജിസ്ട്രാര്‍ ഓഫീസിലാണോ ആധാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്, ആ ഓഫീസില്‍ ആധാരത്തിന്റെ ഒരു കോപ്പി സൂക്ഷിക്കുന്നുണ്ടാവും. അതുകൊണ്ടുതന്നെ ഒറിജിനല്‍ ആധാരം നഷ്ടപ്പെടുകയാണെങ്കില്‍ കോപ്പി ലഭിക്കുന്നതിനായി രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇത്തരത്തില്‍ ആധാരത്തിന്റെ കോപ്പിക്ക് വേണ്ടി അപേക്ഷ നല്‍കുമ്ബോള്‍ ആധാരത്തിലെ നമ്പർ , രജിസ്റ്റര്‍ ചെയ്ത തീയതി, ആധാരം ചെയ്യുന്ന ആള്‍, ചെയ്തു നല്‍കിയ ആള്‍ എന്നീ വിവരങ്ങള്‍ നല്‍കണം. എന്നാല്‍ ഇവിടെ സംഭവിക്കുന്നത് ആധാരം ചെയ്ത ആളിനെ പറ്റിയും ചെയ്തു നല്‍കിയ ആളെ പറ്റിയും അറിയാമെങ്കിലും ആധാരം ചെയ്ത തീയതിയോ നമ്പറോ ഓര്‍മയില്‍ ഉണ്ടാകണമെന്നില്ല.

എന്നാല്‍ കീഴാധാരത്തിനു വേണ്ടിയാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ ആധാരത്തിന്റെ മുകളില്‍ അതിന്റെ നമ്ബര്‍ നല്‍കിയിട്ടുണ്ടാകും. ആ നമ്പർ കൊടുത്താല്‍ മതി. എന്നാല്‍ ഒരു മേല്‍ ആധാരത്തിന്റെ നമ്പറാണ് ആവശ്യമായി വരുന്നത് എങ്കില്‍, അതിന്റെ നമ്പർ ലഭിക്കുന്നതിനായി കുടിക്കട സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ Encumbrance സര്‍ട്ടിഫിക്കറ്റിനു അപേക്ഷ നല്‍കേണ്ടതുണ്ട്. ഇത് ഓണ്‍ലൈന്‍ വഴി സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷിക്കാവുന്നതാണ്. ആ സ്ഥലത്തെ സംബന്ധിച്ച്‌ എല്ലാവിധ കൈമാറ്റ കാര്യങ്ങളും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഇതില്‍ വസ്തു ആര്, ആര്‍ക്കു നല്‍കി എന്നത് നോക്കി ആധാര നമ്പർ കണ്ടെത്താവുന്നതാണ്. എന്നുമാത്രമല്ല കുടിക്കട സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ആ ആധാരം മറ്റാരുടെയെങ്കിലും പേരില്‍ രജിസ്റ്റര്‍ ചെയ്ത് പോയിട്ടുണ്ടോ എന്നും അറിയാം. ഈ കാരണത്താല്‍ ഒരു ആധാരം നഷ്ടപ്പെട്ടാല്‍ കുടിക്കട സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുന്നത് വളരെയേറെ പ്രാധാനപ്പെട്ട കാര്യം തന്നെയാണ്.

കുടിക്കട സര്‍ട്ടിഫിക്കറ്റ് വഴി ആധാരത്തിന്റെ നമ്പർ, രജിസ്റ്റര്‍ ചെയ്ത തീയതി എന്നിവ ലഭിച്ചാല്‍ അടുത്തതായി ചെയ്യേണ്ടത് നഷ്ടപ്പെട്ട ആധാരത്തിന്റെ കോപ്പിക്കായി അപേക്ഷ നല്‍കുക എന്നതാണ്. പിന്നീട്, പത്രത്തില്‍ ആധാരം നഷ്ടപ്പെട്ടു എന്ന് കാണിച്ച്‌ ഒരു പരസ്യം നല്‍കുക. എന്നു മാത്രമല്ല ആരുടെയെങ്കിലും കൈവശം ആധാരം ലഭിച്ചിട്ടുണ്ടെങ്കില്‍ 15 ദിവസത്തിനകം അത് തിരികെ ഏല്‍പ്പിക്കണമെന്ന കാര്യവും പരസ്യത്തില്‍ പരാമര്‍ശിക്കേണ്ടതുണ്ട്. ആ ആധാരത്തിനു മുകളില്‍ ചെയ്യുന്ന യാതൊരുവിധ പ്രവര്‍ത്തികള്‍ക്കും ഉടമസ്ഥന്‍ ബാധ്യസ്ഥനല്ല എന്ന കാര്യവും നല്‍കേണ്ടതുണ്ട്.

ഈ പരസ്യത്തിന്റെ കോപ്പി, ഓഫീസില്‍ നിന്നും ലഭിക്കുന്ന ആധാരത്തിന്റെ കോപ്പി എന്നിവ ഒരു ആധാരത്തിനു തുല്യമായ കോപ്പിയായി സൂക്ഷിക്കാവുന്നതാണ്. കൂടാതെ ആധാരം നഷ്ടപ്പെടുകയാണെങ്കില്‍ പലരും ചെയ്യുന്നത് ആധാരത്തില്‍ നല്‍കിയിട്ടുള്ള വസ്തു കുടുംബത്തിലെ മറ്റാരുടെയെങ്കിലും പേരില്‍ എഴുതി വയ്ക്കുക എന്നതാണ്. ഇത് കുറച്ചുകൂടി സുരക്ഷിതമാണ്.ഇങ്ങനെ ചെയ്യുന്നതിലൂടെ ആ വസ്തു മറ്റാര്‍ക്കും കൈമാറ്റം ചെയ്യപ്പെടാന്‍ സാധിക്കാത്ത അവസ്ഥ വരും.

അതുകൊണ്ട് കുടുംബത്തില്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ആളുടെ പേരില്‍ പത്രപരസ്യ കോപ്പി, ഓഫീസില്‍ നിന്നും ലഭിക്കുന്ന ആധാരത്തിലെ കോപ്പി, ആരുടെ പേര്‍ക്കാണ് വസ്തു മാറ്റി കൊടുത്തത് എന്നിവ പ്രൂഫ് ആയി സൂക്ഷിക്കാവുന്നതാണ്. ഒരു ഒറിജിനല്‍ ആധാരം നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്.


0 comments: