2022, മാർച്ച് 8, ചൊവ്വാഴ്ച

കേരള ബാങ്കില്‍ വിവിധ തസ്തികകളില്‍ ഒഴിവ്; 1200 പേര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്ക്കാലിക നിയമനം

 


കേരള ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് ഒഴിവ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനത്തിനായി 1200 പേരെ നിയമിക്കും.പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്ഥിരം ജോലിക്കായി ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത് വരെ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള ക്രമീകരണത്തിന്റെ ഭാഗമായാണ് താത്ക്കാലിക നിയമനം.

'ബാങ്ക്, ജീവനക്കാരുടെ കുറവ് നേരിടുന്നുണ്ട്. ഏകദേശം നാലിലൊന്ന് തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. റിക്രൂട്ട്മെന്റ് പിഎസ്സിക്ക് കൈമാറിയെങ്കിലും വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. എന്നാല്‍ ഈ സമയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി റിക്രൂട്ട് ചെയ്യുന്ന താത്കാലിക ജീവനക്കാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു,' ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. അംഗീകൃത ഡ്രാഫ്റ്റ് പി.എസ്.സിക്ക് കൈമാറി. ഓരോ മാസവും ഓഫീസ് അറ്റന്‍ഡര്‍ മുതല്‍ മാനേജര്‍ പോസ്റ്റില്‍ വരെ വിവിധ തസ്തികകളിലായി 65-73 പേരുടെ വിരമിക്കലിന് ബാങ്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. താത്കാലിക നിയമനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വായ്പാ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ അടുത്തിടെ ആരംഭിച്ച വിപുലമായ പദ്ധതിയെയും ഇത് ബാധിക്കും. "ആര്‍ബിഐയുടെ നിര്‍ദ്ദേശത്തിന് അനുസൃതമായി നിലവിലെ എന്‍പിഎ ആയ 18.64 ശതമാനം, 10 ശതമാനത്തില്‍ താഴെ കൊണ്ടുവരണം. ഇല്ലെങ്കില്‍ പുതിയ ശാഖകള്‍ തുറക്കുന്നത് പോലുള്ള വിപുലീകരണ പരിപാടികള്‍ക്ക് ആര്‍ബിഐ ക്ലിയറന്‍സ് നല്‍കില്ല," അദ്ദേഹം പറഞ്ഞു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ തൊഴില്‍ രജിസ്ട്രേഷനില്‍ വന്‍ ഇടിവ് നേരിട്ട സാഹചര്യത്തിലാണ് ബാങ്കിന്റെ റിക്രൂട്ട്മെന്റ്. തൊഴില്‍ വകുപ്പിന്റെ തത്സമയ രജിസ്റ്ററിലെ ആളുകളുടെ എണ്ണം 2021 ഡിസംബര്‍ 31 വരെ 29.31 ലക്ഷമായിരുന്നു. ആറ് മാസം മുമ്ബ് ഇത് 37.77 ലക്ഷമായിരുന്നു.

സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്ന് അറിയപ്പെട്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.റ്റി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്.ബി.ഐ) ലയിച്ചതിനു പിന്നാലെയാണ് കേരള ബാങ്ക് രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചത്. എസ്.ബി.ഐ രാജ്യത്തെ ഒന്നാംനിര പൊതുമേഖലാ ബാങ്കിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ലഭിക്കില്ലെന്ന വാദമുയര്‍ത്തിയാണ് കേരള ബാങ്ക് രൂപീകരണ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കൂട്ടിച്ചേര്‍ത്താണ് കേരള ബാങ്ക് രൂപീകരിച്ചത്. പ്രൈമറി, ജില്ലാ, സംസ്ഥാന തലങ്ങളിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ കൂട്ടിച്ചേര്‍ത്താണ് കേരള ബാങ്കിന്റെ രൂപീകരണം. 

0 comments: