2022, മാർച്ച് 17, വ്യാഴാഴ്‌ച

ന്യൂനപക്ഷ സ്കോളര്‍ഷിപ് ജനസംഖ്യാ ആനുപാതികമായി വീതംവെച്ച്‌ സര്‍ക്കാര്‍

 

സച്ചാര്‍/ പാലോളി കമ്മിറ്റി ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നടപ്പാക്കിയ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വീതംവെച്ച്‌ സര്‍ക്കാര്‍. നിയമസഭയില്‍ പി. ഉബൈദുല്ല നല്‍കിയ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് സ്കോളര്‍ഷിപ് ജനസംഖ്യാനുപാതികമായി വീതംവെച്ച കണക്ക് പുറത്തുവന്നത്.

ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിലാണ് ജനസംഖ്യാനുപാതികമായ വീതംവെപ്പ് പ്രകടമായത്. മൊത്തം 3505 പേര്‍ക്കാണ് ഈ കാറ്റഗറിയില്‍ സ്കോളര്‍ഷിപ് അനുവദിച്ചത്. ഈ സ്കോളര്‍ഷിപ്പിനായി എസ്.എസ്.എല്‍.സി/ പ്ലസ് ടു കാറ്റഗറിയില്‍ മുസ്ലിം വിദ്യാര്‍ഥികളില്‍നിന്ന് 24764 പേരാണ് അപേക്ഷിച്ചത്.

ഇതില്‍ 22782 കുട്ടികളുടെ അപേക്ഷ സ്ഥാപനമേധാവികള്‍ അംഗീകരിച്ചപ്പോള്‍ സ്കോളര്‍ഷിപ് അനുവദിച്ചത് 2070 കുട്ടികള്‍ക്കാണ്. ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് 13084 പേര്‍ അപേക്ഷ സമര്‍പ്പിച്ചതില്‍ 11534 പേരുടെ അപേക്ഷയാണ് സ്ഥാപനമേധാവികള്‍ അംഗീകരിച്ചത്. 1433 പേര്‍ക്ക് സ്കോളര്‍ഷിപ് അനുവദിച്ചു.

മുസ്ലിം വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചത് ഈ കാറ്റഗറിയിലെ 59.05 ശതമാനമാണ്. ക്രിസ്ത്യന്‍ വിഭാഗത്തിന് 40.8 ശതമാനവും. കഴിഞ്ഞവര്‍ഷം വരെ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് 80 ശതമാനവും ലത്തീന്‍/ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് 20 ശതമാനവും അനുവദിച്ചിരുന്ന സ്കോളര്‍ഷിപ്പാണ് ഇപ്പോള്‍ ജനസംഖ്യാനുപാതികമാക്കി മാറ്റിയത്. ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പില്‍ യു.ജി/ പി.ജി വിദ്യാര്‍ഥികളുടെ കാറ്റഗറിയിലും അനുപാതമാറ്റം നടപ്പാക്കി. ഇതില്‍ 811 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് അനുവദിച്ചപ്പോള്‍ 479 എണ്ണം (59.05 ശതമാനം) മുസ്ലിം വിഭാഗത്തിലും 331 എണ്ണം (40.8 ശതമാനം) ക്രിസ്ത്യന്‍ വിഭാഗത്തിലുമാണ്.

കൂടുതല്‍ അപേക്ഷകരുള്ള സി.എച്ച്‌. മുഹമ്മദ് കോയ സ്കോളര്‍ഷിപ് വിതരണം പൂര്‍ത്തിയായിട്ടില്ലെന്ന മറുപടിയാണ് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയത്. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍/ പാലോളി കമ്മിറ്റി ശിപാര്‍ശകളില്‍ നടപ്പാക്കിയ സ്കോളര്‍ഷിപ്പുകള്‍ പൂര്‍ണമായും മുസ്ലിം വിദ്യാര്‍ഥികള്‍ക്കാണ് ആരംഭഘട്ടത്തില്‍ അനുവദിച്ചിരുന്നത്. ഇത് പിന്നീട് 80:20 അനുപാതത്തിലേക്ക് മാറ്റി. സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതിമാക്കണമെന്നാവശ്യപ്പെട്ട്  ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ സര്‍ക്കാറിനെ സമീപിച്ചു.

പിന്നീട് ഇവര്‍ ഹൈകോടതിയെ സമീപിച്ചതോടെ സര്‍ക്കാര്‍ നിശ്ചയിച്ച 80:20 അനുപാതം റദ്ദാക്കുകയും ജനസംഖ്യാനുപാതികമാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് സര്‍ക്കാര്‍ സ്കോളര്‍ഷിപ് പുതിയ അനുപാതത്തിലേക്ക് മാറ്റി ഉത്തരവിറക്കി. ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് കൂടുതല്‍ പേര്‍ക്ക് സ്കോളര്‍ഷിപ് നല്‍കാനായി അധിക തുക അനുവദിച്ചാണ് പുതിയ അനുപാതം നടപ്പാക്കിയത്. മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെതുടര്‍ന്ന്, അനുപാതം മാറ്റിയ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചിട്ടില്ല.

0 comments: