2022, മാർച്ച് 26, ശനിയാഴ്‌ച

SSLC, HSE, VHSE പരീക്ഷകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍

 

സംസ്ഥാനത്ത് മാർച്ച് 30 ന് ആരംഭിക്കുന്ന ഹയർസെക്കന്ററി /വൊക്കേഷണൽ ഹയർസെക്കന്ററി തിയറി പരീക്ഷകളുടെയും മാർച്ച് 31 ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി തിയറി പരീക്ഷകളുടെയും ഒരുക്കങ്ങൾ പൂർത്തിയായി.പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങളുടെ അവലോകനം നടത്തി. 

പരീക്ഷകൾ കുറ്റമറ്റതായി തന്നെ നടത്തണമെന്ന് യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. 47 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാൻ തയാറെടുക്കുന്നത്. 1,92,000 അധ്യാപകരും 22,000 അനധ്യാപകരും പ്രക്രിയകളിൽ പങ്കാളികളാണ്. പരാതികളില്ലാതെ പരീക്ഷ നടത്താൻ ശ്രമിക്കണം. സ്കൂളുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി, എസ്.എസ്.എൽ.സിചോദ്യപേപ്പറുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിൽ സുരക്ഷയ്ക്കായി സജ്ജീകരണം ഏർപ്പെടുത്തണം. ഇവയുടെ വിതരണവും കുറ്റമറ്റതാകണം പൊതു പരീക്ഷകൾ ആരംഭിക്കാൻ ഇനി 4 ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ക്രമീകരണങ്ങളും 26 നു തന്നെ പൂർത്തിയാക്കും.

ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾക്ക് ആവശ്യമായ ഇൻവിജിലേറ്റർമാരെ ലഭ്യമാകാത്തപക്ഷം ബന്ധപ്പെട്ട ഡി.ഡി.ഇ. ഡി.ഇ.ഒമാർ, മറ്റ് അദ്ധ്യാപകരെ ഇതിലേയ്ക്കായി നിയമിച്ച് നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകൾ എത്തിക്കഴിഞ്ഞു.  പരീക്ഷാദിവസങ്ങളിൽ എല്ലാ വിദ്യാഭ്യാസ ആഫീസർമാരും പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിക്കുകയും മോണിറ്ററിംഗ് നടത്തുകയും ചെയ്യും.

കനത്ത വേനൽ ചൂട് ഉള്ളതിനാലും കോവിഡ് മൂലമുള്ള അസ്വസ്ഥതകൾ നിലനിൽക്കുന്നതിനാലും എല്ലാ കുട്ടികളും കുടിവെള്ളം കൊണ്ടു വരാൻ ശ്രമിക്കണം.പരീക്ഷയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ആവശ്യമായ കൗൺസിലിംഗ് പദ്ധതികൾ നടപ്പിലാക്കണം . വി.എച്ച്.എസ്.ഇ. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ സംബന്ധമായിട്ടുള്ള കൗൺസിലിംഗിനായി നിശ്ചിത ടെലഫോൺ നമ്പർ നൽകി കൊണ്ട് പരീക്ഷകൾ അവസാനിക്കുന്നതുവരെ 'ഹൗ ആർ യു ' എന്ന പ്രോഗ്രാം നടപ്പിലാക്കുന്നതാണ്.

ഇതുപോലെ ഹയർസെക്കന്ററി വിഭാഗത്തിന് നിശ്ചിത ടോൾഫ്രീ നമ്പർ നൽകി കൊണ്ട് 'ഹെൽപ് ' എന്ന പ്രോഗ്രാം നടപ്പിലാക്കുന്നതാണ്. കഴിഞ്ഞ വർഷം നടപ്പിലാക്കിയതുപോലെ ഓരോ ഡി.ഡി.ഇ.തലത്തിലും ഒരു ഉദ്യോഗസ്ഥന് ചുമതല നൽകി കൊണ്ട് പരീക്ഷാ ഹെൽപ്പ് ഡെസ്ക് രൂപീകരിക്കും. തദ്ദേശസ്ഥാപനങ്ങൾ കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കുന്നതിനുവേണ്ടി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ ആർ.ഡി.ഡി. എ.ഡി. ഡി.ഇ.മാരും അവരുടേതായ തനത് പദ്ധതികൾ ഇതിനായി നടപ്പിലാക്കിയിട്ടുണ്ട്.

2022 മാർച്ചിലെ എസ്.എസ്.എൽ.സി. തിയറി പരീക്ഷ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. ഹയർസെക്കന്ററി /വൊക്കേഷണൽ ഹയർസെക്കന്ററി തിയറി പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 26 ന് അവസാനിക്കുന്നു.  എസ്.എസ്.എൽ.സി. പരീക്ഷയോടനുബന്ധിച്ചുളള ഐ.റ്റി പ്രാക്ടിക്കൽ പരീക്ഷ മേയ് 3ന് ആരംഭിച്ച് മേയ് 10 ന് അവസാനിക്കും.

ഹയർസെക്കന്ററി /വൊക്കേഷണൽ ഹയർസെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ അവസാനത്തോടെ അല്ലെങ്കിൽ മേയ് ആദ്യം ആരംഭിക്കുന്നതാണ്. എസ്.എസ്.എൽ.സി. പരീക്ഷയുടെ മൂല്യനിർണ്ണയം മേയ് 11 ആരംഭിച്ച് പരീക്ഷഫലം ജൂൺ 10 നകം പ്രസിദ്ധീകരിക്കുന്നതാണ്. ഹയർസെക്കന്ററി /വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയം പൂർത്തീ കരിച്ച് ഫലം ജൂൺ മൂന്നാംവാരം പ്രസിദ്ധീകരിക്കുന്നതാണ്.

0 comments: