2022, മാർച്ച് 25, വെള്ളിയാഴ്‌ച

ശ്രദ്ധിക്കുക! മാർച്ച് 31ന് മുൻപ് മിനിമം തുക നിക്ഷേപിച്ചില്ലെങ്കിൽ, ഈ അക്കൗണ്ടുകൾ നിഷ്ക്രിയമാകും

 


മാർച്ച് 31 പല സാമ്പത്തിക ഇടപാടുകളുടെയും പദ്ധതികളുടെ അവസാന തീയതിയാണ്. അതിനാൽ തന്നെ ഈ തീയതിക്കകം ഈ നടപടികൾ നിങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ ധനനഷ്ടമുണ്ടാകാനും കൂടാതെ, നിയമക്കുരുക്കുകൾക്കും കാരണമായേക്കാം. അതിനാൽ ഈ പദ്ധതികളിൽ നിങ്ങൾ അംഗമാണെങ്കിൽ മാർച്ച് 31നകം ഈ കാര്യങ്ങൾ പൂർത്തിയാക്കിയിരിക്കണം. എങ്കിൽ മാത്രമേ പദ്ധതിയുടെ ആനുകൂല്യങ്ങൾ സുഗമമായി നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.ഇത്തരത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട 3 പദ്ധതികളാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്- പിപിഎഫ് (Public Provident Fund - PPF), നാഷണൽ പെൻഷൻ സിസ്റ്റം- എൻപിഎസ് (National Pension System - NPS), സുകന്യ സമൃദ്ധി യോജന- എസ്.എസ്.വൈ (Sukanya Samriddhi Yojana - SSY)എന്നിവ.

അതായത്, സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ഈ പദ്ധതികളിൽ നിക്ഷേപിക്കേണ്ട മിനിമം തുക അടച്ചിരിക്കണം. അല്ലാത്ത പക്ഷം ഇവ നിഷ്ക്രിയമായി പോകാനുള്ള സാധ്യത കൂടുതലാണ്. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും പണം നിക്ഷേപിക്കാവുന്ന പദ്ധതികളാണ് ഇവ മൂന്നും. എങ്കിലും മാര്‍ച്ച്‌ 31ന് മുന്‍പായി മിനിമം തുക നിക്ഷേപിച്ചിരിക്കണം എന്നതും നിർബന്ധമാണ്.

ഈ കാലയളവിൽ മിനിമം തുകയുടെ നിക്ഷേപം നടത്തിയാൽ മാത്രമേ പുതിയ നിക്ഷേപങ്ങള്‍ക്കായി ഇത് ക്രമപ്പെടുത്താൻ സാധിക്കുകയുള്ളൂ. മാത്രമല്ല, ഇവ നിഷ്‌ക്രിയമാകുന്നയാൽ പിന്നീട് ഈ അക്കൗണ്ടുകൾ വീണ്ടും സജീവമാക്കുന്ന പ്രക്രിയയ്ക്ക് പിഴ ഈടാക്കുമെന്ന് മാത്രമല്ല, കൂടുതൽ സമയമെടുക്കുന്ന നടപടികൾ കൂടിയാണിവ.

ഓരോ പദ്ധതികളെയും അവയിൽ മിനിമം തുക നിക്ഷേപിക്കുന്നതിനെ കുറിച്ചുള്ള മാനദണ്ഡങ്ങളെ കുറിച്ചും ചുരുക്കത്തിൽ വിവരിക്കാം.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (Public Provident Fund)

PPF അക്കൗണ്ടില്‍ ഒരു സാമ്പത്തിക വർഷം നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്. മാര്‍ച്ച്‌ 31ന് മുൻപ് ഈ തുക നിക്ഷേപിച്ചില്ലെങ്കില്‍ 50 രൂപ പിഴ അടക്കണം. അല്ലാത്ത പക്ഷം ഈ അക്കൗണ്ട് നിർത്തലാക്കുന്ന നടപടി സ്വീകരിക്കും.

സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana)

പെൺകുട്ടികൾക്കായുള്ള കേന്ദ്ര സർക്കാർ സേവിംഗ് സ്കീമാണ് സുകന്യ സമൃദ്ധി യോജന. ഈ പദ്ധതിയിൽ നിക്ഷേപിക്കേണ്ട മിനിമം തുക 250 രൂപയാണ്. അതായത്, ഒരു സാമ്പത്തിക വർഷത്തിൽ മിനിമം തുക നിക്ഷേപിച്ചില്ലെങ്കില്‍ അക്കൗണ്ട് നിഷ്ക്രിയമാകുന്നു. മാത്രമല്ല, ഏത് വർഷമാണോ നിങ്ങൾ നിക്ഷേപം നടത്തുന്നതിൽ പരാജയപ്പെട്ടത് ആ വർഷം മുതലുള്ള ഓരോ വർഷവും 50 രൂപ പിഴ ഈടാക്കേണ്ടതായി വരും.

നാഷണൽ പെൻഷൻ സിസ്റ്റം (National Pension System)

1,000 രൂപയാണ് എൻപിഎസ് അക്കൗണ്ട് ഉടമകൾ അടക്കേണ്ട മിനിമം തുക. ഈ തുക അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത് നിഷ്ക്രിയമാകും. പിന്നീട് പിഴയായി 100 രൂപ ഈടാക്കി മാത്രമേ അക്കൗണ്ട് പ്രവർത്തന സജ്ജമാക്കാൻ സാധിക്കുകയുള്ളൂ.

അതിനാൽ തന്നെ സാമ്പത്തിക വർഷത്തിന്റെ അവസാന തീയതിയായ മാർച്ച് 31ന് മുൻപ് ഈ നടപടികൾ പൂർത്തിയാക്കാൻ ഓർക്കുക.

0 comments: