2022, മാർച്ച് 8, ചൊവ്വാഴ്ച

(MARCH 8)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


പ്ലസ് വൺ പരീക്ഷകൾ ജൂൺ 2 മുതൽ, ടൈം ടേബിൾ പ്രഖ്യാപിച്ചു

ഹയർ സെക്കൻഡറി പ്ലസ് വൺ, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ജൂൺ 2 നു ആരംഭിക്കും . പരീക്ഷ ടൈം ടേബിൾ ഹയർസെക്കണ്ടറി പോർട്ടലിൽ ലഭ്യമാണ്. ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ സിഇ മൂല്യനിർണയവും ടിഇ ടെർമിനൽ മൂല്യനിർണയവും ഉണ്ടായിരിക്കും. അധ്യയന വർഷത്തിൽ ഉദ്യോഗാർത്ഥിയുടെ പഠന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്  സിഇ മൂല്യനിർണ്ണയം. ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ ലഭിച്ച സ്‌കോറുകൾ രണ്ടാം വർഷത്തിലെ സർട്ടിഫിക്കറ്റിൽ ചേർക്കും കൂടാതെ ഒന്നും രണ്ടും വർഷ പരീക്ഷകളുടെ സംയോജിത സ്‌കോറുകളും അവിടെ ലഭിക്കുന്ന ഗ്രേഡുകളും ഉപരിപഠനത്തിനുള്ള ഉദ്യോഗാർത്ഥിയുടെ യോഗ്യത നിർണ്ണയിക്കും.

ജെഇഇയുടെ അതേ തീയതി പ്ലസ്ടു ഇംഗ്ലിഷ്, ഫിസിക്സ് പരീക്ഷ മാറ്റുന്നതു പരിഗണനയിൽ

ദേശീയ തലത്തിലുള്ള പ്രവേശനപരീക്ഷ (ജെഇഇ) നടക്കുന്ന ദിവസങ്ങളിലെ പ്ലസ്ടു പരീക്ഷകൾ മാറ്റുന്നതു സർക്കാർ പ രിഗണനയിൽ. ഏപ്രിൽ 18ന് നടക്കേണ്ട പാർട്ട് 1 ഇംഗ്ലിഷ്, 20 നുള്ള ഫിസിക്സ് പരീക്ഷകൾ മാറ്റുന്നതാണു പരിഗണിക്കുന്നത്. ജെഇഇയുടെ ആദ്യ അവസരം ഏപ്രിൽ 16 മുതൽ 21 വരെയാണ്..ഓരോ വിദ്യാർഥിക്കും ഒരു ദിവസം മാത്രമാണ് പരീക്ഷയെങ്കിലും ഈ ദിവസങ്ങൾക്കിടയിൽ ഏതു ദിവസമാണ് ലഭിക്കുകയെന്നയെന്ന് അഡ്മിറ്റ് കാർഡ് ലഭിക്കുമ്പോൾ മാത്രമാണ് അറിയാനാവുക.

വിദ്യർത്ഥികളിൽ നിന്നും ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങി ഉന്നത വിജയം നേടിയവരില്‍ നിന്നും ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അനുബന്ധ രേഖകളും സഹിതം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 0495 2372434

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാഫലം ഈയാഴ്ച വന്നേക്കും

സിബിഎസ്ഇ (CBSE) പത്ത്, പന്ത്രണ്ട് ക്ലാസ് ടേം വണ്‍ പരീക്ഷാഫലം ഈയാഴ്ച പ്രഖ്യാപിച്ചേക്കും. 2021 നടന്ന പരീക്ഷയുടെ ഫലമാണ് ഈ ആഴ്ച പ്രഖ്യാപിക്കാൻ സാധ്യതയുള്ളത്.  പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് ശേഷം വൈകാതെ തന്നെ പത്താംക്ലാസ് പരീക്ഷാഫലവും പുറത്തുവിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അപേക്ഷ ക്ഷണിച്ചു

കൈമനത്തുള്ള സര്‍ക്കാര്‍ വനിതാ പോളിടെക്നിക്ക് കോളേജിലെ കണ്ടിന്യൂയിംഗ്‌ എഡ്യൂക്കേഷന്‍ സെല്ലിന്റെ കീഴില്‍ ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ( ഡി.സി.എ ), ഡെസ്ക് ടോപ്പ് പബ്ളിഷിംഗ് (ഡി.ടി.പി), ഡേറ്റാ എന്‍ട്രി, ഓട്ടോകാര്‍ഡ്, ടാലി, ബ്യൂട്ടീഷ്യന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിശദ വിവരങ്ങള്‍ക്കായി നേരിട്ടോ 0471-2490670 എന്ന ഫോണ്‍ നമ്ബറിലോ ഉടന്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഡി.സി.എ ആറാം ബാച്ച് പരീക്ഷ മെയ് 16ന് ആരംഭിക്കും

സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്‌സ് ആറാം ബാച്ചിന്റെ പൊതു പരീക്ഷ  മെയ് 16ന് ആരംഭിക്കും. പ്രായോഗിക പരീക്ഷ മെയ് 16 മുതൽ 19 വരെയും തിയറി പരീക്ഷ മെയ് 23 മുതൽ 27 വരെയും അതാത് പഠന കേന്ദ്രങ്ങളിൽ നടത്തും.പരീക്ഷാ ഫീസ് പിഴ കൂടാതെ മാർച്ച് 9 മുതൽ മാർച്ച് 18 വരെയും 20 രൂപ പിഴയോടെ മാർച്ച് 19 മുതൽ 23 വരെയും സ്‌കോൾ കേരള വെബ്‌സൈറ്റ് മുഖേന (www.scolekerala.org) ഓൺലൈനായോ, വെബ്‌സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്‌തെടുക്കുന്ന പ്രത്യേക ചെലാനിൽ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേന ഓഫ്‌ലൈനായോ അടയ്ക്കാം.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ.ഹിസ്റ്ററി, എം.എ. ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് (എസ്.ഡി.ഇ.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഞഅഘ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ 12 വിദ്യാര്‍ത്ഥികളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്‌സിന്റെ കോര്‍ ബയോകെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 15 മുതല്‍ അതാത് കേന്ദ്രങ്ങളില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി കോഴ്‌സിന്റെ കോവിഡ് സ്‌പെഷ്യല്‍ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 10, 11 തീയതികളില്‍ കൊല്ലം എസ്.എന്‍. കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (കരിയര്‍ റിലേറ്റഡ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 15 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (വൊക്കേഷണല്‍ മൈക്രോബയോളജി), ബി.എസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) കെമിസ്ട്രി എന്നീ കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. ജനുവരി 2021 (കോവിഡ് സ്‌പെഷ്യല്‍) പ്രാക്ടിക്കല്‍ പരീക്ഷ 2022 മാര്‍ച്ച് 10 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 15 ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ ബി.എ.എം.എസ്. (മേഴ്‌സിചാന്‍സ് – 2009 അഡ്മിഷന്‍), ഒക്‌ടോബര്‍ 2021, ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 17 ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ എം.ബി.ബി.എസ്. പാര്‍ട്ട് കക (മേഴ്‌സിചാന്‍സ് – 2008 അഡ്മിഷന്‍), ജനുവരി 2022 ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (മേഴ്‌സിചാന്‍സ് 2010, 2011 & 2012 അഡ്മിഷന്‍) പരീക്ഷകള്‍ മാര്‍ച്ച് 21 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 21 ന് ആരംഭിക്കുന്ന ബി.പി.എഡ്. (ദ്വിവത്സര കോഴ്‌സ് – 2020 സ്‌കീം) ഒന്നാം സെമസ്റ്റര്‍ (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല മാര്‍ച്ച് 31 മുതല്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി., ഒക്‌ടോബര്‍ 2021 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 23 ന് ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്), 2022 ഏപ്രില്‍ 8 ന് ആരംഭിക്കുന്ന മൂന്നും നാലും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്), ജനുവരി 2022 പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല ഏപ്രില്‍ 18 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 16 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 19 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 22 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (മേഴ്‌സിചാന്‍സ് 2010, 2011, 2012 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 8 വരെയും 150 രൂപ പിഴയാടെ മാര്‍ച്ച് 11 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം ഫെബ്രുവരി 23 ന് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ആദ്യ പത്രക്കുറിപ്പ് ഫെബ്രുവരി 24 ന് നല്‍കിയിരുന്നു.

സി.എ.സി.ഇ.ഇ. വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല സെന്റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ആന്റ് എക്സ്റ്റന്‍ഷന്‍ (സി.എ.സി.ഇ.ഇ.) പെരിങ്ങമ്മല ഇക്ബാല്‍ കോളേജില്‍ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.) കോഴ്‌സിലേക്കുളള അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കാലാവധി: 6 മാസം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 12, ഉയര്‍ന്ന പ്രായപരിധി ഇല്ല. കോഴ്‌സിന് ചേരുന്നതിനുള്ള അപേക്ഷാഫോം ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക്: 9846671765/7012839897

കേരളസര്‍വകലാശാല സെന്റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ആന്റ് എക്സ്റ്റന്‍ഷന്‍ (സി.എ.സി.ഇ.ഇ.) കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജില്‍ നടത്തുന്ന ആറുമാസ കാലാവധിയുളള സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.എല്‍.ഐ.എസ്‌സി.) കോഴ്‌സിനും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.) കോഴ്‌സിനും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ്ടു, പ്രായപരിധി ഇല്ല. അപേക്ഷാഫോം 100 രൂപയ്ക്ക് കോളേജിലെ കമ്പ്യൂട്ടര്‍ ലാബില്‍ നിന്നും ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16 വൈകിട്ട് 3 മണി വരെ. അടിസ്ഥാനയോഗ്യതയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രസ്തുത കോഴ്‌സ് മാര്‍ച്ച് 17 മുതല്‍ ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495825335

എംജി സർവകലാശാല

പരീക്ഷാ തീയതി

ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എസ്.സി. – മെഡിക്കൽ മൈക്രോബയോളജി (2008-2014 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് 23 ന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 10 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 14 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് വിദ്യാർത്ഥികൾ 5250 രൂപ സ്‌പെഷ്യൽ ഫീസായി പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമേ അടയ്ക്കണം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

നാലാം വർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (2015 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 16 ന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 10 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 11 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 12 നും അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാഭ്യാസ പഠനവകുപ്പില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ 15-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം. education. uoc.ac.in എന്ന വെബ്‌സൈറ്റില്‍ നിര്‍ദ്ദേശിച്ച രേഖകളോടും തയ്യാറെടുപ്പുകളോടും കൂടി വേണം ഹാജരാകാന്‍.

പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് കോഴിക്കോട് സെന്റ് ജോസഫ്‌സ് ദേവഗിരി കോളേജ് പരീക്ഷാ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്ത് കിളിയനാട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് സെന്ററായി ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് വീണ്ടും ഡൗണ്‍ലോഡ് ചെയ്ത് പുതുതായി അനുവദിച്ച സെന്ററുകളില്‍ പരീക്ഷക്ക് ഹാജരാകണം.

ബി.എഡ്. പ്രാക്ടിക്കല്‍ പരീക്ഷ

ബി.എഡ്. മാര്‍ച്ച് 2022 പ്രാക്ടിക്കല്‍ പരീക്ഷ 9-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും മൂന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 21 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എ. സോഷ്യോളജി നാലാം സെമസ്റ്റര്‍, അവസാന വര്‍ഷ (എസ്.ഡി.ഇ.) ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 കണ്ണൂർ സർവകലാശാല

നാലാം സെമസ്റ്റർ ബിഎസ്ഡബ്ല്യു., ബി. എ. അഫ്സൽ ഉൽ ഉലമ, ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം 09.03.2022 ന് ഉച്ച കഴിഞ്ഞ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകും. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 21.03.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എ. ഹിസ്റ്ററി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 18.03.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഹാൾടിക്കറ്റ്

14.03.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം. ബി. എ. റെഗുലർ/സപ്ലിമെന്ററി, ഒക്റ്റോബർ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാവിജ്ഞാപനം

രണ്ടാം സെമസ്റ്റർ ബി. എ. ഇക്കണോമിക്സ്, ബി. എസ് സി. മാത്തമാറ്റിക്സ് റെഗുലർ (സ്പോട്സ് സ്പെഷ്യൽ), ഏപ്രിൽ 2021 പരീക്ഷകൾക്ക് 15.03.2022 വരെ പിഴയില്ലാതെയും 21.03.2022 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

സ്വയം സാക്ഷ്യപ്പെടുത്താം

പരീക്ഷകൾക്കുള്ള അപേക്ഷകളും ഹോൾടിക്കറ്റും പരീക്ഷാർഥികൾക്ക് സ്വയം സാക്ഷ്യപ്പെടുത്താം. സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച ഗവ. അംഗീകൃത തിരിച്ചറിയൽ രേഖ നിർബന്ധമായും ഹാജരാക്കണം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.


0 comments: