വേനലവധിക്ക് ശേഷം സ്‌കൂള്‍ തുറന്നതോടെ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമായുണ്ട്. പുസ്‌കങ്ങളുടെ ഉള്ളടക്കം, സിലബസ് തുടങ്ങി ദേശീയ, സംസ്ഥാന തലത്തിലെ വിവിധ വിഷയങ്ങള്‍ ഇത്തരത്തില്‍ ചര്‍ച്ചയാണ്. അതിനിടെ ചിലര്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ മുസ്ലീം പ്രീണനം നടക്കുന്നുവെന്ന് അവകാശപ്പെട്ട് ചില പോസ്റ്റുകളും പങ്കുവയ്ക്കുന്നുണ്ട്. മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പ് തുക നല്‍കുന്നു, ലോണിന് സബ്‌സിഡി നല്‍കുന്നു, മുസ്ലീം മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് പ്രത്യേക ഫണ്ട് എന്നു തുടങ്ങി സംസ്ഥാന സര്‍ക്കാര്‍ മുസ്ലീം വിവേചനം കാണിക്കുന്നു എന്നതാണ് പോസ്റ്റിലെ വിശദാംശം.എന്നാലിത് തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം(AFWA) കണ്ടെത്തി. പോസ്റ്റിലുള്ള വിവരങ്ങളില്‍ ഭൂരിഭാഗവും വ്യാജമാണ്.
AFWA അന്വേഷണം
പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്ന വിവരങ്ങളില്‍ ആദ്യത്തേത് ലംപ്‌സം ഗ്രാന്റ് സംബന്ധിച്ചാണ്.
1. എന്താണ് ലംപ്‌സം ഗ്രാന്റ്, ആര്‍ക്കാണ് ഇത് ലഭിക്കുന്നത്?
സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരം അനുസരിച്ച് SC/ST, OEC വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണ് ലംപ്‌സം ഗ്രാന്റിന് അര്‍ഹതയുള്ളവര്‍. പട്ടികജാതി/ പട്ടികവര്‍ഗ വികസന വകുപ്പാണ് ഇത് നല്‍കുന്നത്.
സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളകളിലും അംഗീകൃത സ്വകാര്യ സ്‌കൂളുകളിലും പഠിക്കുന്ന ഈ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റിന് അര്‍ഹതയുണ്ട്. ഇതിനായി സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കണം. നഴ്‌സറി ക്ലാസുകളില്‍ പ്രതിമാസം 150 രൂപ, എല്‍പി-320, യുപി-630, ഹൈസ്‌കൂള്‍- 940 എന്നിങ്ങനെയാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ഗ്രാന്റ് തുക. ഹയര്‍സെക്കന്ററി- 1130 രൂപ, ഡിഗ്രി-1190, പിജി-1570 എന്നിങ്ങനെയാണ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ലംപ്‌സം ഗ്രാന്റ്. OEC വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്റ് ആയിട്ടാണ് തുക ലഭിക്കുക.
2. മുസ്ലീം സ്‌കോളര്‍ഷിപ്പ്
മുസ്ലീം വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയുണ്ടോ എന്നത് പരിശോധിച്ചു. സ്‌കൂളുകളില്‍ മുസ്ലീം/നാടാര്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉണ്ട്. എന്നാലിത് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതുപോലെ 500 രൂപയല്ല, പ്രതിമാസം 125 രൂപയാണ്. നല്‍കുന്നത് കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പാണ്.
ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തുന്ന സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്. പഠിക്കുന്ന കോഴ്‌സുകള്‍ അനുസരിച്ച് ഇവയുടെ തുക ക്രമീകരിച്ചിട്ടുണ്ട്. ഡിഗ്രി/പിജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഫീസ് തുക അനുസരിച്ചാണ് സ്‌കോളര്‍ഷിപ്പ് നിജപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത വരുമാനപരിധിക്ക് ഉള്ളിലുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമെ ഇത് ലഭിക്കൂ.
3. മുസ്ലീംങ്ങള്‍ക്ക് മാത്രമായി വിദ്യാഭ്യാസ വായ്പ
മതന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പ 3% എന്നാണ് പോസ്റ്റില്‍ പറയുന്ന മറ്റൊരു വിവരം. എന്നാലിത് അര്‍ധസത്യമാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ പലിശയിളവ് നല്‍കുന്നുണ്ട്. എന്നാലിത് കേരള സര്‍ക്കാരല്ല ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദി നാഷണല്‍ മൈനോരിറ്റി ഡവലപ്‌മെന്റ് ആന്റ് ഫിനാന്‍സ് കോര്‍പറേഷന്‍(NMDFC) ആണ് വിദ്യാഭ്യാസ ലോണകള്‍ക്കുള്ള പലിശനിരക്ക് നിശ്ചയിക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കില്ല.
ടെക്‌നിക്കല്‍/ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് 3% പലിശനിരക്കില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാലിത് എല്ലാവര്‍ക്കുമല്ല, ഒരു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള(ക്രെഡിറ്റ് ലൈന്‍-1) ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കാണ്. 6 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള(ക്രെഡിറ്റ് ലൈന്‍-2) ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടിക്ക് 5% , ആണ്‍കുട്ടികള്‍ക്ക് 8% എന്നിങ്ങനെയാണ് പലിശ നിരക്ക്. ആറ് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് പലിശ നിരക്ക് വീണ്ടും ഉയരും.
അതായത് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മറ്റ് സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്നതിനു സമാനമായി പലിശയിളവ് നല്‍കുന്നുണ്ട്. കേരള സ്റ്റേറ്റ് മൈനോരിറ്റീസ് ഡെവലപ്‌മെന്റ് ആന്റ് ഫിനാന്‍സ് കോര്‍പറേഷന്‍(KSMDFC) വഴിയാണ് ധനസഹായം നല്‍കുന്നതെങ്കിലും പദ്ധതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം NMDFCയ്ക്കാണ്. അതേസമയം, ബാങ്കുകള്‍ നല്‍കുന്ന ലോണുകള്‍ക്ക് ഇത്തരത്തില്‍ പ്രത്യേക പരിഗണനകളൊന്നുമില്ല.
4. സിവില്‍ സര്‍വീസ്, IIT/IIM സ്‌കോളര്‍ഷിപ്പ്
സിവില്‍ സര്‍വീസ് സ്‌കോളര്‍ഷിപ്പ് ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ 30,000 രൂപ ലഭ്യമാകും. എന്നാലിത് മുസ്ലീം വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല എല്ലാ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കും ഇത് ലഭ്യമാണ്.
ഐഐടി/ഐഐഎം പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 7000 രൂപയാണ് പ്രതിവര്‍ഷം നല്‍കുന്ന സ്റ്റൈഹോസ്റ്റല്‍ ഫീസ് ആയി 13,000 രൂപ നല്‍കും. എന്നാല്‍ ഇവയില്‍ ഏതെങ്കിലും ഒന്നുമാത്രമെ ഒരാള്‍ക്ക് ലഭിക്കൂ. എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ളവരും, 50% ന് മുകളില്‍ മാര്‍ക്ക് നേടിയവരും ആയിരിക്കണമെന്നാണ് ഇതിന്റെ വ്യവസ്ഥ.
5. മുസ്ലീം മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് 50 ലക്ഷം
മുസ്ലീം മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ വരുന്ന സ്‌കൂളുകള്‍ക്ക് പ്രത്യേകമായി 50 ലക്ഷം നല്‍കുന്നുവെന്നതും തെറ്റായ വിവരമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എയ്ഡഡ് സ്‌കൂളുകളിലെ കെട്ടിട നിര്‍മാണത്തിന് ഫണ്ട് നല്‍കുന്നുണ്ട്. ഇതിന് സര്‍ക്കാര്‍ വിഹിതമായി 50 ലക്ഷം രൂപ നല്‍കും. എന്നാലിത് മുസ്ലീം മാനേജ്‌മെന്റുകള്‍ക്ക് മാത്രമല്ല. എല്ലാ സ്‌കൂളുകള്‍ക്കും ലഭിക്കും.
6. മദ്രസ നവീകരണം
മദ്രസകളിലെ വിദ്യാഭ്യാസം സംബന്ധിച്ച് നിരവധി പ്രചാരണങ്ങള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ സജീവമാകാറുണ്ട്. മദ്രസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ശമ്പളം, നവീകരണത്തിന് പ്രത്യേക ഫണ്ട് തുടങ്ങിയ വിവരങ്ങള്‍ വ്യാജമാണ് .
മുസ്ലീം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാകുന്നതിന് ഡെപ്യട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ എസ്. സന്തേഷ് കുമാറിനെ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ വിവരം അനുസരിച്ച് മുസ്ലീം വിഭാഗത്തിന് മാത്രമായി പ്രത്യേക ഫണ്ട് കൊടുക്കുന്നുവെന്നത് തെറ്റായ വിവരമാണ്.
' ലംപ്‌സം ഗ്രാന്റ് SC/ST വിഭാഗത്തിലെ കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഇതു മാത്രമാണ് ഗ്രാന്റായി നല്‍കുന്നത്. ബാക്കിയെല്ലാം അപേക്ഷകള്‍ നല്‍കുന്നതനുസരിച്ച് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പാണ്. മുസ്ലീം കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ അര്‍ഹരായ കുട്ടികള്‍ നല്‍കുന്ന അപേക്ഷയ്ക്കനുസരിച്ചാണ് ഇത് നല്‍കുന്നത്. ഭൂരിപക്ഷ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഇത് നാല്‍കാനാവില്ലല്ലോ? മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാത്രമാണ് ധനസഹായം നല്‍കുന്നത്. മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വം എന്ന പേരില്‍ സ്‌കോളര്‍ഷിപ്പുണ്ട്. ഇത്തരത്തില്‍ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. ഇത്തവണത്തെ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച് അന്തിമ രൂപമായി വരുന്നതായാണ് ഞാന്‍ മനസിലാക്കുന്നത്. സാമ്പത്തിക ഭദ്രത കുറഞ്ഞ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഏതെങ്കിലും രീതിയിലുള്ള സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിവധ വകുപ്പുകള്‍/ ബോര്‍ഡുകള്‍ തുടങ്ങി സാധ്യമായ എല്ലാ വഴികളും ഇതിനായി തേടുന്നുണ്ട്.
മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഗ്രാന്റിനെ സംബന്ധിച്ചും കൃത്യമായ വിവരമുണ്ട്. ഇത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി നല്‍കുന്നില്ല. കെട്ടിട നിര്‍മാണ ഫണ്ടാണ് ഇത്തരത്തില്‍ നല്‍കുന്നത്. ഇതിന് കൃത്യമായ ഡിപിആര്‍ തയാറാക്കി നടത്തുന്ന പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം സര്‍ക്കാര്‍ ഫണ്ടായി പരമാവധി തുകയായ 50 ലക്ഷം നല്‍കുകയാണ്. ബാക്കി വരുന്ന മുഴുവന്‍ തുകയും അതത് മാനേജ്‌മെന്റുകളാണ് വഹിക്കുന്നത്. ഇതിന് മാനേജ്‌മെന്റിന്റെ ജാതി/മത വ്യത്യാസമൊന്നുമില്ല. കൃത്യമായ ഡിപിആര്‍ തയാറാക്കി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സമര്‍പ്പിക്കുന്ന സ്‌കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കും. മറ്റുള്ളതെല്ലാം തെറ്റായ വിവരമാണ്.' ഡിഡിഇ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
0 comments: